ബുക്കാറെസ്റ്റ്: 23.54 കോടി രൂപയിലെറെ വില വരുന്ന അമൂല്യവും അപൂർവവുമായ പുസ്തക ശേഖരം റൊമാനിയയിലെ ഒരു ഗ്രാമത്തിൽ കണ്ടെത്തി. ഗലീലിയോ, ഐസക്ക് ന്യൂട്ടൺ എന്നിവരുടെ പുസ്തകങ്ങളുടെ ആദ്യ കോപ്പികളടക്കമുള്ള 200 ഓളം പുസ്തകങ്ങളാണ് ലണ്ടനിലെ പടിഞ്ഞാറൻ ലണ്ടനിലെ ഫെൽതാമിലുള്ള വെയർഹൗസിൽ നിന്ന് മോഷ്ടിക്കപ്പെട്ടത്. ഡാന്റേയുടെ അപൂർവ പതിപ്പുകളും സ്പാനിഷ് ചിത്രകാരൻ ഫ്രാൻസിസ്കോ ഡി ഗോയയുടെ രേഖാചിത്രങ്ങളും പുസ്തകക്കൂട്ടത്തിലുണ്ട്. 2017ലാണ് പുസ്തകങ്ങൾ മോഷണം പോയത്. വെയർഹൗസിന്റെ മേൽക്കൂരയിൽ ദ്വാരം ഉണ്ടാക്കിയാണ് മോഷ്ടാക്കൾ അകത്തുകടന്നത്. റൊമാനിയൻ കുറ്റവാളി സംഘമാണ് മോഷണം നടത്തിയതെന്ന് തിരിച്ചറിഞ്ഞിരുന്നു. ബ്രിട്ടനിലുടനീളം ഈ കുറ്റവാളി സംഘം വെയർഹൗസുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയിട്ടുണ്ടെന്ന് ലണ്ടൻ പൊലീസ് കണ്ടെത്തിയിരുന്നു. ബുധനാഴ്ച വടക്കുകിഴക്കൻ റൊമാനിയയിലെ നീംതിലുള്ള ഒരു വീട്ടിൽ പൊലീസ് പരിശോധന നടത്തിയപ്പോഴാണ് അമൂല്യ പുസ്തകശേഖരം കണ്ടെത്തിയത്. മോഷണവുമായി ബന്ധപ്പെട്ട് ബ്രിട്ടൻ, റൊമാനിയ, ഇറ്റലി എന്നിവിടങ്ങളിലെ 45 ഇടങ്ങളിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. സംഭവത്തിൽ 13 പേർ പിടിയിലായിട്ടുണ്ട്.