കോഴിക്കോട്: നല്ല ചൂടുള്ള കട്ടനും, കാടമുട്ടയും, ഐസൂരതിയും ഉപ്പിലിട്ട മാങ്ങയും പേരക്കയും.. കോഴിക്കോട് ബീച്ചിലെത്തിയാൽ കൊതിയൂറും വിഭവങ്ങൾ കിട്ടിയിരുന്ന ഉന്തുവണ്ടികൾ മണലിൽ പുതഞ്ഞിട്ട് മാസം ഏഴായി. കൊവിഡ് മഹാമാരിയായെത്തിയതോടെ രുചിയുടെ നഗരത്തിലെത്തുന്നവരെല്ലാം ഓടിമറഞ്ഞു. ഇതോടെ ഉന്തുവണ്ടിക്കാരുടെ ജീവിതവും ഇരുൾപരപ്പിലായി. ഉന്തുവണ്ടികളെ ആശ്രയിച്ച് ജീവിക്കുന്ന നിരവധി കുടുംബങ്ങളാണ് കോഴിക്കോടുള്ളത്. ടൂറിസ്റ്റ് കേന്ദ്രങ്ങൾക്ക് താഴ് വീണ കൂട്ടത്തിൽ ബീച്ചിലും നിയന്ത്രണം വന്നതോടെ ഉന്തുവണ്ടിക്കാരുടെ വരുമാനവും നിലച്ചു. പലരും അടച്ചുപൂട്ടി. ക്ഷേമനിധിയിൽ അംഗങ്ങളായവർക്ക് ലോക്ക് ഡൗൺ കാലത്ത് സർക്കാർ നൽകിയ ആയിരം രൂപ ആശ്വാസമായെങ്കിലും അടുക്കള പുകയണമെങ്കിൽ ജോലി ചെയ്തേ മതിയാകൂ. ഏഴ് മാസത്തോളമായി അനക്കമില്ലാതിരുന്ന ഉന്തുവണ്ടികളിൽ പലതും തുരുമ്പെടുത്ത് കഴിഞ്ഞു. ഉപ്പു കാറ്റേൽക്കുന്നതിനാൽ വർഷത്തിൽ നാല് തവണയെങ്കിലും പെയിന്റടിച്ച് വൃത്തിയാക്കണമെന്ന് കച്ചവടക്കാർ പറയുന്നു. ബീച്ചിന് പുറത്ത് കച്ചവടം നടത്താൻ അനുമതിയുണ്ടെങ്കിലും പൊലീസ് അനുവദിക്കാത്തത് തിരിച്ചടിയായി. കച്ചവടക്കാരിൽ ഭൂരിഭാഗവും മദ്ധ്യവയസ്ക്കരായതിനാൽ വേറെ തൊഴിൽ കണ്ടെത്തുകയും പ്രയാസമാണ്.
" ഏഴ് മാസമായി കെട്ടിപൂട്ടിയിട്ടിരിക്കുകയാണ് ഉന്തുവണ്ടി, ഇടയ്ക്ക് തുറന്ന് നോക്കി പോന്നു, ഇനി എന്ന് തുറക്കാൻ പറ്റുമെന്ന് അറിയില്ല. നഗരത്തിന് പുറത്ത് കച്ചവടം ചെയ്യാൻ പൊലീസ് അനുവദിക്കുന്നില്ല'-
ഉസ്മാൻ, ഉന്തുവണ്ടി തൊഴിലാളി