ബീജിംഗ്: കൊവിഡ് കെടുതികളിൽ നിന്ന് ലോകരാജ്യങ്ങൾ മോചിതരാകുന്നതിന് മുൻപ് തന്നെ കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയിൽ മറ്റൊരു വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത് ഞെട്ടലോടെയാണ് നാം ശ്രവിച്ചത്. ചൈനയിലെ ഒരു മരുന്ന് നിർമ്മാണ ഫാക്ടറിയിൽ ബാക്ടീരിയ അടങ്ങിയ മലിന വാതകം ചോർന്നതും വായു മലിനമായതുമാണ് ഇതിന് കാരണം. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പടരുന്ന ബ്രൂസിലോസിസ് രോഗമാണിതെന്നും ഇത് 3245 പേർക്ക് ബാധിച്ചെന്നുമാണ് വിവരം.ബ്രൂസിലോസിസ് മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പടരുന്നത് വിരളമാണെന്നാണ് സെന്റേഴ്സ് ഫോർഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷൻ പറയുന്നത്. ലാൻഷോയിൽ, മലിനമായ ഭക്ഷണം കഴിക്കുന്നവർക്കും ബാക്ടീരിയകൾ നിറഞ്ഞ വായു ശ്വസിക്കുന്നവർക്കുമാണ് ആണ് രോഗം പിടിപെട്ടത്.
രോഗലക്ഷണങ്ങൾ
മാൾട്ടാ പനിയെന്നും ഈ രോഗത്തിന് വിളിപ്പേരുണ്ട്. പേശീ വേദന, പനി, ക്ഷീണം, തലവേദന എന്നിവ സാധാരണ ലക്ഷണങ്ങൾ. രോഗബാധിതരിൽ സന്ധിവാതം അല്ലെങ്കിൽ അവയവങ്ങളിൽ വീക്കം, ആവർത്തിച്ചുള്ള പനി, ഹൃദയത്തിന്റെ വീക്കം, മുതുക് സംബന്ധമായ ഒരു രോഗം എന്നിവയാണ് മറ്റ് ലക്ഷണങ്ങൾ. ആദ്യ ഘട്ടത്തിൽ, രോഗികൾക്ക് സാധാരണയായി പകർച്ചപ്പനി പിടിപെട്ടാൽ കണ്ടെത്താൻ വളരെ പ്രയാസമാണ്.
പ്രതിരോധം
പ്രതിരോധത്തിനായി, ശുദ്ധീകരിക്കാത്ത പാലുൽപ്പന്നങ്ങൾ ഒഴിവാക്കണം. കയ്യുറകൾ ധരിക്കണം, വളർത്തു മൃഗങ്ങൾക്ക് വാക്സിനേഷൻ നൽകണം, ജോലി സ്ഥലത്ത് മുൻകരുതലുകൾ എടുക്കണം, മാംസം ശരിയായി പാകം ചെയ്യണം. മൃഗസംരക്ഷണ കേന്ദ്രങ്ങളിലോ അറവുശാലകളിലോ ജോലി ചെയ്യുന്നവർക്ക് അണുബാധ ഏൽക്കാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. മൃഗഡോക്ടർമാരും കർഷകരും മുൻകരുതലുകൾ എടുക്കണം.