കൊല്ലം: കെ.എം.എം.എല്ലിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ കേസിൽ ചവറ പൊലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ വാങ്ങിയ തൃശൂർ അയ്യന്തോൾ ശ്രേയസിൽ ഗീതാ രാജഗോപാലിനെതിരെ (ഗീതാറാണി-63) കൊട്ടാരക്കരയിലും കേസെടുത്തു. ഐ.എസ്.ആർ.ഒയിൽ ജോലി വാഗ്ദാനം ചെയ്ത് പത്തനംതിട്ട ചെങ്ങന്നൂർ മുളക്കുഴ സ്വദേശി അജികമലെന്ന യുവാവുൾപ്പെടെ ഏഴുപേരിൽ നിന്ന് 35 ലക്ഷംരൂപ തട്ടിയെടുത്തെന്നാണ് കേസ്. കൊട്ടാരക്കര സ്വദേശിയായ ഒരാളുടെ ഇടനിലയിലാണ് ഗീതാ രാജഗോപാൽ തട്ടിപ്പ് നടത്തിയത്. കഴിഞ്ഞ മാസം കൊട്ടാരക്കരയിൽ വച്ചാണ് ഇടനിലക്കാരുടെ സഹായത്തോടെ ഇവർ പണം തട്ടിയെടുത്തത്. ചവറയിൽ കെ.എം.എം.എൽ തട്ടിപ്പ് കേസിൽ ഗീതാ രാജഗോപാൽ അറസ്റ്റിലായ വിവരം പുറത്തായതോടെയാണ് ഐ.എസ്.ആർ.ഒ തട്ടിപ്പിനിരയായവരും പരാതിയുമായി പൊലീസിനെ സമീപിച്ചത്.