SignIn
Kerala Kaumudi Online
Tuesday, 20 October 2020 3.03 PM IST

കൂടത്തിൽ കേസ് കുടത്തിലായി, സംശയങ്ങളും ആശങ്കയും ബാക്കിയാക്കി നാട്ടുകാർ

koodam

തിരുവനന്തപുരം: കോടികളുടെ സ്വത്ത് തട്ടിപ്പും സംശയകരമായ മരണങ്ങളുമുണ്ടായെന്ന ആക്ഷേപമുയർന്ന കരമന കാലടി കൂടത്തിൽ കേസിൽ ഒരുവർഷമായിട്ടും അന്വേഷണം ഇഴയുന്നു. കൂടത്തായിയിൽ ജോളിയുടെ അരും കൊലകൾ വെളിച്ചത്ത് വന്നതിന് പിന്നാലെയാണ് കൂടത്തിൽകേസും ഉയർന്നുവന്നത്. കൂടത്തായി കേസിൽ ഒന്നിന് പിറകേ മറ്റൊന്നായി ജോളി നടത്തിയ അരുംകൊലകളുടെയും സ്വത്ത് തട്ടിയെടുക്കലിന്റെയും ചുരുളഴിച്ച പൊലീസ് കുറ്റപത്രം സമർപ്പിക്കുകയും വിചാരണ നടപടികൾ ആരംഭിക്കുകയും ചെയ്തിരിക്കെ തലസ്ഥാന ജില്ളയെ ഞെട്ടിച്ച കൂടത്തിൽ കേസിൽ നാട്ടുകാരുടെ സംശയങ്ങളും ദുരൂഹതകളും ഇനിയും ബാക്കിയാകുകയാണ്.

കൂടത്തിൽ തറവാട്ടിൽ തുടർച്ചയായുണ്ടായ ദുരൂഹ മരണങ്ങളിലും വ്യാജരേഖചമച്ച് സ്വത്തുക്കൾ തട്ടിയെടുത്തതിലും സംശയമുണ്ടെന്ന് ആരോപിച്ച് കരമന സ്വദേശി അനിൽകുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ഒക്ടോബറിലാണ് പ്രത്യേക സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചത്. ജില്ലാ ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ വിൽപത്രം തയ്യാറാക്കലുമായി ബന്ധപ്പെട്ടും അല്ലാതെയും സംശയങ്ങൾക്ക് അടിവരയിടുന്ന നിരവധി തെളിവുകൾ പൊന്തിവന്നെങ്കിലും വർഷങ്ങൾക്ക് മുമ്പുള്ള കേസിൽ തെളിവുശേഖരണം ദുഷ്കരമാണെന്ന അന്വേഷണ ഉദ്യോഗസ്ഥരുടെ മുൻവിധിയാണ് കേസിനെ അട്ടിമറിച്ചത്. കൂടത്തിൽ തറവാട്ടിലെ ഗോപിനാഥൻ നായരുടെ ഭാര്യ പ്രസന്നകുമാരിയുടെ മൊഴി രേഖപ്പെടുത്തി പൊലീസ് തുടങ്ങിയ അന്വേഷണം ചില ഇടപെടൽ കാരണം പുരോഗമിച്ചില്ലെന്നാണ് ആക്ഷേപം. കേസ് അന്വേഷണം ശരിയായ ദിശയിലല്ലെന്ന് ആരോപിച്ച് അനിൽകുമാർ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടിട്ടും അന്വേഷണത്തിൽ കാര്യമായ പുരോഗതി കൈവരാത്തത് ദുരൂഹതകൾക്കും സംശയങ്ങൾക്കും ഇടയാക്കിയിരിക്കുകയാണ്.

