ഛത്തീസ്ഗഡ്: നഗരത്തിലെങ്ങും ഓൺലൈൻ വിദ്യാഭ്യാസം പ്രചാരം നേടുമ്പോൾ ചത്തീസ്ഗഢിലെ കൊരിയ ജില്ലയിലെ കുട്ടികൾക്ക് വീട്ടിൽ 'ക്ലാസ് റൂം' എത്തും.
വിദ്യ വീട്ടുപടിക്കൽ എന്ന മുദ്രാവാക്യവുമായി അവരുടെ സ്വന്തം രുദ്രമാഷാണ് 'ബൈക്ക് ലൈൻ' പഠനം നടത്തുന്നത്.
ഛത്തീസ്ഗഡിലെ സർക്കാർ സ്കൂൾ അദ്ധ്യാപകനായ രുദ്ര റാണ തന്റെ ബൈക്കിൽ ബ്ളാക് ബോർഡ് കെട്ടിവച്ച് കുട്ടികൾക്കടുത്തേക്ക് പോയി പഠിപ്പിക്കുകയാണ്.
പുതിയ പഠനരീതിയിലൂടെ രുദ്ര രാജ്യമെങ്ങും ശ്രദ്ധനേടിയിരിക്കയാണ്.
തന്റെ ജില്ലയിലെ എല്ലാ കുട്ടികൾക്കും ഓൺലൈൻ ക്ളാസിൽ പങ്കെടുക്കാൻ കഴിയില്ലെന്നാണ് ഇതിനുള്ള കാരണമായി ഈ മാതൃകാ അദ്ധ്യാപകൻ പറയുന്നത്. 'മൊഹല്ല ക്ളാസ്" എന്ന് പേരിട്ടിരിക്കുന്ന ഈ പഠന രീതി ഇതിനകം ഹിറ്റായിക്കഴിഞ്ഞു. വിദ്യ അവരുടെ വീട്ടുപടിക്കലെത്തിക്കുക എന്നത് അദ്ധ്യാപകന്റെ ചുമതലയാണെന്നും രുദ്ര റാണ വിശ്വസിക്കുന്നു. ബ്ളാക് ബോർഡിനൊപ്പം പുസ്തകങ്ങളും പ്ളക്കാർഡുകളുമൊക്കെ ഈ മാഷിന്റെ ബൈക്കിലുണ്ടാകും. കുട്ടികൾക്കായി പുസ്തകങ്ങൾ വാങ്ങി നൽകാനും ഈ അദ്ധ്യാപകന് സന്തോഷമാണ്. രുദ്ര റാണ തന്റെ കൈയിലെ മണി മുഴക്കുമ്പോൾ കുട്ടികൾ ഓടിയെത്തും പഠിക്കാനായി. നിർദ്ധന കർഷക കുടുംബങ്ങൾ ഏറെയുള്ള ഈ ഗ്രാമത്തിൽ ഇത്തരമൊരു അദ്ധ്യാപകനെ ദൈവം കൊണ്ടുതന്നതാണെന്നാണ് രക്ഷിതാക്കൾ പറയുന്നത്. സ്കൂൾ തുറക്കുന്നതുവരെ രുദ്ര റാണ മാഷെത്തും തന്റെ ബൈക്കും ബ്ളാക്ക് ബോർഡുമായി ഗ്രാമത്തിന്റെ മുക്കിലും മൂലയിലും.