വരുമാനം നിലച്ച് സാധാരണ കുടുംബങ്ങൾ
കൊല്ലം: കൊവിഡ് പ്രതിസന്ധിക്കിടെ പ്രവാസികളിൽ മിക്കവരും തൊഴിൽ രഹിതരായി വീടുകളിലേക്ക് മടങ്ങിയെത്തിയതോടെ ആയിരക്കണക്കിന് കുടുംബങ്ങളുടെ വരുമാനം പൂർണമായും നിലച്ചു. പ്രതിമാസം വലിയ ശമ്പളം ലഭിച്ചിരുന്നവർ മുതൽ കുടുംബം പുലർത്താനുള്ളത് മാത്രം ലഭിച്ചവർ വരെ ഇക്കൂട്ടത്തിലുണ്ട്.
മടങ്ങിയെത്തിയവരിൽ പലരും തിരികെ പോകുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ടെങ്കിലും അടുത്തിടെയൊന്നും അതിന് സാദ്ധ്യത തെളിഞ്ഞേക്കില്ല. തൊഴിൽ ഇല്ലാതെ നാട്ടിലേക്ക് മടങ്ങിയ പ്രവാസികളിൽ പലരുടെയും കുടുംബസാഹചര്യം ദുരിതപൂർണമാണ്. കുട്ടികളുടെ ഓൺലൈൻ പഠന ചെലവ്, മരുന്ന്, ലോൺ, ചിട്ടി, നിത്യോപയോഗ സാധനങ്ങൾ തുടങ്ങി എല്ലാം വഴിമുട്ടിയ നിലയിലാണ്.
സ്വർണത്തിന് വില കൂടിയ സാഹചര്യത്തിൽ ആഭരണങ്ങൾ വിറ്റും പണയപ്പെടുത്തിയുമൊക്കെയാണ് പലരും കുടുംബചെലവ് തള്ളി നീക്കുന്നത്. മറ്റ് വഴികളൊന്നും മുന്നിലില്ലെന്ന് തിരിച്ചറിഞ്ഞ് ചെറികിട സംരംഭകരായവരും ധാരളമാണ്. മത്സ്യക്കച്ചവടക്കാരായും കർഷകരായും രൂപാന്തരപ്പെട്ടവർ നിരവധിയാണ്.
പ്രവാസികൾക്ക് സംരംഭകരാകാം
1. നോർക്കയുടെയും കേരള ഫിനാൻഷ്യൽ കോർപ്പറേഷന്റെയും സംയുക്ത വായ്പാ പദ്ധതി
2. 30 ലക്ഷം രൂപ വരെ വായ്പ അനുവദിക്കും
3. ഇതിൽ 15 ശതമാനം മൂലധന സബ്സിഡി (പരമാവധി മൂന്ന് ലക്ഷം രൂപ വരെ)
4. കൃത്യമായി വായ്പ തിരിച്ചടയ്ക്കുന്നവർക്ക് ആദ്യ നാലുവർഷം മൂന്നു ശതമാനം പലിശ ഇളവ്
5. 10 ശതമാനമാണ് വായ്പയുടെ പലിശ
6. ഇതിൽ മൂന്ന് ശതമാനം വീതം നോർക്ക, കെ.എഫ്.സി സബ്സിഡി
7. ഉപഭോക്താവ് നാല് ശതമാനം പലിശ അടച്ചാൽ മതി
വർക്ക് ഷോപ്പ് മുതൽ കറി പൗഡർ നിർമ്മാണം വരെ
വർക്ക്ഷോപ്പ്, സർവീസ് സെന്റർ, ബ്യൂട്ടി പാർലർ, ഹോട്ടൽ, ഹോം സ്റ്റേ, ലോഡ്ജ്, ക്ലിനിക്, ഡെന്റൽ ക്ലിനിക്, ജിം, സ്പോർട്സ് ടർഫ്, ലോൺട്രി സർവീസ്, ഫുഡ് പ്രോസസിംഗ്, ബേക്കറി ഉത്പന്നങ്ങൾ, ഫ്ളോർ മിൽസ്, ബഫേർസ്, ഓയിൽ മിൽസ്, കറി പൗഡർ, സ്പൈസസ്, ചപ്പാത്തി, വസ്ത്ര നിർമ്മാണം എന്നീ മേഖലകളിലാണ് നോർക്ക, കെ.എഫ്.സി സംയുക്ത വായ്പ അനുവദിക്കുക. അപേക്ഷ www.norkaroots.org എന്ന വെബ്സൈറ്റിൽ നൽകാം.
ടോൾ ഫ്രീ നമ്പർ:1800 425 3939, 1800 425 8590
മടങ്ങിയെത്തിയത്
ആകെ: 10,05,211
വിദേശം: 3,80,385 (37.84%)
യു.എ.ഇ: 1,91,332
സൗദി അറേബ്യ: 59,329
ഖത്തർ: 37,078
(ഭൂരിഭാഗത്തിനും തൊഴിൽ നഷ്ടമായി)
''
തൊഴിൽ ഇല്ലാതായപ്പോഴാണ് നാട്ടിലേക്ക് തിരിച്ചത്. ജോലി ഉള്ളവരൊക്കെ അവിടെ നിൽക്കുകയാണ്. നാട്ടിൽ എന്തെങ്കിലും ചെയ്യാനാണ് നോക്കുന്നത്.
വിനോദ്, ചവറ