തിരുവനന്തപുരം: നഗരത്തെ സ്മാർട്ടാക്കാനുള്ള പദ്ധതിയിൽ നേരിട്ട സമയനഷ്ടം നികത്താനുള്ള ഓട്ടത്തിലാണ് സ്മാർട്ട് സിറ്രി അധികൃതർ. 100 നഗരങ്ങളിൽ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച സ്മാർട്ട് സിറ്രി പദ്ധതിക്കായി രണ്ടാം ഘട്ടത്തിലാണ് തിരുവനന്തപുരത്തെ പരിഗണിച്ചത്. ആദ്യത്തെ രണ്ടുവർഷം കൺസൾട്ടന്റുമായി ബന്ധപ്പെട്ട വിവാദം ഉയർന്നു. ഒടുവിൽ കൺസൾട്ടന്റിനെ മാറ്രി ഡൽഹി ആസ്ഥാനമായ ഐ.പി.ഇ ഗ്ലോബിനെ കൺസൾട്ടന്റാക്കി. നഗരങ്ങളിലെ ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുക, കുടിവെള്ള വിതരണം, എനർജി മാനേജ്മെന്റ്, മാലിന്യ നിർമ്മാർജനം, ഗതാഗതം, ആധുനിക സാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തിലുള്ള ഇൻഫർമേഷൻ കിയോസ്കുകൾ, ചേരി നിർമ്മാർജനം എന്നിവയുമായി ബന്ധപ്പെട്ട പദ്ധതികളാണ് സ്മാർട്ട് സിറ്റിയിലുള്ളത്. ചെറിയ പദ്ധതികൾ മാത്രമാണ് ഇപ്പോൾ പൂർത്തിയാവുകയോ കാര്യമായ പുരോഗതി ഉണ്ടാവുകയോ ചെയ്തത്. 2022ഓടെ പദ്ധതികൾ പൂർത്തിയാക്കാമെന്നായിരുന്നു അധികൃതരുടെ കണക്കുകൂട്ടൽ. തുടക്കത്തിലുണ്ടായ ആശയക്കുഴപ്പവും കൊവിഡ് കാരണം പണി അനിശ്ചിതത്വത്തിലായതും തടസമായെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു. അതേസമയം സ്വദേശ് ദർശൻ, അമൃത് പദ്ധതി എന്നിവയുമായി ബന്ധപ്പെട്ട ചെറിയ പദ്ധതികൾ പൂർത്തിയായിട്ടുണ്ട്.
സ്മാർട്ട് റോഡ് 72 കിലോമീറ്റർ
--------------------------------------------------------
ഇലക്ട്രിസിറ്രി, ബി.എസ്.എൻ.എൽ തുടങ്ങിയവ അണ്ടർഗ്രൗണ്ട് കേബിൾ വഴിയാക്കുക, ജംഗ്ഷനുകൾ നവീകരിക്കുക, സൈനേജുകൾ, സൈക്കിൾ ട്രാക്കുകൾ, നടപ്പാതകൾ എന്നിവ സ്ഥാപിച്ചാണ് റോഡിനെ സ്മാർട്ടാക്കുക. റോഡുകൾക്കു വേണ്ടിയുള്ള 604.93 കോടി രൂപയിൽ സ്മാർട്ട് സിറ്രിയിൽ നിന്ന് 526.16 കോടിയും കേന്ദ്ര സ്കീം വഴി 46.82 കോടി രൂപയും കോർപറേഷൻ വഴി 31.96 കോടി രൂപയും കിട്ടും. പാതയിലെ വൈദ്യുതീകരണം, ചെടികൾ സ്ഥാപിക്കൽ എന്നിവയൊക്കെ റോഡിലുണ്ടാകും. റോഡ് ഫണ്ട് ബോർഡ് റോഡ്, കോർപറേഷൻ റോഡ്, പൊതുമരാമത്ത് റോഡ് എന്നിവയാണ് നവീകരിക്കുക. ചാല മുതൽ മാനവീയം വീഥി വരെ റോഡ് ഒന്നാംഘട്ടത്തിലും ആൽത്തറ - അട്ടക്കുളങ്ങര രണ്ടാം ഘട്ടത്തിലും എം.ജി റോഡ് മൂന്നാംഘട്ടത്തിലും നന്നാക്കും.
പദ്ധതികൾ നിരവധി
-------------------------------
117.51 കോടി രൂപയാണ് പാളയം മാർക്കറ്ര് നവീകരണത്തിനായി ചെലവഴിക്കുക, തമ്പാനൂരിലും പബ്ലിക് ഓഫീസ് പരിസരത്തും ബഹുനില കാർ പാർക്കിംഗ് കേന്ദ്രവും ഷോപ്പിംഗ് കോംപ്ളക്സും സ്ഥാപിക്കലാണ് മറ്രൊന്ന്. 62.76 കോടി രൂപയാണ് ഇതിനായി വകയിരുത്തിയത്. കിഴക്കേകോട്ടയിലെ ബസ് സ്റ്രാൻഡിന് 43.61 കോടി രൂപയുമുണ്ട്. പനവിളയിലും ആയുർവേദ കോളേജിലും സ്മാർട്ട് ബസ് സ്റ്രോപ്പ് പൂർത്തിയായി. ആർ.എം.എസ് പരിസരത്തും വിമെൻസ് കോളേജിലും തീരുമാനിച്ച ബസ് സ്റ്റോപ്പുകൾ പൂർത്തിയായില്ല. 25 കുടിവെള്ള കിയോസ്കുകളും എങ്ങുമെത്തിയില്ല.
15 വീതം ഇ - ഓട്ടോ,
ഇ - റിക്ഷ നൽകി
ആകെ ചെലവ് 1538 കോടി
കേന്ദ്രം - 500 കോടി
സംസ്ഥാനം - 500 കോടി
കേന്ദ്ര പദ്ധതി വിഹിതം - 260 കോടി
നഗരസഭ - 135.7കോടി
പൊതു സ്വകാര്യ പങ്കാളിത്തം - 142.4 കോടി
വലിയ പദ്ധതികളുടെ പണി തുടങ്ങും - സി.ഇ.ഒ പി. ബാലകിരൺ
വലിയ പദ്ധതികളുടെ പണി ഉടൻ തുടങ്ങുമെന്ന് സ്മാർട്ട് സിറ്രി സി.ഇ.ഒ പി. ബാലകിരൺ പറഞ്ഞു. പാളയം മാർക്കറ്ര് നവീകരണം അടുത്ത വർഷം ഡിസംബറിൽ തീരും. റോഡുകളുടെ പ്രവൃത്തിയുടെ ടെൻഡറായി.