തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കേരള രാഷ്ട്രീയം തിളച്ചുമറിയുമ്പോൾ, ശ്രദ്ധാകേന്ദ്രം വിശുദ്ധ ഖുറാനിലേക്ക് തിരിച്ചുവിടാനുള്ള സി.പി.എം തന്ത്രം മറ്റൊരു പോർമുഖം തുറന്നു.
എൻഫോഴ്സ് മെന്റ് ഡയറക്ടറേറ്റിന്റെയും എൻ.ഐ.എയുടെയും ചോദ്യം ചെയ്യലിന് വിധേയനായ മന്ത്രി കെ.ടി. ജലീലിനെതിരെയുള്ള യു.ഡി.എഫ്, ബി.ജെ.പി പ്രതിഷേധമുറകൾ കനത്തതോടെയാണ് വിശുദ്ധ ഖുറാനെ അധിക്ഷേപിക്കുന്നുവെന്ന ആരോപണവുമായി സി.പി.എം രംഗത്തിറങ്ങിയത്. വിശുദ്ധ ഖുറാനെ സ്വർണക്കടത്ത് പോലുള്ള ആക്ഷേപങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നതിൽ മുസ്ലിം സംഘടനകൾക്കുള്ള നീരസം തിരിച്ചറിഞ്ഞാണ് സി.പി.എമ്മിന്റെ നീക്കം.
വിശുദ്ധഗ്രന്ഥത്തെ മറയാക്കി സി.പി.എം വർഗ്ഗീയത പറയുന്നുവെന്ന ആക്ഷേപവുമായി കോൺഗ്രസും ലീഗും രംഗത്ത് എത്തിയതോടെ വിഷയം ഇരുതല മൂർച്ചയുള്ളതായി. ശബരിമലയുടേതിന് സമാനമായ വിശ്വാസ രാഷ്ട്രീയത്തിലേക്ക് ചർച്ചകൾ വഴിമാറി.
വിശുദ്ധഗ്രന്ഥം കൊണ്ടുവന്നതിനെതിരെയാണ് പ്രതിപക്ഷസമരമെന്ന് പ്രചരിപ്പിക്കാനാണ് ഭരണപക്ഷ ശ്രമം. റമദാൻ കാലത്ത് വിശുദ്ധ ഖുറാനും സക്കാത്തും വിതരണം ചെയ്തതിന് ജലീലിനെ വേട്ടയാടുന്നുവെന്നാണ് ഭരണ പക്ഷത്തിന്റെ വാദം.
വിവാദമുയർന്നപ്പോൾ തന്നെ വിവിധ മുസ്ലിം സംഘടനകൾ ഖുറാനെ സമരവിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നതിനെതിരെ രംഗത്തെത്തിയിരുന്നു. ബോധപൂർവമാണ് സി.പി.എം ഈ ദിശയിലേക്ക് വിവാദം തിരിച്ചുവിട്ടത്. പിടിച്ചുനിൽക്കാൻ സി.പി.എമ്മിന് ഇതല്ലാതെ മറ്റൊരു വഴിയില്ലായിരുന്നു. ഇതിലെ അപകടം തിരിച്ചറിഞ്ഞാണ് കോൺഗ്രസ്, ലീഗ് നേതാക്കൾ കൂടിയാലോചിച്ച് ഖുറാനെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കേണ്ടെന്ന നിലപാടെടുത്തത്. സി.പി.എം നീക്കം വർഗീയമാണെന്നാരോപിച്ച് കരുതലോടെയാണ് യു.ഡി.എഫ് നീങ്ങുന്നത്.
ഇതിൽ വർഗ്ഗീയത ആരോപിക്കുന്ന പ്രതിപക്ഷം ശബരിമല വിഷയത്തെ ഏതു രീതിയിൽ ഉപയോഗിച്ചുവെന്ന് ചോദിക്കുകയാണ് ഇടതുകേന്ദ്രങ്ങൾ.
2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അകന്നുനിന്ന മതന്യൂനപക്ഷങ്ങൾ ലോക്സഭാ തിരഞ്ഞെടുപ്പോടെ തിരിച്ചെത്തിയെന്ന ആശ്വാസത്തിലാണ് യു.ഡി.എഫ്.
അതേസമയം, ഖുറാൻ വിഷയമുയർത്തി മന്ത്രി ജലീലിനെതിരായ പ്രക്ഷോഭം കനപ്പിക്കുന്ന ബി.ജെ.പി ഇതിലൂടെ ഹിന്ദുധ്രുവീകരണ സാദ്ധ്യത തേടുകയുമാണ്. ജലീലിനെ മഅ്ദനിയോടുപമിച്ച് ബി.ജെ.പി മുഖപത്രത്തിൽ വന്ന ലേഖനം അതിന്റെ സൂചനയാണ്.