മലപ്പുറം: മന്ത്രി കെ.ടി.ജലീലിന്റെ രാജിയാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. സിവിൽ സ്റ്റേഷനിലെ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് നടന്ന ലാത്തിച്ചാർജ്ജിൽ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഷാജി പച്ചേരി, കെ.എസ്.യു സംസ്ഥാന സെക്രട്ടറി പി.റംഷാദ്, റിയാസ് ആനക്കയം, ഫൈസൽ, ജാഫർ കൊണ്ടോട്ടി എന്നിവരെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണിനും തലയ്ക്കുമാണ് ഇവർക്ക് പരിക്കേറ്റത്. ലാത്തിചാർജ്ജിൽ പരിക്കേറ്റ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ സി.കെ.ഹാരിസ്, നൗഫൽ ബാബു, പി.നിധീഷ്, കെ.പി.സി.സി മെമ്പർ പി.ഇഫ്തിക്കാറുദ്ദീൻ, സിദ്ദിഖ് പന്താവൂർ, രതീഷ് കൃഷ്ണ, സഫീർ ജാൻ, സുനിൽ പോരൂർ, മുഹമ്മദ് ഇസ്ലാഹ്, റാഷിദ് പൂക്കോട്ടൂർ, ലത്തീഫ് കൂട്ടാലുങ്ങൽ, ഫർഹാൻ , മഹേഷ് കൂട്ടിലങ്ങാടി എന്നിവരെ മലപ്പുറം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സമരം കെ.പി.സി.സി മെമ്പർ പി.ഇഫ്ത്തിക്കാറുദ്ദീൻ ഉദ്ഘാടനം ചെയ്തു. പൊലീസിനെ ഉപയോഗിച്ച് ജനാധിപത്യത്തെ മുഖ്യമന്ത്രി കശാപ്പ് ചെയ്യുകയാണെന്നും എല്ലാതരം സമരങ്ങളെയും തല്ലിയൊതുക്കാൻ ആസൂത്രിത ശ്രമമാണ് സർക്കാർ നടത്തുന്നതെന്നും ഇഫ്ത്തിക്കാറുദ്ദീൻ പറഞ്ഞു. മാർച്ചിൽ പങ്കെടുത്ത 150 പേർക്കെതിരെ കേസെടുത്തതായി മലപ്പുറം സി.ഐ പറഞ്ഞു.
യൂത്ത് കോൺഗസ് പ്രവർത്തകരെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് ഇന്ന് ജില്ലയിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ ദിനമാചരിക്കും. മണ്ഡലം ആസ്ഥാനങ്ങളിൽ പ്രതിഷേധ പ്രകടനങ്ങളും സംഘടിപ്പിക്കും. സമാധാനപരമായി സമരം നടത്തിയ പ്രവർത്തകരെ പൊലീസ് ക്രൂരമായാണ് മർദ്ദിച്ചതെന്നും ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്നും ഡി.സി.സി പ്രസിഡന്റ് വി.വി. പ്രകാശ് പറഞ്ഞു.