കോട്ടയം : കൊവിഡ് വ്യാപനം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും, കുടുംബാരോഗ്യ കേന്ദ്രങ്ങളിലും, സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും സ്രവപരിശോധന കിയോസ്കുകൾ സ്ഥാപിക്കുന്നതിന് ജില്ലാ പഞ്ചായത്ത് തീരുമാനിച്ചതായി പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ അറിയിച്ചു. സ്രവ പരിശോധനകളും ആന്റിജൻ ടെസ്റ്റുകളും വർദ്ധിപ്പിക്കണമെന്നും ജില്ലാ പഞ്ചായത്ത് ആരോഗ്യവകുപ്പിന് നിർദ്ദേശം നൽകി. ഇതിനായി അടിയന്തിരമായി മൊബൈൽ പരിശോധന സംവിധാനങ്ങൾ നടപ്പിലാക്കുന്നതിന് വാഹന ക്രമീകരണം ചെയ്യും. അടിസ്ഥാന സൗകര്യങ്ങളുള്ളതും ആരോഗ്യവകുപ്പ് നിർദ്ദേശിച്ചതുമായ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളായ തലയാഴം, കൂരോപ്പട, പാറമ്പുഴ, കാളകെട്ടി, തൃക്കൊടിത്താനം, മണർകാട്, വിഴിക്കത്തോട്, കുടുംബാരോഗ്യ കേന്ദ്രങ്ങളായ പാറത്തോട്, മീനച്ചിൽ, വാഴൂർ, സാമൂഹികാരോഗ്യ കേന്ദ്രങ്ങളായ തോട്ടയ്ക്കാട്, കാണക്കാരി എന്നിവിടങ്ങളിലാണ് ഒന്നാംഘട്ടമായി കിയോസ്കുകൾ സ്ഥാപിക്കുന്നത്.