തിരഞ്ഞെടുപ്പിൽ വിജയിക്കാൻ പല തന്ത്രങ്ങളും കേട്ടിട്ടുണ്ട്. ചവറ ഇത്തരത്തിൽ ഒത്തിരി തന്ത്രങ്ങൾക്കും കുതന്ത്രങ്ങൾക്കു സാക്ഷ്യം വഹിച്ചിട്ടുണ്ട്. അത്തരത്തിൽ ഒരു പഴയ സംഭവം ദാ ഇങ്ങനെ. 30 വർഷം മുൻപ് ബേബിജോൺ ചവറയിൽ കത്തി നിൽക്കുന്ന സമയം. ആർ.എസ്.പി അന്ന് ഇടതുമുന്നണിയിലാണ്. യു.ഡി.എഫ് ആവുന്ന പണി അൻപത്തിയെട്ടും നോക്കിയെങ്കിലും ചവറ സ്വന്തമാക്കൽ മരീചികയായി തുടരുന്ന കാലം.
ഇക്കുറി ബേബി ജോണിനെ അട്ടിമറിക്കണമെന്ന് കുറേ യുവാക്കൾ ചേർന്നങ്ങ് തീരുമാനമെടുത്തു. വൈകിട്ട് ചാരായം കഴിക്കാൻ പ്രചാരം കഴിഞ്ഞ് കുറെപ്പേർ ഒത്തുകൂടുമായിരുന്നു. ഇരുപക്ഷത്തെയും ആളുകളുണ്ടെങ്കിലും രണ്ടു പക്ഷവും രണ്ടിടത്തേ ഇരിക്കുമായിരുന്നുള്ളൂ. അതിനുള്ളിലാണ് തന്ത്രം രൂപപ്പെട്ടത്. ബേബിജോൺ എങ്ങനെ പോയാലും ജയിച്ചുകയറുന്ന ബൂത്തുകൾ കേന്ദ്രീകരിച്ച് തന്ത്രപരമായി നീങ്ങാൻ മറുപക്ഷത്തെ ഒരു കുറമുന്നണി തീരുമാനിച്ചു.
ഒന്ന് തള്ളിയാൽ ഇങ്ങോട്ട് മറിയുന്നവരെ ആദ്യം നിരീക്ഷിച്ചു. കുറെ പുരുഷന്മാരെ പട്ടയും കാശും കൊടുത്ത് രഹസ്യമായി ഇപ്പുറത്താക്കി. വീട്ടിലെ പെണ്ണുങ്ങൾ വലിയ പ്രശ്നമുണ്ടാക്കുന്നുവെന്ന് ആണുങ്ങൾ പറഞ്ഞപ്പോൾ ഈ പെണ്ണുങ്ങളെയൊക്കെ മെരുക്കാൻ ഒരു ബുദ്ധി കണ്ടെത്തി. തിരഞ്ഞെടുപ്പിന്റെ തലേന്ന് രാത്രി രഹസ്യമായി പെണ്ണുങ്ങൾക്കെല്ലാം ഓരോ സാരി കൊടുക്കാൻ ഉറച്ചു. അങ്ങനെ ഏതോ ഷാപ്പ് മുതലാളിയെ സമീപിച്ച് കാശ് വാങ്ങി പലയിടത്തായി സാരികൾ നൽകി. വോട്ടു കിട്ടുമെന്ന ഉറപ്പും കിട്ടി.
ബേബി ജോണിന്റെ തിരഞ്ഞെടുപ്പ് നേതാക്കൾ ഇക്കാര്യമറിഞ്ഞു. അവർ തിരിച്ച് മറുബുദ്ധി പ്രയോഗിച്ചു. സാരി കിട്ടിയവർ എന്തായാലും വോട്ട് ചെയ്യുമെന്ന് തോന്നുന്നില്ല. അവരുടെ വോട്ടിൽ കുറച്ചെങ്കിലും കിട്ടാൻ വേറെ സാരി കൊടുത്താലും രക്ഷയില്ല. സാരി കൊടുത്തതിന് തെളിവുമില്ല. പക്ഷേ സാരി കിട്ടിയ വീടെല്ലാം യുവപക്ഷം കൃത്യമായി കണ്ടെത്തി. ഇവിടെയെല്ലാം സ്ത്രീകളെ കണ്ട് സംസാരിക്കാൻ കുറെ മത്സ്യത്തൊഴിലാളി സത്രീകളെ സജ്ജമാക്കിയിരുന്നു.
അവർ സാരി കിട്ടിയ വീട്ടിലെ പെണ്ണുങ്ങളോട്, അത് അറിയാത്ത മട്ടിൽ ഇങ്ങനെ പറഞ്ഞു. ബേബി സാറിന് വോട്ട് കുത്താതിരിക്കാൻ പലവീട്ടിലും രണ്ട് സാരിയും പത്ത് കിലോ അരിയും ആയിരം രൂപയും കൊടുത്തുവിട്ടു. എനിക്കും കിട്ടി. പലേടത്തും ഒരു സാരി മാത്രമെ അവൻമാർ കൊടുത്തുള്ളൂ ബാക്കി അരിയും സാരിയും പണവും അവന്മാർ അടിച്ചുമാറ്റിയത്രെ. ഇതെല്ലാം കിട്ടിയ സ്ത്രീയല്ലേ മുന്നിൽ നിന്ന് പറയുന്നത്. ഒരു സാരി കിട്ടിയ പെണ്ണുങ്ങളെല്ലാം ഞെട്ടിത്തരിച്ചു. അപ്പോൾ ഞങ്ങൾക്ക് തരാതെ അവന്മാർ ബാക്കി അടിച്ചുമാറ്റിയല്ലേ.
പെണ്ണുങ്ങളല്ലേ നിർത്തുമോ. പാര പണിയാൻ വന്ന സ്ത്രീകൾ ഇങ്ങനെ കൂടി പറഞ്ഞു. ജയിക്കാതിരുന്നിട്ടും ഇവൻമാർ ഇങ്ങനെ, ജയിച്ചാൽ കാര്യം പറയണോ. സാരികിട്ടിയവർക്കെല്ലാം മനസിൽ പ്രതിഷേധമുയർന്നു. അവരെല്ലാം നേരെ ബൂത്തിൽ പോയി ബേബി ജോണിന് എല്ലാ തവണയും പോലെ വോട്ട് ചെയ്ത് മടങ്ങി. അക്കുറി സാരി കൊടുത്ത ബൂത്തുകളിൽ ബേബി ജോണിന് റെക്കാഡ് ഭൂരിപക്ഷവും കിട്ടി.