അബുദാബി : ഗാലറിയിൽ ആളും ആരവവും ചിയർ ലീഡേഴ്സുമൊന്നുമുണ്ടാവില്ലെങ്കിലും ഒരു പതിറ്റാണ്ടിലേറെയായി ക്രിക്കറ്റിന്റെ പൂരാവേശമായ ഐ.പി.എല്ലിന് ഇന്ന് യു.എ.ഇയിൽ തുടക്കമാകുന്നു മാർച്ച്- ഏപ്രിൽ മാസങ്ങളിൽ തുടങ്ങേണ്ടിയിരുന്ന ഐ.പി.എല്ലാണ് കൊവിഡിന്റെ കളി കാരണം മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഇന്ത്യയിൽ നിന്ന് മണലാരണ്യത്തിലേക്ക് വിമാനത്തിലേറി അവതരിക്കുന്നത്. മൂന്നാം വട്ടം വിദേശമണ്ണിൽ തൊടുന്ന ഇന്ത്യൻ പ്രിമിയർ ലീഗ് കൊവിഡ് കാലത്തിന്റെ കടുത്തനിയന്ത്രണങ്ങൾക്കുള്ളിലാണ് നടക്കുക. ഒരു മാസത്തോളമായി ടീമുകളും ഒഫിഷ്യൽസുമൊക്കെ യു.എ.ഇയിലെത്തി ബയോസെക്യുർ ബബിളിനുള്ളിലായിക്കഴിഞ്ഞു. ഇംഗ്ളണ്ടും ആസ്ട്രേലിയയും തമ്മിലുള്ള ഏകദിന പരമ്പരയ്ക്ക് ശേഷം ഇരു രാജ്യത്തുനിന്നുമുള്ള താരങ്ങളും എത്തിയിട്ടുണ്ട്. മലയാളികളുടെ പേർഷ്യയായ അറബിനാട്ടിലെ പൂരത്തിന് തുടക്കമാകുന്നത് നിലവിലെ ചാമ്പ്യൻമാരായ മുംബയ് ഇന്ത്യൻസും മുൻ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർകിംഗ്സും തമ്മിലുള്ള മത്സരത്തോടെയാണ്. ഐ.പി.എല്ലിന്റെ ഉദ്ഘാടന മത്സരമെന്നതിലുപരി കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച മഹേന്ദ്ര സിംഗ് ധോണി 15 മാസത്തിന് ശേഷം കളിക്കളത്തിലിറങ്ങുന്നു എന്നതാണ് ഈ മത്സരത്തിന്റെ ഏറ്റവും വലിയ സവിശേഷത.
'തല'യെടുപ്പോടെ ചെന്നൈ
യു.എ.ഇയിലെത്തിയ ശേഷം ടീം ക്യാമ്പിനെ കാെവിഡ് ബാധിച്ചതും സുരേഷ് റെയ്ന മടങ്ങിപ്പോയതുമൊക്കെ അലട്ടുന്നുണ്ടെങ്കിലും മഹേന്ദ്ര സിംഗ് ധോണിയെന്ന മഹാനായകന്റെ കരംപിടിച്ച് ഒരിക്കൽക്കൂടി ഐ.പി.എൽ കിരീടത്തിൽ ഉമ്മ വയ്ക്കുക എന്ന ലക്ഷ്യവുമായാണ് കഴിഞ്ഞ സീസൺ ഫൈനലിൽ തങ്ങളെ തകർത്തവർക്കെതിരെ ചെന്നൈ സൂപ്പർ കിംഗ്സ് ഇറങ്ങുന്നത്.
1. ധോണിയെന്ന നായകന്റെ അസാമാന്യ ആത്മ വിശ്വാസം തന്നെയാണ് ചെന്നൈ സൂപ്പർകിംഗ്സിന്റെ എക്കാലത്തെയും കരുത്ത്. തുടക്കം മുതൽ ചെന്നൈയുടെ 'തല'യാണ് ധോണി. ഏത് പ്രതിസന്ധി ഘട്ടത്തെയും കൂളായി നേരിടാനുള്ള ധോണിയുടെ മനശക്തി ടീമിന് മുതൽക്കൂട്ടാകും.
2. ധോണിയെപ്പോലെതന്നെ പരിചയ സമ്പന്നരായ താരങ്ങളാണ് ചെന്നൈയുടെ മുതൽക്കൂട്ട്. ഷേൻ വാട്ട്സൺ, ഡ്വെയ്ൻ ബ്രാവോ,ഫാഫ് ഡുപ്ളെസി,രവീന്ദ്ര ജഡേജ, ഇമ്രാൻ താഹിർ എന്നിവരുടെ പരിചയസമ്പത്തിന് പകരം വയ്ക്കാൻ മറ്റൊന്നില്ല.
3. ആൾറൗണ്ട് മികവും കൃത്യമായി കളിക്കാരെ ഉപയോഗിക്കാനുള്ള കഴിവും മഞ്ഞക്കുപ്പായക്കാരെ മറ്റ് ടീമുകളിൽ നിന്ന് വേറിട്ടുനിറുത്തുന്നു.
