തിരുവനന്തപുരം: തലസ്ഥാനത്ത് തീവ്രരോഗവ്യാപനം സാക്ഷ്യപ്പെടുത്തി രോഗികളുടെ എണ്ണം ആയിരത്തോടടുക്കുന്നു. 923 പേർക്കാണ് ഇന്നലെ ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചത്. പ്രതിദിന കണക്കിലെ ഏറ്റവും വലിയ വർദ്ധനയാണിത്. പത്തുദിവസത്തിനിടെ 6499 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. തുടർച്ചയായ മൂന്നാം ദിനമാണ് രോഗികളുടെ എണ്ണം 600ന് മുകളിൽ കടക്കുന്നത്. നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 6954 ആയി. ഇന്നലെ 767 പേർക്കു സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 126 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 27 പേർ വീട്ടുനിരീക്ഷണത്തിലായിരുന്നു. 3 പേർ അന്യസംസ്ഥാനത്തു നിന്നുമെത്തിയതാണ്. മൂന്നു പേരുടെ മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. തിരുമല സ്വദേശി പ്രതാപചന്ദ്രൻ (75), ബാലരാമപുരം സ്വദേശി രാജൻ (53), പൂന്തുറ സ്വദേശിനി മേഴ്സ്ലി (72) എന്നിവരുടെ മരണമാണ് കൊവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചത്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 405 പേർ സ്ത്രീകളും 521 പേർ പുരുഷന്മാരുമാണ്. ഇവരിൽ 15 വയസിനു താഴെയുള്ള 101 പേരും 60 വയസിനു മുകളിലുള്ള 153 പേരുമുണ്ട്. ഇന്നലെ 27 ആരോഗ്യപ്രവർത്തകർക്കും രോഗബാധ കണ്ടെത്തി. 488 പേർക്ക് രോഗമുക്തിയുണ്ട്.
പുതുതായി നിരീക്ഷണത്തിലായവർ -2,014
ആകെ നിരീക്ഷണത്തിലുള്ളവർ -25,538
ആശുപത്രികളിൽ- 4,014
വീടുകളിൽ -20,883
കൊവിഡ് സെന്ററുകളിൽ- 641