ന്യൂഡൽഹി: കൊവിഡ് രോഗമുക്തിയിൽ അമേരിക്കയെ മറികടന്ന് ഇന്ത്യ ലോകത്ത് ഒന്നാമതെത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. രാജ്യത്തെ രോഗമുക്തർ 42 ലക്ഷം പിന്നിട്ടു. അമേരിക്കയിലിത് 41.91 ലക്ഷം. മൂന്നാമതുള്ള ബ്രസീലിൽ 38 ലക്ഷത്തോളം പേരാണ് സുഖംപ്രാപിച്ചത്.
24 മണിക്കൂറിനിടെ പ്രതിദിന രോഗികളുടെ എണ്ണത്തെക്കാൾ കൂടുതൽപ്പേർ രോഗമുക്തി നേടി.
24 മണിക്കൂറിനിടെ 95,885 പേർ സുഖം പ്രാപിച്ചപ്പോൾ പുതുതായി രോഗം ബാധിച്ചത് 93,337 പേർക്കാണ്. രോഗമുക്തി നിരക്ക് 79.28 ശതമാനമായി ഉയർന്നു.
ആകെ രോഗികൾ 54 ലക്ഷത്തോടടുത്തു. 1247 മരണം കൂടിയായതോടെ ആകെ മരണം 86,000 കടന്നു.
രോഗമുക്തരിൽ 90 ശതമാനവും കേരളമുൾപ്പെടെയുള്ള 15 സംസ്ഥാന, കേന്ദ്രഭരണപ്രദേശങ്ങളിലായാണ്. മഹാരാഷ്ട്ര, ആന്ധ്ര,തമിഴ്നാട്, കർണാടക,യു.പി സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ രോഗികളും രോഗമുക്തരും.
കർണാടകയിൽ നിയമസഭാ സമ്മേളനം നാളെ ആരംഭിക്കാനിരിക്കെ ഉപമുഖ്യമന്ത്രി സി.എൻ അശ്വത്ത് നാരായണന് കൊവിഡ്.
ഡൽഹി ന്യൂനപക്ഷ കമ്മിഷൻ അംഗം ഖവാൽജീത് സിംഗ് (60) കൊവിഡ് ബാധിച്ച് മരിച്ചു. കഴിഞ്ഞമാസമാണ് കമ്മിഷൻ അംഗമായി ചുമതലയേറ്റത്.
തെലങ്കാന ആരോഗ്യമന്ത്രിയുടെ ഓഫീസിലെ ഏഴുപേർക്ക് രോഗം.
ഉത്തരാഖണ്ഡിലെപ്രതിപക്ഷ നേതാവും മുതിർന്ന കോൺഗ്രസ് നേതാവുമായ ഇന്ദിര ഹൃദയേഷിന് കൊവിഡ്.