ന്യൂഡൽഹി: കോർപ്പറേറ്റുകൾക്കും വൻകിട വ്യവസായ മേഖലയ്ക്കും ബാങ്കുകൾ നൽകിയ വായ്പകളിൽ കിട്ടാക്കടം (നിഷ്ക്രിയ ആസ്തി - എൻ.പി.എ) കുറയുന്നു. കഴിഞ്ഞ രണ്ടുവർഷത്തിനിടെ ഈയിനത്തിൽ ഉണ്ടായ കുറവ് 31 ശതമാനമാണെന്ന് പാർലമെന്റിൽ ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയായി കേന്ദ്ര ധന സഹമന്ത്രി അനുരാഗ് താക്കൂർ പറഞ്ഞു.
2018 മാർച്ച് 31ലെ കണക്കുപ്രകാരം 6.35 ലക്ഷം കോടി രൂപയായിരുന്ന കിട്ടാക്കടം 2020 ജൂൺ 30 പ്രകാരം 4.36 ലക്ഷം കോടി രൂപയായാണ് കുറഞ്ഞത്. കേന്ദ്രസർക്കാർ നടപ്പാക്കിയ വിവിധ പദ്ധതികളിലൂടെ കഴിഞ്ഞ അഞ്ചുവർഷത്തിനിടെ 5.48 ലക്ഷം കോടി രൂപയുടെ കിട്ടാക്കടം ബാങ്കുകൾ തിരിച്ചുപിടിച്ചിട്ടുണ്ടെന്നും (റിക്കവറി) മന്ത്രി പറഞ്ഞു. 2018-19ൽ മാത്രം റിക്കവറി 1.56 ലക്ഷം കോടി രൂപയുടേതായിരുന്നു.
പൊതുമേഖലയിൽ
പ്രതിസന്ധി
ഈവർഷം മാർച്ച് 31ലെ കണക്കുപ്രകാരം പൊതുമേഖലാ ബാങ്കുകളിലെ മൊത്തം കിട്ടാക്കടം 6.44 ലക്ഷം കോടി രൂപയാണ്. വിവിധ മേഖലകളുടെ 'കിട്ടാക്കട പങ്ക്" ഇങ്ങനെ:
വ്യവസായം : ₹3.33 ലക്ഷം കോടി
കാർഷികം : ₹1.11 ലക്ഷം കോടി
ഭവന വായ്പ : ₹17,045 കോടി
വിദ്യാഭ്യാസ വായ്പ : ₹5,626 കോടി
മറ്റുള്ളവ : ₹1.77 ലക്ഷം കോടി
രാജ്യം വിട്ടവർ 38
വായ്പാ തട്ടിപ്പും തിരിമറിയും നടത്തി 2015 ജനുവരിക്കും 2019 ഡിസംബറിനും ഇടയിൽ രാജ്യം വിട്ട 38 പേർക്കെതിരെ സി.ബി.ഐ അന്വേഷണം നടക്കുന്നുണ്ടെന്ന് അനുരാഗ് താക്കൂർ പറഞ്ഞു. ഇതിൽ 20 പേർക്കെതിരെ റെഡ് കോർണർ നോട്ടീസുണ്ട്. 14 പേരെ തിരിച്ചെത്തിക്കാൻ അതത് രാജ്യങ്ങൾക്ക് അപേക്ഷ നൽകിയിട്ടുമുണ്ട്.