4.സുരേഷ് റെയ്ന, ഹർഭജൻ സിംഗ് എന്നിവരുടെ അഭാവം ഈ സീസണിൽ ചെന്നൈ സൂപ്പർ കിംഗ്സിന് തിരിച്ചടിയായേക്കാം. മദ്ധ്യനിര ബാറ്റിംഗിലും ഫീൽഡിംഗിലും ധോണിക്ക് പിടിവള്ളിയായിരുന്നത് റെയ്നയാണ്.
5.താരതമ്യേന യുവതാരങ്ങൾ കുറവാണ് ധോണിക്കൊപ്പം. ടീമിൽ പോരായ്മയായി ചൂണ്ടിക്കാട്ടാവുന്നത് ഇതാണ്. ദീപക് ചഹർ,റിതുരാജ് ഗെയ്ക്ക്വാദ് ,മലയാളി താരം മുഹമ്മദ് ആസിഫ് തുടങ്ങിയവരാണ് യുവ പ്രധാനികൾ.
സാദ്ധ്യതാ ഇലവൻ
ഷേൻ വാട്ട്സൺ,അമ്പാട്ടി റായ്ഡു,ഡുപ്ളെസി,ധോണി (ക്യാപ്ടൻ,വിക്കറ്റ് കീപ്പർ),കേദാർ യാദവ്,ഡ്വെയ്ൻ ബ്രാവോ,ജഡേജ,പിയൂഷ് ചൗള,ദീപക് ചഹർ,ശാർദൂൽ താക്കൂർ,ഇമ്രാൻ താഹിർ.
മനസുറപ്പോടെ മുംബയ്
ഏറ്റവും കൂടുതൽ തവണ (4) ഐ.പി.എൽ ചാമ്പ്യന്മാരായി ചരിത്രം കുറിച്ചിട്ടുള്ള മുംബയ് ഇന്ത്യൻസ് തങ്ങളുടെ ചിരിവൈരികളായ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ സീസൺ ഒാപ്പൺ ചെയ്യാനിറങ്ങുമ്പോൾ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. രോഹിത് ശർമ്മയുടെ നായക മികവും യുവത്വവും പരിചയ സമ്പത്തും ഇഴകലർന്ന ടീമുമാണ് മുംബയ്ക്ക് കരുത്ത് പകരുന്ന ഘടകങ്ങൾ.
1. എല്ലാ ഫോർമാറ്റുകളിലേക്കും ചിറക് വിടർത്തിക്കഴിഞ്ഞ തകർപ്പൻ ഒാപ്പണർ രോഹിത് ശർമ്മയുടെ നായകശേഷിയുടെ ഏറ്റവും വലിയ ഉദാഹരണം ഐ.പി.എല്ലാണ്. ചെറുപ്രായത്തിൽ തന്നെ ക്യാപ്ടൻസി ഏറ്റെടുത്ത രോഹിത് ടീമിന് ഇതുവരെ നേടിക്കൊടുത്തത് നാലുകിരീടങ്ങൾ.
2. ബാറ്റിംഗിലും ബൗളിംഗിലും മികച്ച തുടക്കക്കാരെ സെലക്ട് ചെയ്യുക എന്നതാണ് മുംബയ് ഇന്ത്യൻസിന്റെ ഏക്കാലത്തെയും ശീലം. ഇക്കുറിയും മാറ്റമില്ല. ബാറ്റിംഗിൽ ക്യാപ്ടനൊപ്പം ക്വിന്റൺ ഡി കോക്ക് ആയിരിക്കും ഒാപ്പണിംഗിനെത്തുക. ബൗളിംഗിൽ ട്രെന്റ് ബൗൾട്ടും ജസ്പ്രീത് ബുംറയുമുണ്ട്.
3.കെയ്റോൺ പൊള്ളാഡ്,ഹാർദിക് പാണ്ഡ്യ എന്നീ ആൾറൗണ്ടർമാരുടെ സാന്നിദ്ധ്യം ഏത് പ്രതിസന്ധി ഘട്ടത്തെയും തരണം ചെയ്യാൻ ശേഷി നൽകുന്നു.
4.സൂര്യകുമാർ യാദവ്,ഇഷാൻ കിഷൻ നഥാൻ കൗട്ടർനിലെ,മക്ക്ക്ളെനാഗൻ,ക്രുനാൽ പാണ്ഡ്യ,രാഹുൽ ചഹർ എന്നിവരാണ് പ്രതീക്ഷയുണർത്തുന്ന മറ്റ് താരങ്ങൾ.
5. വെറ്ററൻ പേസർ ലസിത് മലിംഗയുടെ അഭാവമാണ് മുംബയ്ക്ക് ഈ സീസണിൽ തിരിച്ചടിയാകാവുന്ന ഘടകം.എന്നാൽ ഡെത്ത് ഒാവറുകളിൽ ബുംറയും കൗട്ടർനിലെയും ബൗൾട്ടും മക്ക്ളെനാഗനും മികവ് പുലർത്തിയാൽ മലിംഗയുടെ അഭാവം മറികടക്കാൻ അംബാനിയുടെ ടീമിന് കഴിയും.
