കൊൽക്കത്ത: സച്ചിൻ ടെൻഡുൽക്കറിന്റെയും സൗരവ് ഗാംഗുലിയുടെയുമൊക്കെ ഫാഷൻ ഡിസൈനറായിരുന്ന ഷെർബാരി ദത്തയെ (63) വീട്ടിലെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞദിവസം രാത്രി പതിനൊന്നരയോടെ തെക്കൻ കൊൽക്കത്തയിലെ ബോർഡ് സ്ട്രീറ്റിലെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് മകനും ഫാഷൻ ഡിസൈനറുമായ അമാലിൻ ദത്ത പറയുന്നത്.
കഴിഞ്ഞദിവസം രാവിലെ മുതലാണ് അമ്മയെ കാണാതായത്. ജോലിസംബന്ധമായ ആവശ്യത്തിനായി പുറത്തുപോയതാണെന്നാണ് വിചാരിച്ചത്. രാത്രി വൈകിയും അമ്മയെ ഫോണിലും കിട്ടാതായതോടെ മുറിയിലെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയതെന്നും അമാലിൻ പറയുന്നു. ഒരേ വീട്ടിലാണ് അമ്മയും മകനും താമസമെങ്കിലും തിരക്കു കാരണം പ്രാതലിനും അത്താഴത്തിനും മാത്രമേ ഇരുവരും ഒന്നിച്ച് കൂടാറുള്ളൂ. പ്രശസ്ത ബംഗാളി കവി അജിത്ത് ദത്തയുടെ മകളായ ഷെർബാരി പുരുഷവസ്ത്രങ്ങൾ ഡിസൈൻ ചെയ്യുന്നതിലാണ് വൈദഗ്ദ്ധ്യം നേടിയത്. വിദ്യാബാലൻ ഉൾപ്പെടെയുള്ള അപൂർവം ചില ബോളിവുഡ് നടിമാർക്കായും ഷെർബാരി വസ്ത്രങ്ങൾ ഡിസൈൻ ചെയ്തിട്ടുണ്ട്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.