പൂവാർ: കാലാവസ്ഥാ വ്യതിയാനത്തെ തുടർന്നുള്ള കനത്ത മഴയും കടൽക്ഷോഭവും കാരണം മത്സ്യത്തൊഴിലാളികൾ തീരാദുരിതത്തിലാണ്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും സംസ്ഥാന ദുരന്തനിവാരണ അതോറിട്ടിയും ഈ മാസം 20വരെ മത്സ്യബന്ധനത്തിന് പോകരുതെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്. കൊവിഡിന്റെയും കടൽക്ഷോഭത്തിന്റെയും പ്രഹരമേറ്റ് ദുരിതം മുഴുവൻ സഹിക്കേണ്ടിവരുന്ന മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസമേകുന്ന ഒരു സഹായവും ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്നു ഉണ്ടാകുന്നില്ലെന്നാണ് തീരദേശവാസികൾ പറയുന്നത്. മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകാൻ കഴിയാതിരിക്കുന്നതും സ്ത്രീ തൊഴിലാളികൾക്ക് മറ്റ് അനുബന്ധ തൊഴിൽ ചെയ്യാൻ പറ്റാത്ത സാഹചര്യവും കൂടിയാകുമ്പോൾ പല കുടുംബങ്ങളും പട്ടിണിയിലാണ്. ഇതുകാരണമാണ് തൊഴിലാളികൾ മുന്നറിയിപ്പിനെ അവഗണിച്ച് മത്സ്യബന്ധനത്തിന് ഇറങ്ങിത്തിരിക്കുന്നത്. ഈ സാഹചര്യം കണക്കിലെടുത്ത് തീരദേശത്തിന് മാത്രമായി ഒരു പാക്കേജ് അനുവദിക്കണമെന്ന് വിവിധ രാഷ്ട്രീയ പാർട്ടികളും മത്സ്യത്തൊഴിലാളി സംഘടനകളും സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഒന്നും നടപ്പായിട്ടില്ലെന്നും ആക്ഷേപമുണ്ട്.
അപകടം പതിവാകുന്നു
-------------------------------------
ശക്തമായ തിരയടികാരണം നിരവധി വള്ളങ്ങൾക്ക് കേടുപാടുകൾ ഉണ്ടാവുക സാധാരണമാണ്. എന്നാൽ തിരയടി കൂടുതലാണെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. അടുത്തിടെ അഞ്ചുതെങ്ങ് തീരത്തുനിന്നും മത്സ്യബന്ധനത്തിന് പോയ നാലുപേരാണ് അപകടത്തിൽ മരിച്ചത്. തുടർച്ചയായി പെയ്ത മഴയിൽ തീരത്തെ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. ഉയർന്ന പ്രദേശങ്ങളിൽ നിന്ന് ഓടകളിലൂടെ ഒഴുകിയെത്തുന്ന മലിനജലം ദിവസങ്ങളോളം റോഡിൽ കെട്ടിക്കിടക്കുന്ന അവസ്ഥയുമുണ്ട്.