മലപ്പുറം: കൊവിഡിന്റെ പശ്ചാത്തലത്തിൽ തദ്ദേശ തിരഞ്ഞെടുപ്പ് നീട്ടിവയ്ക്കണമെന്ന ആവശ്യം തിരഞ്ഞെടുപ്പ് കമ്മിഷന് മുന്നിൽ സംസ്ഥാന സർക്കാർ ഉയർത്തിയിട്ടുണ്ടെങ്കിലും തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളുടെ സജീവതയിലാണ് ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും രാഷ്ട്രീയ പാർട്ടികളും. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്ന പ്രവർത്തനങ്ങൾ ഇതിനകം തന്നെ പൂർത്തിയായിട്ടുണ്ട്. പുതിയ അപേക്ഷകളും ഹിയറിംഗും ഓൺലൈനായതോടെ രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ വാർഡ്, ബൂത്ത് അടിസ്ഥാനത്തിൽ പരിശോധന നടത്തിയാണ് പേര് ചേർക്കൽ പൂർത്തിയാക്കിയത്. ഈ മാസം 23ന് വിചാരണ പൂർത്തിയാക്കി 26ന് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കും. ജില്ലയിലെ ഓരോ പഞ്ചായത്തിലും 500നും ആയിരത്തിനുമിടയിൽ പുതിയ വോട്ടർമാരെ ചേർക്കാനായെന്ന ആത്മവിശ്വാസത്തിലാണ് പാർട്ടികൾ. ചെറിയ വോട്ടുവ്യത്യാസം പോലും ഏറെ നിർണ്ണായകമാണെന്നതിനാൽ ഇക്കാര്യത്തിൽ വലിയ ജാഗ്രതയാണ് പാർട്ടികൾ കൈക്കൊണ്ടിട്ടുള്ളത്.
ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളുടെ അതിരുകളിൽ മാറ്റമില്ലാത്ത തിരഞ്ഞെടുപ്പെന്ന പ്രത്യേകത കൂടിയുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കൊണ്ടോട്ടി, താനൂർ, വളാഞ്ചേരി, തിരൂരങ്ങാടി, പരപ്പനങ്ങാടി നഗരസഭകൾ പുതുതായി നിലവിൽ വന്നിരുന്നു. ജനസംഖ്യാനുപാതികമായി ജില്ലയിൽ തദ്ദേശസ്ഥാപനങ്ങൾ രൂപവത്കരിക്കണമെന്ന ആവശ്യം അധിക സാമ്പത്തിക ബാദ്ധ്യത മുൻനിറുത്തി ഇത്തവണ സംസ്ഥാന സർക്കാർ പരിഗണിച്ചിട്ടില്ല. ഇതോടെ ജില്ലയിൽ അരലക്ഷത്തിലേറെ ജനസംഖ്യയുള്ള അഞ്ച് പഞ്ചായത്തുകളുണ്ടാവും. തൃക്കലങ്ങോട്, ആനക്കയം, പാണ്ടിക്കാട്, അങ്ങാടിപ്പുറം, മുന്നിയൂർ പഞ്ചായത്തുകളാണിവ. ഇതിന് പുറമെ 45,000ത്തിനും 50,000ത്തിനും ഇടയിൽ ജനസംഖ്യയുള്ള ഒമ്പത് പഞ്ചായത്തുകളുമുണ്ട്. എടവണ്ണ, കുറുവ, തിരുന്നാവായ, താനാളൂർ, കുറുവ, കുറ്റിപ്പുറം, വള്ളിക്കുന്ന് , വഴിക്കടവ്, വണ്ടൂർ, വേങ്ങര പഞ്ചായത്തുകളാണിത്. 23 പഞ്ചായത്തുകളിൽ 40,000ത്തിനും 50,000ത്തിനുമിടയിൽ ജനസംഖ്യയുണ്ട്. അതിർത്തികളിൽ പുനർനിർണ്ണയിക്കാതെ 2015ലെ സ്ഥിതിയിലാണ് തിരഞ്ഞെടുപ്പ് നടത്താനൊരുങ്ങുന്നത്
എണ്ണത്തിൽ മുന്നിൽ
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ തദ്ദേശസ്ഥാപനങ്ങളും വോട്ടർമാരുമുള്ളത് മലപ്പുറത്താണ്. 94 ഗ്രാമപഞ്ചായത്തുകളിലായി 1,778 വാർഡുകളും 15 ബ്ലോക്ക് പഞ്ചായത്തുകളിൽ 223 വാർഡുകളും ജില്ലാ പഞ്ചായത്തിൽ 32 വാർഡുകളും 12 നഗരസഭകളിൽ 479 വാർഡുകളുമുണ്ട്.