ന്യൂഡൽഹി: എം.പിമാരും എം.എൽ.എമാരും ഉൾപ്പെടുന്ന ക്രിമിനൽ കേസുകളിലെ വിചാരണ വേഗത്തിൽ ആക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് സുപ്രീം കോടതിയുടെ നിർദേശം. ഇതിനുള്ള കർമ പദ്ധതി തയാറാക്കാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസുമാർക്ക് സുപ്രിംകോടതി നിർദേശം നൽകി.ജനപ്രതിനിധികളുടെ കേസുകൾ വേഗത്തിൽ തീർപ്പാക്കണമെന്ന് ആവശ്യപ്പെട്ട് അശ്വനി കുമാർ നൽകിയ ഹർജിയിൽ അമിക്കസ് ക്യൂരിയായ മുതിർന്ന അഭിഭാഷകൻ വിജയ് ഹൻസാരി കോടതി മുൻപാകെ സമർപ്പിച്ച സബ്മിഷനിനെത്തുടർന്നാണ് നടപടി.ദൈനംദിനം വാദം കേട്ട് കേസുകളിൽ രണ്ടുമാസത്തിനുള്ളിൽ വിധി പ്രസ്താവിക്കാൻ ശ്രമിക്കണമെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാർക്കാണ് ജസ്റ്റിസ് എൻ.വി. രമണയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് നിർദേശം നൽകി.സ്റ്റേ അനുവദിച്ചിട്ടുള്ള കേസുകൾ പ്രത്യേകം പരിഗണിക്കണം. സ്റ്റേ തുടരണോ എന്നതിൽ തീരുമാനമെടുക്കണം. കൊവിഡ് സാഹചര്യം വിചാരണയ്ക്ക് തടസമാവരുതെന്നും വിഡിയോ കോൺഫറൻസിംഗ് സംവിധാനം ഇതിനായി ഉപയോഗിക്കണമെന്നും ജസ്റ്റിസ് എൻവി രമണ അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു.
രാജ്യത്ത് 22 സംസ്ഥാനങ്ങളിലെ 2,556 എം.എൽ.എ, എം.പിമാർക്കെതിരെയാണ് കേസുകൾ നിലനിൽക്കുന്നത്. ഇതിൽ 174 പേർക്കെതിരെ നില നിൽക്കുന്നത് ജീവപര്യന്തം തടവ് വരെ ലഭിക്കാവുന്ന കുറ്റങ്ങളാണ്. മുൻ ജനപ്രതിനിധികളെ കൂടി ഉൾപ്പെടുത്തിയാൽ എണ്ണം 4,442 ആയി ഉയരും. 413 കേസുകൾ അതീവ ക്രിമിനൽ സ്വഭാവമുള്ളവ. കേരളത്തിലെ എം.പിമാരും,എം.എൽ.എമാരും പ്രതികളായ 333 കേസുകൾ നിലവിൽ ഉണ്ട്. ഇതിൽ 310 കേസുകളിൽ സിറ്റിംഗ് എം.പിമാരും എം.എൽ.എമാരുമാണ് പ്രതികൾ.