ആദ്യം കേസ് അന്വേഷണത്തിന് മേൽനോട്ടം വഹിച്ച ജില്ലാ ക്രൈംബ്രാഞ്ച് അസി. കമ്മിഷണറെ കൊല്ലത്തേക്ക് മാറ്റി പകരംട്രാഫിക് അസി.കമ്മിഷണറായിരുന്ന സുൾഫിക്കറിനെ നിയമിച്ചെങ്കിലും കേസ് ഇപ്പോഴും ഫയലിലുറങ്ങുകയാണ്. കൊവിഡ് നിയന്ത്രണങ്ങളും പിന്നാലെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് രാഷ്ട്രീയ സമരങ്ങളിലും സംഘർഷങ്ങളിലും ക്രമസമാധാന പാലനത്തിന് അന്വേഷണ ഉദ്യോഗസ്ഥനെ നിയോഗിക്കുന്നതാണ് ഇപ്പോഴത്തെ തടസം . കേസിന്റെ തുടക്കത്തിൽ അന്വേഷണ സംഘത്തിനുണ്ടായ താത്പര്യം കേസുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾ പുറത്തുവന്നശേഷം ഉണ്ടാകാത്തതിനാൽ കേസ് ഒതുക്കി തീർക്കാനുള്ള നീക്കമാണോ എന്ന സംശയത്തിലാണ് നാട്ടുകാർ.

കൂടത്തിൽ തറവാട്ടിൽ ഏറ്റവും അവസാനം ദുരൂഹ സാഹചര്യത്തിൽ മരിച്ച ജയമാധവൻനായരെ ഓട്ടോയിൽ ആശുപത്രിയിൽ കൊണ്ടുപോയതായിട്ടായിരുന്നു കേസിൽ സംശയനിഴലിലുള്ളവർ പൊലീസിനോട് പറഞ്ഞത്. എന്നാൽ, ഇതിനായി അഞ്ചുലക്ഷം രൂപ വാഗ്ദാനം ചെയ്ത് ഓട്ടോക്കാരനെ കള്ളസാക്ഷി പറയിക്കാൻ ശ്രമിച്ചതും വിൽപത്രം തയ്യാറാക്കിയതിലെ സാക്ഷി, വിൽപത്രത്തിൽ വീട്ടിൽ വച്ചാണ് ഒപ്പിട്ടതെന്ന് വെളിപ്പെടുത്തിയതും ദുരൂഹത കൂട്ടി. എന്നാൽ വിൽപത്രം തയ്യാറാക്കിയ ആളെ കണ്ടെത്താനോ ഓട്ടോക്കാരന്റെ മൊഴിയിൽ തുടരന്വേഷണത്തിനോ അന്വേഷണ സംഘം തയ്യാറായില്ല.

അന്വേഷണത്തിന്റെ നാൾവഴി

 പരാതിക്കാരിയും കൂടത്തിൽ തറവാട്ടിലെ ഗോപിനാഥൻനായരുടെ ഭാര്യയുമായ പ്രസന്നകുമാരിയുടെയും മകൻ പ്രകാശിന്റെയും മൊഴി രേഖപ്പെടുത്തി

 മറ്റൊരു പരാതിക്കാരനായ അനിൽകുമാറിന്റെ മൊഴിയെടുത്തു

 കൂടത്തിൽ തറവാട്ടിൽ നടത്തിയ തെളിവെടുപ്പിൽ രക്തം പുരണ്ട പട്ടികകഷണം കണ്ടെത്തി

 ചികിത്സാ രേഖകളും വസ്ത്രങ്ങളും നശിപ്പിച്ചതായി സ്ഥിരീകരിച്ചു

 വീട്ടിനുളളിലെ രക്തക്കറയും മറ്റും കഴുകി നീക്കിയതായി കണ്ടെത്തി

 ഫോറൻസിക് പരിശോധനയിലൂടെ നിർണായക തെളിവുകളും വിവരങ്ങളും ശേഖരിച്ചു

 സ്വത്തുക്കളുടെ വിവരങ്ങൾ ശേഖരിച്ചു

 പ്രതികളെന്ന് സംശയിക്കുന്നവരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു

 ഫോറൻസിക് വിദഗ്ദ്ധരുടെ സഹായത്തോടെ തെളിവുകൾ സമാഹരിച്ചു

 ജയമാധവൻനായരുടെ പുരികച്ചുഴിയിൽ അടിയേറ്റതായും പ്രഹരിച്ചതായും മൂക്കിലും വായിലും രക്തക്കറ ഉണ്ടായിരുന്നതായും പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടറിൽ നിന്ന് മനസിലാക്കി.

