മാനന്തവാടി: വള്ളിയൂർകാവ് വരടിമൂല പണിയ കോളനിയിലെ പത്താംക്ലാസ് വിദ്യാർത്ഥിനി സബിത കൊച്ചു നൃത്താദ്ധ്യാപികയാണ്. പരിമിതികളെ അതിജീവിച്ചാണ് സബിതയുടെ നൃത്തവിദ്യാലയം. സഹോദരന്റെ മൊബൈൽ ഫോണുപയോഗിച്ച് യുട്യൂബിലൂടെ നൃത്തം പഠിച്ചാണ് സബിത കൂട്ടുകാരികളുടെ നൃത്താദ്ധ്യാപികയായത്. ഫീസൊന്നും വാങ്ങാതെ അഞ്ച് പേരെ സബിത ഇപ്പോൾ പഠിപ്പിക്കുന്നുണ്ട്. സ്വന്തം കുഞ്ഞ് വീട് അങ്ങിനെ നൃത്തവിദ്യാലയമായി. അടച്ചുറപ്പുള്ള വീടില്ല. ചോർന്നൊലിക്കുന്ന വീട്ടിൽ ടിവിയോ സ്വന്തമായി മൊബൈൽ ഫോണോ ഇല്ല. ഇതെല്ലാം സ്വപ്നമായി അവശേഷിക്കുമ്പോഴും സബിത നൃത്തവിദ്യാർത്ഥിനിയും അദ്ധ്യാപികയുമാണ്.
ആറാട്ടുതറ ഹൈസ്കൂളിൽ പഠിക്കുന്ന സബിത ചെറുപ്രായത്തിൽ മൂന്ന് വർഷത്തോളം നൃത്തമഭ്യസിക്കാൻ പോയിരുന്നു. പിന്നീട് സാമ്പത്തിക പ്രയാസം കാരണം പരിശീലനം നിർത്തിവെക്കേണ്ടിവന്നു.
എന്നാൽ നൃത്തത്തോടുള്ള താൽപ്പര്യം മനസ്സിൽ നിന്നും പോയില്ല. സഹോദരന്റെ മൊബൈൽ ഫോണിലെ യുട്യൂബിൽ നോക്കിയായി പഠനം. തൊഴിലുറപ്പ് ജോലി ചെയ്യുന്ന അമ്മ ചിത്ര പിന്തുണയുമായി മകൾക്കൊപ്പം നിന്നു. നൃത്തത്തിന്റെ വീഡിയോ കണ്ട അയൽവാസികളായ കുരുന്നുകൾക്കും നൃത്തം പഠിക്കാൻ മോഹം.
പത്താംക്ലാസ് പരീക്ഷയിൽ പരാജയപ്പെട്ട വിഷയം എഴുതിയെടുക്കണം ശാസ്ത്രീയ നൃത്തത്തിൽ കൂടുതൽ ഉയരങ്ങളിലെത്തണം. അതാണ് സബിതയുടെ ആഗ്രഹം.