തുടർച്ചയായുണ്ടാകുന്ന വെള്ളപ്പൊക്കത്തിൽ മനം മടുത്ത് കുട്ടനാട്ടുകാരിൽ പലരും സുരക്ഷിത ഇടങ്ങൾ തേടി ഒഴിഞ്ഞുപോകുന്നു എന്ന വാർത്തകൾക്കിടയിലാണ് രണ്ടാം കുട്ടനാട് പാക്കേജ് പ്രഖ്യാപനവുമായി എൽ.ഡി.എഫ് സർക്കാർ എത്തുന്നത്. സർക്കാരിന്റെ നൂറുദിന കർമ്മപരിപാടികളിൽ ഉൾപ്പെടുത്തിയാണ് പാക്കേജ് നടപ്പാക്കാൻ പോകുന്നത്. അതിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വ്യാഴാഴ്ച നിർവഹിക്കുകയും ചെയ്തു. 2447 കോടി രൂപയാണ് പദ്ധതിക്കായി ചെലവഴിക്കുക. ആദ്യഘട്ടം പാക്കേജിനായി 1017 കോടി രൂപ ചെലവഴിച്ചിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതിന്റെ പ്രയോജനം എത്രത്തോളം അനുഭവവേദ്യമായിട്ടുണ്ടെന്ന കാര്യത്തിൽ തർക്കം നിൽക്കുകയാണ്. അതെന്തുമാകട്ടെ സംസ്ഥാനത്തിന്റെ നെല്ലറയായ കുട്ടനാടിന്റെ രക്ഷ സർക്കാരിന്റെ മുഖ്യ പരിഗണനയിൽത്തന്നെ എപ്പോഴുമുണ്ടെന്നുള്ളത് കുട്ടനാട്ടുകാർക്കു മാത്രമല്ല സംസ്ഥാനത്തെ മുഴുവൻ ജനങ്ങൾക്കും സന്തോഷം പകരുന്നു.
കുട്ടനാട്ടിലൂടെ ഓരോ വർഷവും ഒഴുകിപ്പോയ മഴവെള്ളം പോലെ തന്നെ ധാരാളം പണവും ഒഴുകിപ്പോയിട്ടുണ്ട്. സവിശേഷ പ്രത്യേകതകളുള്ള ഈ ഭൂഭാഗത്തിന്റെ തനിമയും പൈതൃകവും നിലനിറുത്തിക്കൊണ്ടുതന്നെ പ്രകൃതി ഭീഷണികളിൽ നിന്ന് അതിനെ കൈപിടിച്ചുയർത്തുന്നതിനുള്ള പദ്ധതികളാണ് മാറി മാറി അധികാരത്തിൽ വന്ന ഓരോ സർക്കാരും ശ്രമിച്ചിട്ടുള്ളത്. 2008 മുതലാണ് കുട്ടനാടിനായി രക്ഷാപാക്കേജ് നടപ്പാക്കിത്തുടങ്ങിയത്. രാജ്യം കണ്ട ഏറ്റവും ഉന്നതരായ കൃഷിശാസ്ത്രജ്ഞന്മാരിലൊരാളായ ഡോ. എം.എസ്. സ്വാമിനാഥൻ മുൻകൈയെടുത്തായിരുന്നു ആദ്യം അതു തുടങ്ങിയത്. മങ്കൊമ്പുകാരനായ ഡോ. സ്വാമിനാഥന് കുട്ടനാടിന്റെ ഭൂമിശാസ്ത്രവും കൃഷിരീതികളും ജൈവ വൈവിദ്ധ്യവുമൊന്നും ആരും പറഞ്ഞുകൊടുക്കേണ്ട ആവശ്യമില്ലായിരുന്നു. ഡോ. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ ഏറെ പഠനങ്ങൾക്കു ശേഷം തയ്യാറാക്കിയ റിപ്പോർട്ട് അടിസ്ഥാനമാക്കി ആവിഷ്കരിച്ച ഒന്നാം കുട്ടനാട് പാക്കേജ് നടപ്പാക്കുന്നതിൽ ആത്മാർത്ഥത കാണിച്ചിരുന്നെങ്കിൽ കുട്ടനാടിനും അവിടത്തെ കൃഷിക്കാർക്കും ജനങ്ങൾക്കും വളരെയധികം ഗുണം ലഭിക്കുമായിരുന്നു. എന്നാൽ വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപനമില്ലായ്മയും താത്പര്യക്കുറവും സർക്കാർ പദ്ധതികൾ നടപ്പാക്കുന്നതിൽ സ്വതേ കാണുന്ന ഉത്തരവാദിത്വമില്ലായ്മയുമെല്ലാം കാരണം ഒന്നാം പാക്കേജ് പരാജയപ്പെടുകയാണുണ്ടായത്. പാക്കേജിന്റെ ഭാഗമായി ഏറ്റെടുത്ത പല പദ്ധതികളും അപൂർണമായി അവസാനിപ്പിക്കേണ്ടിവന്നു. നടപ്പായവയിൽത്തന്നെ പലതും ഗുണത്തിനു പകരം ഏറെ ദോഷകരമായിത്തീരുകയും ചെയ്തു.
