കോഴിക്കോട്: മാനാഞ്ചിറ - വെള്ളിമാടുകുന്ന് നാലുവരിപാതാ വികസനത്തിന് ബാക്കി ഫണ്ട് ഉടൻ അനുവദിച്ച് പദ്ധതി പൂർത്തീകരിക്കാൻ സത്വരനടപടികൾ സ്വീകരിക്കണമെന്ന് ആക്ഷൻ കമ്മിറ്റി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.
രണ്ടാം ഗഡുവായ 50 കോടി രൂപ 14 മാസത്തിന് ശേഷമാണെങ്കിലും ലഭ്യമാക്കിയ സർക്കാർ നടപടിയെ യോഗം സ്വാഗതം ചെയ്തു. ഇപ്പോൾ ലഭിച്ച 50 കോടി രൂപ വളരെക്കാലമായി സമ്മതപത്രം നൽകി നഷ്ടപരിഹാരത്തിന് കാത്തിരിക്കുന്ന ഭൂവുടമകൾക്ക് ഉടനെ വിതരണം ചെയ്യാൻ ജില്ലാ കളക്ടർ അടിയന്തിര നടപടി സ്വീകരിക്കണം.
റോഡ് വികസനത്തിന് ഏറ്റെടുക്കേണ്ട ഷോപ്പുകളിലെ കച്ചവടക്കാർക്കും തൊഴിലാളികൾക്കും ഇതോടൊപ്പം നഷ്ടപരിഹാര പാക്കേജും നടപ്പിലാക്കണം. നഷ്ടപരിഹാരം വൈകുന്നതിനാൽ ചില ഷോപ്പുകളിൽ വീണ്ടും കച്ചവടം പുനരാരംഭിച്ചത് റോഡ് വികസനം വൈകാൻ ഇടയാക്കും.
സമ്മതപത്രം നൽകാത്തവരുടെ ഭൂമി എൽ.എ നിയമപ്രകാരം ഏറ്റെടുക്കാൻ ഊർജിത നടപടി ആരംഭിക്കണം. അതോടൊപ്പം 6 റീച്ചുകളായുള്ള റോഡ് വികസനത്തിൽ പൂർണമായും ഭൂമി ഏറ്റെടുത്തു കഴിഞ്ഞ റീച്ചുകളിലെ റോഡ് പണിയ്ക്കുള്ള ടെൻഡർ നടപടി വൈകരുത്.
ഇതുവരെ 3 ഗഡുക്കളായി 150 കോടിയാണ് റോഡ് വികസനത്തിനായി അനുവദിച്ചത്. പദ്ധതി പൂർത്തീകരിക്കാൻ സർക്കാർ അംഗീകരിച്ച എസ്റ്റിമേറ്റ് പ്രകാരം ബാക്കി ഫണ്ട് 134.5 കോടി രൂപ അത്യാവശ്യമാണ്.
തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കുംവിധം ഈ സർക്കാരിൻരെ കാലത്ത് തന്നെ റോഡ് യാഥാർത്ഥ്യമാക്കാൻ നടപടിയുണ്ടാവണം.
യോഗത്തിൽ പ്രസിഡൻറ് ഡോ.എം.ജി.എസ് നാരായണൻ അദ്ധ്യക്ഷത വഹിച്ചു. സമരസഹായ സമിതി ചെയർമാൻ തായാട്ട് ബാലൻ, ആക്ഷൻ കമ്മിറ്റി വർക്കിംഗ് പ്രസിഡൻറ് അഡ്വ. മാത്യു കട്ടിക്കാന, ജനറൽ സെക്രട്ടറി എം.പി. വാസുദേവൻ, കെ.വി. സുനിൽകുമാർ, പി. സദാനന്ദൻ, പ്രദീപ് മാമ്പറ്റ, പി.എം.കോയ തുടങ്ങിയവർ സംസാരിച്ചു.