സാദ്ധ്യതാ ഇലവൻ
രോഹിത് ശർമ്മ(ക്യാപ്ടൻ), ഡി കോക്ക് ( വിക്കറ്റ് കീപ്പർ),സൂര്യകുമാർ യാദവ്,ഇഷാൻ കിഷൻ, പൊള്ളാഡ്,ഹാർദിക്ക്,ക്രുനാൽ,കൗട്ടർനിലെ,രാഹുൽ ചഹർ,ട്രെന്റ് ബൗൾട്ട്,ജസ്പ്രീത് ബുംറ.
7.30
രാത്രി എട്ടുമണി എന്ന ഐ.പി.എല്ലിന്റെ പതിവ് സമയം മാറി അരമണിക്കൂർ മുന്നേ കളിതുടങ്ങുകയാണ് ഇത്തവണ.രണ്ട് മത്സരങ്ങൾ ഉള്ള ദിവസം ആദ്യ മത്സരം വൈകിട്ട് മൂന്നരയ്ക്ക് തുടങ്ങും.
ടി.വി ലൈവ് സ്റ്റാർ സ്പോർട്സിൽ
3
അബുദാബി,ഷാർജ,ദുബായ് എന്നിങ്ങനെ മൂന്ന് വേദികളിലായാണ് മത്സരം നടക്കുന്നത്.
പിച്ച്
ബാറ്റ്സ്മാന്മാരുടെ പറുദീസകളായ ഇന്ത്യൻ പിച്ചുകൾക്ക് നേർവിപരീതമാണ് യു.എ.ഇയിലെ പിച്ചുകൾ. ആദ്യ മത്സരം നടക്കുന്ന അബുദാബിയിൽ 140ന് മേൽ ടോട്ടലുകൾ വിരളമാണ്. സ്പിൻ,പേസ് ബൗളർമാർക്ക് പിന്തുണയേറും.
കാലാവസ്ഥ
നല്ല ചൂടാണ് യു.എ.ഇയിൽ. ഒരു മാസത്തോളം മുന്നേ ഇവിടെയെത്താൻ കഴിഞ്ഞത് താരങ്ങൾക്ക് സാഹചര്യവുമായി പൊരുത്തപ്പെടാൻ സഹായകമായിട്ടുണ്ട്.
ആദ്യ മത്സരവേദിയായ അബുദാബിയിലാണ് മുംബയ് ഇന്ത്യൻസ് ടീം ക്യാമ്പ് ചെയ്യുന്നത്. അതേസമയം ചെന്നൈ സൂപ്പർ കിംഗ്സ് ഇന്നാണ് ഈ പിച്ചിലേക്ക് ആദ്യമെത്തുക.
അവസാനഒാവറുകളിൽ ധോണിയെ മൂന്ന് തവണ പുറത്താക്കിയ റെക്കാഡിന് ഉടമയാണ് ജസ്പ്രീത് ബുംറ.
2012ന് ശേഷം ഒരിക്കൽ പോലും ആദ്യ മത്സരത്തിൽ വിജയം നേടാൻ മുംബയ് ഇന്ത്യൻസിന് കഴിഞ്ഞിട്ടില്ല.
ചെന്നൈക്കെതിരായ കഴിഞ്ഞ 10 മത്സരങ്ങളിൽ എട്ടിലും വിജയം നേടിയത് മുംബയ് ഇന്ത്യൻസാണ്.
മുംബയ് ടീമിലെ ഇന്ത്യൻ സ്പിന്നർമാരായ ക്രുനാൽ പാണ്ഡ്യ,രാഹുൽ ചഹർ,ജയന്ത് യാദവ്,അൻകുൽ റോയ് എന്നിവർ ചേർന്ന് ഐ.പി.എല്ലിൽ 61 വിക്കറ്റുകൾ നേടിയിട്ടുണ്ട്. ചെന്നൈ ടീമിൽ രവീന്ദ്ര ജഡേജ മാത്രം നേടിയിട്ടുള്ളത് 108 വിക്കറ്റുകൾ.
തുടക്കത്തിലേ എതിരാളികളെ തളർത്തുകയാണ് ചെന്നൈ സൂപ്പർകിംഗ്സിന്റെ ശൈലി. എന്നാൽ തുടക്കത്തിൽ പതറിയാലും അവസാനനിമിഷംവരെ പൊരുതി ജയിക്കുകയാണ് മുംബയ് ഇന്ത്യൻസിന്റെ ശീലം . മിക്ക സീസണുകളിലും ആദ്യഘട്ടത്തിൽ തുടർതോൽവികൾ വഴങ്ങിയ ശേഷം മുംബയ് മിന്നൽപ്പിണറായി വിജയത്തിലേക്ക് തിരിച്ചുവരും.