മുംബയ്: 'ഐ.എൻ.എസ് വിരാട് മരിക്കുന്നില്ല, അവളുടെ ആത്മാവ് എന്നും ഞങ്ങൾക്കൊപ്പമുണ്ടാകും.' 30 വർഷത്തോളം ഇന്ത്യയുടെ കടൽ അതിർത്തികൾ സംരക്ഷിച്ച പോരാളി, ഇന്ത്യൻ നാവികസേനയുടെ യുദ്ധകപ്പലായ ഐ.എൻ.എസ് വിരാടിന് അന്ത്യാഞ്ജലി അർപ്പിച്ച് നേവിയുടെ ട്വിറ്ററിൽ കുറിച്ചതാണിത്.
കപ്പലുകളുടെ ലോകത്തിലെ ഏറ്റവും വലിയ അന്ത്യവിശ്രമകേന്ദ്രമായ ഗുജറാത്തിലെ അലംഗിലേക്കാണ് വിരാടിന്റെ രണ്ടുദിവസം നീളുന്ന അവസാന യാത്ര. 2017 മാർച്ചിൽ ഡി കമ്മിഷൻ ചെയ്ത ഈ യുദ്ധവിമാനവാഹിനിയെ പൊളിച്ചു വിൽക്കാനാണ് തീരുമാനം.
ടഗ് ബോട്ടുകളുപയോഗിച്ച് നീക്കുന്ന പടുകൂറ്റൻ പടക്കപ്പലിന് രാജകീയവും വികാരനിർഭരവുമായ യാത്രയയപ്പാണ് മുംബയ് നേവൽ ഡോക്യാർഡിൽ നടന്ന ചടങ്ങിൽ നാവികസേന നൽകിയത്. വിരാടിനുള്ള ബഹുമതിയായി നാവികസേനയുടെ ഹെലികോപ്ടർ അകമ്പടിയായി പറന്നു.
852 കോടി രൂപ ചെലവിൽ കൊങ്കണിലെ സിന്ധുദുർഗിൽ മാരിടൈം മ്യൂസിയമാക്കി മാറ്റാനുള്ള തീരുമാനം ഉപേക്ഷിച്ചതോടെയാണ് വിരാടിനെ പൊളിയ്ക്കാനുള്ള നീക്കം ആരംഭിച്ചത്.
ഇന്ത്യൻ നാവികസേനയുടെ ചരിത്രത്തിലെ സുവർണകാലഘട്ടത്തിന്റെ അന്ത്യം
-പ്രതിരോധ വക്താവിന്റെ ട്വീറ്റ്
1959ൽ ബ്രിട്ടീഷ് റോയൽ നേവിയ്ക്കായി നിർമിക്കുകയും 1984ൽ ഡി കമ്മിഷൻ ചെയ്യുകയും ചെയ്ത എച്ച്.എം.എസ് ഹെർമിസ് 1987ൽ ഇന്ത്യ വാങ്ങി 'ഐ.എൻ.എസ് വിരാട്' എന്നു പേരിട്ടു.
ഇന്ത്യയുടെ രണ്ടാമത്തെ യുദ്ധക്കപ്പൽ
റോയൽ നേവിയിൽ ഹെലികോപ്ടർ പൈലറ്റായിരുന്ന ചാൾസ് രാജകുമാരൻ ജോലി ചെയ്ത കപ്പൽ.
28,000 ടൺ ഭാരമുള്ള വിരാട് 1991 മുതൽ മാസങ്ങളോളം നീളുന്ന അറ്റകുറ്റപണികൾക്കായി കൃത്യമായ ഇടവേളകളിൽ കൊച്ചിൻ ഷിപ്പ് യാർഡിലെത്തിയിരുന്നു.
ലോകത്തിലെ ഏറ്റവും പഴക്കമുള്ള വിമാനവാഹിനിക്കപ്പലിനെ ഉപേക്ഷിക്കാൻ നാവികസേന പലതവണ തീരുമാനിച്ചിരുന്നെങ്കിലും നടന്നില്ല.
കപ്പലിന്റെ പഴക്കം ദൈനംദിന ചെലവ് കൂടുതലാക്കിയതിനാൽ വിരാടിനെ ഡി കമ്മിഷൻ ചെയ്യാൻ നാവികസേന നിർബന്ധിതമായി.
ശ്രീറാം ഗ്രൂപ് എന്ന കപ്പൽ പൊളിക്കൽ കമ്പനിയാണ് വിരാടിനെ ലേലത്തിൽ പിടിച്ചത്.