അടിക്കടി ഉണ്ടാകുന്ന വെള്ളപ്പൊക്കത്തിൽ നിന്ന് കുട്ടനാടിനെ രക്ഷിക്കുക എന്ന പ്രഥമ ലക്ഷ്യം ഇപ്പോഴും പദ്ധതി രേഖകളിൽ ശേഷിക്കുന്നതേ ഉള്ളൂ. 2018ലുണ്ടായ പ്രളയം കുട്ടനാടിനെ അമ്പേ വിഴുങ്ങിയെന്നു പറയാം. അതിന്റെ ദുരിതങ്ങൾ ഒഴിയും മുമ്പേ 2019-ലും പ്രളയം എത്തി. കൃഷിനാശവും ദുരിതവും തുടർക്കഥയായി ഈ വർഷകാലത്തും കുട്ടനാട്ടുകാരെ വേട്ടയാടി. അനേകം പേർ ഭവനരഹിതരായി.
പ്രളയമുണ്ടായാലും ഇല്ലെങ്കിലും കുട്ടനാട്ടുകാർ നേരിടുന്ന ജീവൽ പ്രശ്നങ്ങളിലൊന്ന് കുടിവെള്ളത്തിന്റെ അഭാവമാണ്. വെള്ളത്താൽ ചുറ്റപ്പെട്ടാണ് കഴിയുന്നതെങ്കിലും ശുദ്ധമായ കുടിവെള്ളം ഇന്നും അവർക്ക് വലിയ സ്വപ്നമാണ്. സംസ്ഥാനത്ത് അനേകം കുടിവെള്ള പദ്ധതികൾ വന്നിട്ടും കുട്ടനാട്ടുകാരുടെ കുടിവെള്ളത്തിനായുള്ള കാത്തിരിപ്പ് ഇനിയും സഫലമായിട്ടില്ല. പുതിയ കുട്ടനാട് പാക്കേജിലും കുട്ടനാട്ടിലെ പതിമൂന്നു പഞ്ചായത്തുകൾക്കായി 291 കോടി രൂപയുടെ ജലശുദ്ധീകരണ പ്ളാന്റ് സ്ഥാപിക്കുമെന്ന് പറയുന്നുണ്ട്. പദ്ധതികളിൽ ഏറ്റവും മുൻഗണന നൽകി നടപ്പിലാക്കേണ്ടത് ഇതാണ്. മലിനജലം അറിഞ്ഞുകൊണ്ടുതന്നെ ശുദ്ധജലമെന്നു മനസിൽ നിരൂപിച്ച് കുടിക്കേണ്ടിവരുന്ന കുട്ടനാട്ടുകാരുടെ നിസ്സഹായത പുറത്തുള്ളവർക്കു മനസിലാകില്ല. ജലശുദ്ധീകരണ പ്ളാന്റ് സ്ഥാപിക്കാനാവശ്യമായ ഒന്നര ഏക്കർ സ്ഥലം ഇനിയും കണ്ടെത്തേണ്ടതുണ്ട്. അതിനുള്ള നടപടികൾ വേഗത്തിൽ പൂർത്തിയാക്കണം. എല്ലാം 'മുറ" പോലെ നീങ്ങിയാൽ കാര്യം നടക്കില്ല.
കുട്ടനാട്ടിലെ സകല ജലാശയങ്ങളും അതിതീവ്രമായ തോതിൽ മലിനീകരണം നേരിടുന്നവയാണ്. എക്കലും ചെളിയും മാലിന്യങ്ങളും അടിഞ്ഞ് ഒഴുക്ക് തടസപ്പെട്ടതാണ് വെള്ളപ്പൊക്കം രൂക്ഷമാക്കുന്നത്. വേമ്പനാട്ടു കായൽ നേരിട്ടുകൊണ്ടിരിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾക്കു അടിയന്തര പരിഹാരം കാണുന്നതിനൊപ്പം കുട്ടനാട്ടിലെ എല്ലാ ജലവാഹിനികളുടെയും ഒഴുക്ക് സുഗമമാക്കാനാവശ്യമായ പ്രവൃത്തികളും യുദ്ധകാലാടിസ്ഥാനത്തിൽ ഏറ്റെടുക്കേണ്ടതുണ്ട്. തോട്ടപ്പള്ളിയിലേക്കുള്ള കനാലുകളുടെ ആഴം കൂട്ടൽ, ആലപ്പുഴ - ചങ്ങനാശേരി തോടിന്റെ സംരക്ഷണം തുടങ്ങിയവ ഇക്കൂട്ടത്തിൽ പ്രധാനമാണ്. വെള്ളപ്പൊക്ക നിയന്ത്രണത്തിന് പമ്പയിലും പുതിയ ക്രമീകരണങ്ങൾ വേണ്ടിവരും.
