തൃശൂർ: വിടപറഞ്ഞത് ആനകളുടെ നാട്ടുചികിത്സാ രംഗത്തെ കൈപ്പുണ്യം. ഒപ്പം ആയുർവേദ രംഗത്തും വിഷവൈദ്യ ചികിത്സയിലും നാടറിഞ്ഞ വിദഗ്ദ്ധൻ. ആന ചികിത്സാ രംഗത്ത് കുമ്പളങ്ങാട് ആവണപറമ്പ് മനയ്ക്കുള്ള പേരും പെരുമയും കാത്ത് സൂക്ഷിച്ച വ്യക്തിയായിരുന്ന ആവണപറമ്പ് മഹേശ്വരൻ നമ്പൂതിരിപ്പാട്.
അച്ഛനും മുത്തച്ഛനും ആന ചികിത്സകരായിരുന്നു. അഞ്ഞൂറിലേറെ ആനകളെ ചികിത്സിച്ച് സുഖപ്പെടുത്തി. മഹേശ്വരൻ നമ്പൂതിരിപ്പാടിന്റെ കൈപ്പുണ്യത്തിൽ ഇന്നും ഉത്സവപറമ്പുകളിൽ തലപ്പൊക്കത്തോടെ നിൽക്കുന്ന കൊമ്പന്മാർ ഏറെ. ആനകളോടൊപ്പമായിരുന്നു ബാല്യം. ഹസ്ത്യായുർവ്വേദം, ഗജ രക്ഷാ തന്ത്രം, മാതംഗലീല എന്നിവ ഗുരുകുല സമ്പ്രദായത്തിൽ നിന്നാണ് പഠിച്ചെടുത്തത്. നിസഹായതയോടെ മസ്തകം കുനിച്ച് നിൽക്കുന്ന ഗജവീരന്മാർക്ക് സാന്ത്വനത്തിന്റെ ദിവ്യ സ്പർശം നൽകിയ മഹദ് വ്യക്തിത്വമായിരുന്നു നമ്പൂതിരിപ്പാട് . ഗുരുവായൂർ ദേവസ്വം, കൊട്ടിയൂർ, കുട്ടൻകുളങ്ങര, പാറമേക്കാവ്, തിരുവമ്പാടി, ദേവസ്വം എന്നിവിടങ്ങളിലെ കരിവീരന്മാർക്കും, കേരളത്തിലെ ഒട്ടുമിക്ക കൊമ്പന്മാർക്കും മഹേശ്വരൻ നമ്പൂതിരിപ്പാട് ആശ്വാസ ദൂതനായി. കിഴക്കു വീട്ടിൽ ദാമോദരൻ എന്ന കൊമ്പന്റെ പൈതൃക വൃണം ചികിത്സിച്ച് മാറ്റിയതാണ് നമ്പൂതിരിപ്പാടിനെ പ്രസിദ്ധനാക്കിയത്. ഇനി രക്ഷയില്ലായെന്ന് പറഞ്ഞ് എഴുതിത്തള്ളിയ കേസുകളും അവണപറമ്പിന്റെ കരസ്പർശത്തിൽ ഉയർത്തെഴുന്നേറ്റിട്ടുണ്ട്.
ഗുരുവായൂർ ദേവസ്വത്തിന്റെ ആന ചികിത്സാ സമിതി അംഗമായിരുന്നു. സർക്കാർ വിഷവൈദ്യനായ കാരണവർ നമ്പ്യത്താൻ നമ്പൂതിരിപ്പാടിൽ നിന്നാണ് ബാലപാഠങ്ങൾ പഠിച്ചത്. മുത്തച്ഛന്റെ അനുജനും, നമ്പ്യത്താൻ നമ്പൂതിരിയുടെ ഗുരുവുമായ ഗോദൻ നമ്പൂതിരിപ്പാടും വിഷ -ആന ചികിത്സകൾ പറഞ്ഞ് കൊടുത്തു. അന്നത്തെ കൊച്ചി സംസ്ഥാനത്ത് ഉണ്ടായിരുന്ന നാല് വിഷ വൈദ്യ കേന്ദ്രങ്ങളിൽ ഒന്നായിരുന്നു അവണ പറമ്പ് മന.