തിരുവനന്തപുരം : സാംസ്കാരിക വകുപ്പിന്റെ നേതൃത്വത്തിൽ തലസ്ഥാനത്ത് സ്ഥാപിക്കുന്ന ശ്രീനാരായണ ഗുരുദേവന്റെ വെങ്കല പ്രതിമക്ക് അനാച്ഛാദനത്തിന് മുൻപ് താത്കാലികമായി പോളികാർബണേറ്റ് ഷീറ്റിട്ട മേൽക്കൂരയെങ്കിലും സ്ഥാപിക്കണമെന്നും, അതിനാവശ്യമെങ്കിൽ എം.എൽ.എ ഫണ്ടിൽ നിന്ന് തുക അനുവദിക്കാമെന്നും സി.ദിവാകരൻ എം.എൽ.എ പറഞ്ഞു.
പ്രതിമയ്ക്ക് മണ്ഡപം നിർമ്മിക്കണമെന്ന ഗുരുവിശ്വാസികളുടെയും സാംസ്കാരിക നായകരുടെയും ആവശ്യം മുൻനിറുത്തി കേരളകൗമുദി പ്രസിദ്ധീകരിച്ച വാർത്തയെത്തുടർന്ന് സ്ഥലം സന്ദർശിച്ചപ്പോഴാണ് സാംസ്കാരിക വകുപ്പ് ഡയറക്ടറോട് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സ്ഥിരമായ മണ്ഡപം പിന്നീട് നിർമ്മിക്കണം. ആദ്യമായാണ് ഗുരുദേവന്റെ പ്രതിമ സർക്കാരിന്റെ നേതൃത്വത്തിൽ നിർമ്മിക്കുന്നത്. സർക്കാരിന്റെ ഉദ്ദേശ്യശുദ്ധി ഗുരുഭക്തർ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.
ഉദ്യാനത്തിന്റെയും ,പാർക്കിന്റെയും ,ചുറ്റിമതിലിന്റെയും, പണി ആരംഭിക്കാതെ പീഠം മാത്രം നിർമിച്ച് തിടുക്കത്തിൽ പ്രതിമ സ്ഥാപിക്കാനുള്ള തീരുമാനമറിഞ്ഞ് നിരവധിപേർ സ്ഥലത്തെത്തിയിരുന്നു. . ശില്പിയുടെ നിർദ്ദേശാനുസരണമാണ് മണ്ഡപം ഒഴിവാക്കിയതെന്ന സാംസ്കാരിക വകുപ്പ് ഡയറക്ടറുടെ വാദം യാഥാർഥ്യമല്ലെന്നും ഗുരുദേവനെ അനാദരിക്കുന്ന നിലയിൽ പ്രതിമ സ്ഥാപിക്കുന്നത് ഉചിതമല്ലെന്നും വിശ്വസംസ്കാര ഭവൻ കാര്യദർശി സ്വാമി ശങ്കരാനന്ദ അടക്കമുള്ളവർ എം.എൽ. എ യോട് പറഞ്ഞു. ഗുരുദേവ സമാധിദിനമായ 21 ന് അനാച്ഛാദനം ചെയ്യാൻ തിടുക്കത്തിൽ പണി നടക്കുമ്പോഴും മറയോ ,മണ്ഡപമോ മറ്റ് സംരക്ഷണസംവിധാനങ്ങളോ ഒരുക്കാത്തതാണ് വിവാദമായത്.
"ഭ്രാന്താലയമായിരുന്ന കേരളത്തെ നവോത്ഥാനത്തിലേക്ക് നയിച്ച ഗുരുദേവന്റെ പ്രതിമയെ വെയിലും മഴയുമേൽക്കാൻ പാകത്തിൽ സ്ഥാപിക്കുന്നതിലെ അനൗചിത്യം അധികാരികൾ ബോധ്യപ്പെടണം ".
-സ്വാമി ശങ്കരാനന്ദ ,
കാര്യദർശി, വിശ്വസംസ്കാര ഭവൻ .
"ഗുരുദേവന്റെ ശിൽപം മേൽക്കൂരയ്ക്ക് കീഴിൽ സ്ഥാപിക്കണമെന്ന ഗുരുഭക്തരുടെ ആവശ്യം മന്ത്രി എ.കെ.ബാലനുമായി സംസാരിക്കും. താത്കാലിക മേൽക്കൂര സ്ഥാപിക്കണമെന്ന് സാംസ്കാരിക ഡയറക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്".
-സി.ദിവാകരൻ എം.എൽ.എ
"ഉദ്യാനവും ചുവർ ശില്പങ്ങളോടെയുള്ള ചുറ്റുമതിലും നിർമ്മിക്കാൻ ഇനിയും സമയമെടുക്കും. മണ്ഡപം ഉണ്ടാവണമെന്ന നിർദ്ദേശം ലഭിച്ചിരുന്നില്ല."
-ഉണ്ണി കാനായി, ശില്പി