 കാര്യസ്ഥന്റെയും വീട്ടുവേലക്കാരിയുടെയും സഹായിയുടെയും മൊഴികൾ രേഖപ്പെടുത്തി

 ജയമാധവൻനായരെ ആശുപത്രിയിലെത്തിച്ചതിന് വ്യാജ സാക്ഷിയായി ഓട്ടോക്കാരനെ കൊണ്ടുവരാനുള്ള നീക്കം പൊളിച്ചു

ഭൂമികൈമാറ്റവും ബാങ്ക് ഇടപാടുകളും മരവിപ്പിച്ചു
കേസ് അന്വേഷണത്തിന്റെ ഭാഗമായി കൂടത്തിൽ തറവാട്ട് വക വസ്തുക്കളുടെ കൈമാറ്റവും കാര്യസ്ഥനുൾപ്പെടെയുള്ളവരുടെ ബാങ്ക് ഇടപാടുകളും മാസങ്ങൾക്ക് മുമ്പ് മരവിപ്പിച്ചിരുന്നു. കേസിന്റെ ആദ്യഘട്ടത്തിൽ മുൻ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എം.എസ് സന്തോഷ് കുമാറാണ് ഇത് സംബന്ധിച്ച് ബാങ്ക് അധികൃതർക്കും ജില്ലാ രജിസ്ട്രാർക്കും കത്തുകൾ നൽകിയത്. അതിനുശേഷം അന്വേഷണ ചുമതലയേറ്റെടുത്ത ഡിവൈ.എസ്.പി സുൾഫിക്കർ കേസ് തെളിയിക്കുന്നതിനായി ആത്മാർത്ഥമായ ശ്രമങ്ങൾ നടത്തിവരുന്നതിനിടെയാണ് അദ്ദേഹത്തെ കൊവിഡ് ഡ്യൂട്ടിയിലും സ്വർണക്കടത്തുമായി ബന്ധപ്പെട്ട രാഷ്ട്രീയ സമരങ്ങളുടെ ക്രമസമാധാന ചുമതലയിലും നിയോഗിച്ചത്. ബാങ്ക് ഇടപാടുകളും വസ്തുകൈമാറ്റവും മരവിപ്പിക്കാൻ അന്വേഷണ സംഘം നടത്തിയ നടപടികളും ജയമാധവൻ നായരുടെ മരണത്തിലെ അസ്വാഭാവികതകളും 'ഫ്ളാഷ്' നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

നഗരത്തിന്റെ കണ്ണായ സ്ഥലങ്ങളിൽ കൂടത്തിൽ തറവാട്ടുവകയായ വസ്തുക്കൾ തിരിച്ചറിയുകയും കരമന കുളപ്പുറം ജംഗ്ഷനിൽ കൂടത്തിൽ വക വസ്തുവിലെ നിർമ്മാണം നിറുത്തിവയ്ക്കാൻ ആവശ്യപ്പെടുകയും മാത്രമാണ് പുതിയ അന്വേഷണ സംഘത്തിന് ചെയ്യാൻ കഴിഞ്ഞത്. വിൽപത്രം തയ്യാറാക്കിയ എഴുത്തുകാരനെ കണ്ടെത്താനോ അന്വേഷണം വഴിതെറ്റിക്കാൻ ഓട്ടോക്കാരന് അഞ്ച് ലക്ഷം രൂപ വാഗ്ദാനം ചെയ്തതുൾപ്പെടെയുള്ള കാര്യങ്ങളിലോ മതിയായ അന്വേഷണമുണ്ടായിട്ടില്ലെന്നാണ് ആക്ഷേപം

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CASE DIARY, KOODATHIL DEATH, KOODATHIL MURDER
KERALA KAUMUDI EPAPER
TRENDING IN CASE DIARY
VIDEOS
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.