മെഹഡിയ: 'അശ്ളീലമാണെന്ന' നാട്ടുകാരുടെ പരാതി വർദ്ധിച്ചതോടെ മത്സ്യ പ്രതിമകൾ പൊളിച്ച് മാറ്റി അധികൃതർ.
മൊറോക്കോയിലെ മെഹഡിയ പട്ടണത്തിലാണ് സംഭവം.
രണ്ട് മത്സ്യങ്ങളുടെ പ്രതിമകളാണ് ഇവിടെ ഒരു റൗണ്ടിൽ സ്ഥാപിച്ചിരുന്നത്. മത്സ്യങ്ങൾ ആകാശത്തേക്ക് കുതിക്കുന്ന രീതിയിലാണ് പ്രതിമയുടെ രൂപകൽപ്പന. എന്നാൽ, പ്രതിമകൾക്ക് പുരുഷ ലൈംഗിക അവയവത്തിന്റെ രൂപമാണെന്നും, ഇത് അശ്ലീലമാണെന്നും നാട്ടുകാർ ആരോപിച്ചതോടെയാണ് ഇവ പൊളിച്ച് നീക്കാൻ അധികൃതർ തീരുമാനിച്ചത്. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് അധികൃതർ മത്സ്യപ്രതിമകൾ പൊളിച്ചുമാറ്റിയത്. പ്രതിമയുടെ സമീപം താമസിക്കുന്നവർക്ക് ഇവ വലിയ അപമാനമുണ്ടാക്കുന്നുവെന്നാണ് ചില പ്രദേശിക മാദ്ധ്യമങ്ങൾ പറയുന്നത്. ഇത്തരം അശ്ലീല പ്രതിമയ്ക്ക് വേണ്ടി ചിലവാക്കിയ തുക വേണമെങ്കിൽ മറ്റുള്ള കാര്യത്തിന് ചിലവാക്കാമായിരുന്നു എന്നാണ് പരിസരവാസികളുടെ ഭാഷ്യം. പ്രതിമ വിഷയം സമൂഹ മാദ്ധ്യമങ്ങളും ഏറ്റെടുത്തിരുന്നു. 'ഇവിടുത്തെ ജനങ്ങൾ ആവശ്യപ്പെട്ടത് നഗരത്തിന്റെ മുഖച്ഛായ മാറ്റുന്ന ഒരു നിർമ്മിതിയാണ്, പക്ഷെ അധികൃതർ തന്നതോ ഒരു പോണോഗ്രാഫിക് ശിൽപ്പം." - സമൂഹമാദ്ധ്യമങ്ങളിൽ കണ്ട കുറിപ്പിൽ പറയുന്നു. ജനരോക്ഷം കൂടിയതോടെ ഒടുവിൽ അധികൃതർ പ്രതിമ പൊളിച്ചു നീക്കി തടിതപ്പുകയും ചെയ്തു.