എമർജൻസി വെന്റിലേറ്റർ നിർമ്മാണം ഒരുമാസത്തിനുള്ളിൽ
ആലപ്പുഴ: പൊതുമേഖല സ്ഥാപനമായ കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് (കെ.എസ്.ഡി.പി) ഫാകടറിക്ക് മുന്നിൽ ആരംഭിച്ച ഔട്ട്ലെറ്റിന്റെ പ്രവർത്തനം വിജയത്തിലേക്ക്. പ്രതിദിനം ഒരു ലക്ഷം രൂപയുടെ വിറ്റുവരവുണ്ടിവിടെ. മരുന്നുകളും കൊവിഡ് പ്രതിരോധത്തിന് ആവശ്യമായ സാമഗ്രികളുൾപ്പെടെയും പൊതുജനങ്ങൾക്ക് കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുന്നതിന് വേണ്ടിയാണ് ഔട്ട്ലെറ്റ് തുറന്നത്. എല്ലാ ജില്ലകളിലും ഔട്ട്ലെറ്റുകൾ തുറക്കാനുള്ള ആലോചനയിലാണ് കെ.എസ്.ഡി.പി ഇപ്പോൾ .
മരുന്ന് നിർമ്മാണത്തിന് പുറമേ, കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി(എൻ.ഐ.ടി)യുടെ സാങ്കേതികവിദ്യ ഉപയോഗിച്ച് എമർജൻസി വെന്റിലേറ്റർ നിർമ്മിക്കുന്നതിനുള്ള പ്രവർത്തനവും കെ.എസ്.ഡി.പി പൂർത്തീകരിച്ചു. ആരോഗ്യ വകുപ്പിന്റെ അനുമതി ലഭിച്ചാൽ ഉത്പാദനം ഉടൻ ആരംഭിക്കും.ഇതോടെ മെഡിക്കൽ ഉപകരണങ്ങളുടെ നിർമ്മാണരംഗത്തും വലിയ ചുവടുവയ്പാകും.
കെ.എസ്.ഡി.പി ഉത്പാദിപ്പിക്കുന്ന വിവിധ തരം അലോപ്പതി മരുന്നുകൾ, സാനിട്ടൈസർ, മാസ്ക്, ഗ്ളൗസ്, പി.പി.ഇ കിറ്റ്, ബ്ളീച്ചിംഗ്പൗഡർ തുടങ്ങിയവയാണ് കമ്പനി വക ഔട്ട്ലെറ്റിലൂടെ വിൽക്കുന്നത്. തുറന്ന ആദ്യദിവസം തന്നെ 40,000രൂപയുടെ വില്പന നടന്നു. തുടർന്നുള്ള നാലു ദിവസത്തെ വില്പന നാലു ലക്ഷം രൂപയാണ്. ഈ സാഹചര്യത്തിലാണ് ഔട്ട്ലെറ്റിന്റെ പ്രവർത്തനം സംസ്ഥാന തലത്തിൽ വ്യാപിപ്പിക്കാൻ തീരുമാനിച്ചത്. ഡ്രിപ്പ് മരുന്നുകൾ, ഗ്ലൂക്കോസ്, ഇൻജക്ഷൻ മരുന്നുകൾ എന്നിവയും കണ്ണിലൊഴിക്കുന്ന തുള്ളിമരുന്നുകളും വിപണിയിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് കെ.എസ്.ഡി.പി.
സാധാരണക്കാർക്ക് ആശ്വാസം
പൊതുമാർക്കറ്റിനേക്കാൾ 30മുതൽ 70ശതമാനം വരെ വിലക്കുറവിലാണ് ഔട്ട്ലെറ്റിലെ വില്പന
1.50രൂപ വിലയുള്ള പാരസെറ്റമോൾ ഗുളിക ഔട്ട്ലെറ്റിൽ നിന്ന് 58പൈസക്ക് ലഭിക്കും
"ആരോഗ്യ വകുപ്പിന്റെ അനുമതി ലഭിച്ചാൽ എമർജൻസി വെന്റിലേറ്റർ നിർമ്മാണം ഒരുമാസത്തിനുള്ളിൽ ആരംഭിക്കാനുള്ള നടപടികൾ പൂർത്തികരിച്ചു. ഔട്ട്ലെറ്റിലെ നാല് ദിവസത്തെവിറ്റുവരവ് നാല് ലക്ഷംരൂപയാണ്.
സി.ബി.ചന്ദ്രബാബു, ചെയർമാൻ, കെ.എസ്.ഡി.പി