തുടക്കത്തിൽ 20 സീറ്റുകൾ
ആലപ്പുഴ:കേരള സർവകലാശാലയുടെ ആലപ്പുഴ റീജിയണൽ സെന്ററിൽ എം കോം റൂറൽ സ്റ്റഡീസ് കോഴ്സ് തുടങ്ങാൻ സിൻഡിക്കേറ്റ് തീരുമാനം. 20 സീറ്റുകളാണ് അനുവദിച്ചിട്ടുള്ളത്.
എം കോം റൂറൽ സ്റ്റഡീസിന് കേരള സർവകലാശാല നടത്തുന്ന എം കോം കോഴ്സിനു തുല്യത ലഭിക്കാൻ ആവശ്യമായ അടിയന്തര നടപടികൾക്കും സിൻഡിക്കേറ്റ് ശുപാർശ നൽകി. ഗ്രാമവികസന വകുപ്പുകളിലെ വിവിധ തൊഴിൽ സാദ്ധ്യതകൾ കൂടി ലഭ്യമാക്കുന്ന തരത്തിൽ ഈ കോഴ്സിനെ കേരള പി.എസ്.സി യുടെ അംഗീകാരമുള്ള കോഴ്സ് ആക്കുന്നതിനുള്ള നടപടികൾക്കു വേണ്ടി സർക്കാരിന് ശുപാർശ സമർപ്പിക്കാനും തീരുമാനിച്ചു.
കോഴ്സ് തുടങ്ങുന്നതിനുള്ള പരിശോധനയുടെ ഭാഗമായി സിൻഡിക്കേറ്റ് അംഗങ്ങൾ
അടങ്ങുന്ന സമിതി സമർപ്പിച്ച റിപ്പോർട്ട് വൈസ്-ചാൻസലർ പ്രൊഫ. ഡോ. വി.പി
മഹാദേവൻ പിള്ളയുടെ അദ്ധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ചേർന്ന സർവകലാശാല
സിൻഡിക്കേറ്റ് അംഗീകരിച്ചു. അഡ്വ.കെ.എച്ച്.ബാബുജാൻ, അഡ്വ.എ.അജികുമാർ,
ഡാ. എസ്.നസീബ്, ഡോ.കെ.ബി.മനോജ്, വിശ്വൻ പടനിലം എന്നീ സിൻഡിക്കേറ്റ്
അംഗങ്ങളും രജിസ്ട്രാർ ഡോ. സി.ആർ.പ്രസാദ്, പ്രൊഫ. പി.എൻ.ഹരികുമാർ, ഫിനാൻസ്
ഓഫീസർ, കമ്പ്യൂട്ടർ സെന്റർ ഡയറക്ടർ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ
എന്നിവരും അടങ്ങുന്ന സമിതിയാണ് റീജിയണൽ സെന്റർ സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിച്ചത്.
വിവിധ സേവന പദ്ധതികൾക്കും സൗകര്യം
റീജിയണൽ സെന്റർ വികസിപ്പിക്കുന്നതിന്റെ ഭാഗമായി
വിദ്യാർത്ഥികൾക്കായി പുതിയ ഒട്ടേറെ സേവന പദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്. ഗവേഷണ
വിദ്യാർത്ഥികൾക്ക് ഇ-ജേർണലുകൾ ഉപയോഗിക്കാനും വെബ് ബ്രൌസിങ്ങിനും
കമ്പ്യൂട്ടർ ലാബും സജ്ജീകരിച്ചിട്ടുണ്ട്. ലൈബ്രറിയിലെ നിലവിലെ വിപുലമായ പുസ്തകശേഖരത്തിന്റെ എണ്ണവും വർദ്ധിപ്പിച്ചു.