കോഴിക്കോട്: കുറെ സ്ഥലവും ആവശ്യത്തിന് വെള്ളവുമൊക്കെ ഉണ്ടെങ്കിലേ കൃഷിയൊക്കെ വിചാരിച്ചപോലെ നടക്കൂവെന്ന് പരിഭവം പറയുന്നവർക്ക് മനസുണ്ടെങ്കിൽ മട്ടുപ്പാവിലും വിളകൊയ്യാമെന്ന് കാണിച്ചുകൊടുക്കുകയാണ് മടവൂർ സ്വദേശിയായ ഷാഹുൽ മാസ്റ്റർ.
കൊവിഡ് കാലത്ത് മഴമറ നിർമ്മിച്ച് മട്ടുപ്പാവിലൊരുക്കിയ മാഷിന്റെ കൃഷിയിടത്തിൽ പയർ, വെണ്ട, പച്ചമുളക്, വഴുതന, തക്കാളി, കക്കിരി, പടവലങ്ങ, ചെരങ്ങ, പുതീന , മല്ലിച്ചെപ്പ് എന്നിവയെല്ലാം തളിർത്തും കായ്ച്ചും കാറ്റിലാടുകയാണ്. കൃഷി വകുപ്പിന്റെ പിന്തുണയോടെ ശാസ്ത്രീയമായാണ് മട്ടുപ്പാവ് കൃഷി ആരംഭിച്ചത്. ടെറസിന് കേട് പറ്റാതിരിക്കാൻ സദാസമയവും ഈർപ്പം ലഭിക്കുന്ന തിരിനന രീതിയാണ് ഉപയോഗിച്ചിരിക്കുന്നത്. കൃഷി തുടങ്ങാൻ ഒരു ലക്ഷം രൂപയോളം ചെലവായെന്ന് ഷാഹുൽ മാസ്റ്റർ പറയുന്നു. വീട്ടാവശ്യത്തിനായി തൊടിയിലും മറ്റും കൃഷി ചെയ്യാറുണ്ടെങ്കിലും ലോക്ക് ഡൗൺ കാലത്താണ് മട്ടുപ്പാവ് കൃഷിയിൽ 'പരീക്ഷണ'ത്തിന് ഇറങ്ങിയത്. അത് വിജയിക്കുകയും ചെയ്തു.
മലപ്പുറം ജില്ലയിലെ കൊടക്കാട് എ.ഡബ്ലു.എച്ച് സ്കൂളിലെ അദ്ധ്യാപകനായ ഷാഹുൽ മാസ്റ്റർ കൃഷിയിലെന്നപോലെ നാട്ടിലെ സാമൂഹ്യ പ്രവർത്തനങ്ങളിലും സജീവമാണ്. സ്വന്തം വാർഡിലെ ആർ.ആർ. ടി വോളണ്ടിയറാണിപ്പോൾ. ഭാര്യ ഫസ്ലയും മക്കളായ റിദ്വാനും റിംഷയും മാഷിന് കൂട്ടായി എന്നും കൃഷിയിടത്തിലുണ്ട്.