തിരുവനന്തപുരം: 2004ൽ യു.ഡി.എഫിന് അടി തെറ്റിയ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ദിവസം ഉച്ചയ്ക്ക് തന്നെ, മുഖ്യമന്ത്രിസ്ഥാനം രാജി വച്ച് താൻ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിക്ക് രാജിക്കത്ത് നല്കുകയും, ഫാക്സ് അയയ്ക്കുകയും ചെയ്തിരുന്നതായി എ.കെ. ആന്റണി വെളിപ്പെടുത്തി.
പതിനാറ് വർഷത്തിന് ശേഷമുള്ള ആന്റണിയുടെ വെളിപ്പെടുത്തൽ, അന്ന് തന്റെ പിൻഗാമിയായി മുഖ്യമന്ത്രിപദത്തിലെത്തിയ ഉമ്മൻ ചാണ്ടിയുടെ നിയമസഭാംഗത്വ സുവർണജൂബിലി ആഘോഷവേളയിലായി എന്നതും യാദൃശ്ചികം. 2004 ആഗസ്റ്റ് 28നാണ് ഔദ്യോഗികമായി രാജിവച്ചത്. ഉമ്മൻചാണ്ടിക്ക് പോലും എന്റെ രാജി നാടകീയമായിരുന്നു. എന്നാലതു നാടകീയമല്ല. രാജി വയ്ക്കാനനുവദിക്കണമെന്നാവശ്യപ്പെട്ടത് 2004 ജൂലായ്13 നായിരുന്നു. ജൂലായ് രണ്ടാംവാരം ഡൽഹിയിലെത്തി സോണിയാഗന്ധിയെ കണ്ടപ്പോൾ അനുമതി കിട്ടി. അടുത്തതാരെന്ന് എന്നോട് ചോദിച്ചു. ഉമ്മൻചാണ്ടി തന്നെയെന്ന് പറഞ്ഞു. പിൻഗാമി ഉമ്മൻ ചാണ്ടിയാണെന്ന് ആരോടും പറഞ്ഞില്ല. രാജിക്കാര്യം പുറത്ത് പോയാൽ ചെയ്യാനുള്ളവ ചെയ്തുതീർക്കാനാവില്ല. 2002ൽ നിറുത്തലാക്കിയ സർക്കാർ ജീവനക്കാരുടെ ആനൂകുല്യങ്ങൾ പുനഃസ്ഥാപിക്കാനും മറ്റുമുണ്ടായിരുന്നു.
സോണിയാഗാന്ധിയുടെ കേരള സന്ദർശനം കഴിഞ്ഞ് രാജിയെന്നായിരുന്നു തീരുമാനം. 2004 ആഗസ്റ്റ് 28ന് സോണിയാഗാന്ധി എസ്.എൻ.ഡി.പി യോഗത്തിന്റെ പരിപാടിക്കായി കൊല്ലത്തെത്തി. സോണിയാഗാന്ധി പോയിക്കഴിഞ്ഞപ്പോൾ വിമാനത്താവളത്തിൽ വച്ച് രാജി പ്രഖ്യാപിച്ചു. സഹപ്രവർത്തകർക്കോ മാദ്ധ്യമപ്രവർത്തകർക്കോ കുടുംബാംഗങ്ങൾക്കോ ഏറ്റവും വിശ്വസ്തനായ ഉമ്മൻ ചാണ്ടിക്കോ അതുവരെയും അറിയില്ലായിരുന്നു. പിറ്റേന്ന് പാർലമെന്ററി പാർട്ടി നേതാവിനെ തിരഞ്ഞെടുക്കാനുള്ള യോഗത്തിന് രാവിലെ ഉമ്മൻചാണ്ടി കോട്ടയത്ത് നിന്ന് തിരിച്ചുവരുമ്പോൾ ഞാൻ ഫോണിൽ ഉമ്മൻചാണ്ടിയോട് അടുത്ത മുഖ്യമന്ത്രിയായിരിക്കുമെന്ന് പറഞ്ഞു. മുതിർന്ന നേതാക്കളോടും എം.എൽ.എമാരോടും പറഞ്ഞു. പാർലമെന്ററി പാർട്ടിയിൽ ഞാൻ ഉമ്മൻചാണ്ടിയെ നിർദ്ദേശിച്ചു.
ജീവനക്കാരുടെ ചില ആനുകൂല്യങ്ങൾ നിറുത്തിയതിനാണ് 2002ൽ 33 ദിവസം നീണ്ട എൻ.ജി.ഒ സമരമുണ്ടായത്. അന്ന് സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. എനിക്ക് ഡൽഹിക്കു പോകാനുള്ള വിമാന ടിക്കറ്റ് പോലും ട്രാവൽ ഏജൻസിക്ക് കുടിശ്ശിക വന്നതിനാൽ നിരസിച്ചു. പിന്നീട് ധനമന്ത്രി കെ. ശങ്കരനാരായണന്റെ കഠിനപ്രയത്നത്തിന്റെ ഫലമായി ധനസ്ഥിതി മെച്ചപ്പെടുകയും സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ പൂർണമായി പുനഃസ്ഥാപിച്ചു- ആന്റണി പറഞ്ഞു.