സീരിയൽ നടൻ ശബരീനാഥിന്റെ വിയോഗത്തിന്റെ ആഘാതത്തിൽ സഹപ്രവർത്തകർ
നടൻ ശബരീനാഥിന്റെ അപ്രതീക്ഷിത വിയോഗത്തിൽ വിറങ്ങലിച്ച് സീരിയൽ ലോകം. സീരിയൽ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് എല്ലാം ശബരി പ്രിയപ്പെട്ട ആളായിരുന്നു,എപ്പോഴും ചിരിച്ച മുഖം. ഒരു ദുശീലവുമില്ല.വ്യായാമം ദിനചര്യയായി കൊണ്ട് നടന്ന ആൾ. ഷട്ടിൽ കളിക്കുന്നതിനിടെ തളർന്നു വീണാണ് മരണം. സഹപ്രവർത്തക്കർക്ക് വിശ്വസിക്കാൻ കഴിയുന്നില്ല പ്രിയ ശബരിയുടെ വിയോഗം.സാജൻ സൂര്യ, കിഷോർ സത്യ, എം. ബി പദ്മകുമാർ, മനോജ് കുമാർ എന്നീ സഹപ്രവർത്തകരുമായി ശബരി ഏറെ അടുപ്പം പുലർത്തി. ഇവർക്ക് ശബരിയുടെ വിയോഗത്തെക്കുറിച്ച് പറയാൻ വാക്കുകൾ ലഭിക്കുന്നില്ല.പ്രിയപ്പെട്ടവരുടെ കുടുംബാംഗങ്ങളുമായും ശബരി സ് നേഹ ബന്ധം കാത്തുസൂക്ഷിച്ചു.
ഒരു പ്രാവശ്യം പരിചയപ്പെടുന്നവർ പിന്നീട് ഒരിക്കലും ശബരിയെ മറക്കില്ല. അതാണ് പ്രകൃതം. 15 വർഷമായി അഭിനയരംഗത്ത് സജീവമായിരുന്നു ശബരി. മിന്നുകെട്ട് ,അമല, സ്വാമി അയ്യപ്പൻ തുടങ്ങിയ സീരിയലുകളിലൂടെയാണ് ശബരി ശ്രദ്ധേയനായത്. പാടാത്ത പൈങ്കിളി, സാഗരം സാക്ഷി, പ്രണയിനി എന്നീ പരമ്പരകളിലും മുഖ്യ വേഷം ചെയ്തു. ഈ സീരിയലുകൾ ഏറെ പ്രേക്ഷക സ്വീകാര്യത നേടി കൊടുത്തു.സീരിയൽ നിർമാണ രംഗത്തും ശബരി പ്രവർത്തിച്ചു. പാടാത്ത പൈങ്കിളിസീരിയലിൽ അഭിനയിച്ചു വരികയായിരുന്നു.