സ്വാഭാവിക ജലനിരപ്പിൽ നിന്നും താഴെ കൃഷിയിറക്കുന്ന ലോകത്തെ തന്നെ അപൂർവം പ്രദേശങ്ങളിലൊന്നാണ് കുട്ടനാട്. അതുകൊണ്ടുതന്നെ കുട്ടനാടിന്റെ വികസനവുമായി ബന്ധപ്പെട്ട ഏതു പദ്ധതിയും അതീവ സൂക്ഷ്മതയോടും ഉൾക്കാഴ്ചയോടും കൂടി വേണം നടപ്പിലാക്കാൻ. ഒന്നാം കുട്ടനാടു പാക്കേജിൽ ഉൾപ്പെടുത്തി കരിങ്കല്ലിൽ നിർമ്മിച്ച പുറം ബണ്ടുകൾ എത്രമാത്രം ദോഷം ചെയ്തുവെന്ന് ബോദ്ധ്യപ്പെട്ടതാണ്. പ്രകൃതിദത്തമായ സവിശേഷതകൾ നിലനിറുത്തിവേണം ഏതു പുതിയ സംരക്ഷണ മാർഗവും സ്വീകരിക്കാൻ.
കുട്ടനാടിന്റെ ഉന്നമനം ഉദ്ദേശിച്ചുള്ള ഏതു പദ്ധതിയുടെയും ലക്ഷ്യങ്ങളിലൊന്ന് കർഷകരുടെയും അവിടത്തെ ജനങ്ങളുടെയും താത്പര്യങ്ങൾ സംരക്ഷിക്കുക എന്നുള്ളതു തന്നെയാണ്. കൃഷിക്കാർക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പുചെയ്യുന്നതിനൊപ്പം മറ്റു ജനവിഭാഗങ്ങളുടെ ജീവിത നിലവാരവും ഉയരേണ്ടതുണ്ട്. കാലത്തിനനുസരിച്ചുള്ള മെച്ചപ്പെട്ട സാങ്കേതിക വിദ്യകൾ ഇന്ന് കുട്ടനാട്ടിലും എത്തിയിട്ടുണ്ട്. എങ്കിലും പമ്പിംഗും കൊയ്ത്തും മെതിയുമെല്ലാം ഇനിയും മെച്ചപ്പെടേണ്ടതുണ്ട്. കുട്ടനാടിനെ പ്രത്യേക കാർഷിക മേഖലയായി പ്രഖ്യാപിച്ചതുകൊണ്ടുമാത്രം കാര്യമായില്ല. അതിനു യോജിച്ച പരിഷ്കാരങ്ങളും കൊണ്ടുവരണം. 2018-ലെ വെള്ളപ്പൊക്കത്തെത്തുടർന്ന് കുട്ടനാടു വികസനത്തിനായി 750 കോടി രൂപയുടെ പദ്ധതികളാണ് പ്രഖ്യാപിച്ചത്. തൊട്ടു തലേ വർഷത്തെ ബഡ്ജറ്റിൽ ആയിരം കോടിയും. 2008-ലെ ആദ്യ കുട്ടനാട് പാക്കേജിന് കേന്ദ്രം പ്രഖ്യാപിച്ച 2139 കോടി രൂപയിൽ പകുതി പോലും പ്രയോജനപ്പെടുത്താനായില്ല. കൃഷി കഴിഞ്ഞാൽ വിനോദസഞ്ചാരത്തിനുള്ള അനന്തസാദ്ധ്യതകളുള്ള പ്രദേശമാണ് കുട്ടനാട്. ഭാവനാപൂർണമായ പദ്ധതികളിലൂടെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ വികസിപ്പിച്ചാൽ ഇപ്പോഴുള്ളതിന്റെ ഇരട്ടി വരുമാനമുണ്ടാക്കാം. എത്രയോ അധികം പേർക്ക് തൊഴിലവസരങ്ങളുണ്ടാകും. അടിസ്ഥാന സൗകര്യ വികസനത്തിന് പ്രത്യേക ഊന്നൽ നൽകി റോഡുകളും പാലങ്ങളും ബോട്ട് ജെട്ടികളും വിശ്രമകേന്ദ്രങ്ങളുമൊക്കെ നിർമ്മിക്കണം. ഇതിനൊക്കെ വേണ്ടിവരുന്ന പണം കുറഞ്ഞ നാളുകൾ കൊണ്ട് തിരികെ പിടിക്കാനാകും. രണ്ടാം കുട്ടനാട് പാക്കേജിന് ആദ്യത്തേതിന്റെ ദുർഗതി വരാതിരിക്കാൻ എല്ലാ വകുപ്പുകളും അതീവ ശ്രദ്ധ പുലർത്തണം.