തിരുവനന്തപുരം: കൊവിഡ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ബാറുകൾ ഉടൻ തുറന്ന് പ്രവർത്തിക്കില്ല.
നിയന്ത്രണങ്ങളോടെ ബാറിൽ ഇരുന്ന് മദ്യപിക്കാൻ അനുമതി നൽകണമെന്ന എക്സൈസ് കമ്മിഷണറുടെ ശുപാർശ സർക്കാർ തള്ളി. കേന്ദ്രം ലോക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചതിന് പിന്നാലെ രാജ്യത്തെ 11 സംസ്ഥാനങ്ങളിൽ ബാറുകൾ തുറന്നു. ഇതിന്റെ ചുവടുപിടിച്ചാണ് സംസ്ഥാനത്തും ബാറുകൾ തുറക്കണമെന്ന് എക്സൈസ് കമ്മീഷണർ ശുപാർശ ചെയ്തത്.
ബാറുകൾ തുറക്കുന്നത് കൊവിഡ് വ്യാപനത്തിന് കാരണമായേക്കുമെന്ന് പ്രതിപക്ഷം വിമർശനം ഉയർത്തിയിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് ബാറുകൾ ഉടൻ തുറന്ന് പ്രവർത്തിക്കേണ്ടെന്ന് സർക്കാർ തീരുമാനിച്ചത്. ബാറുകളിൽ ഇപ്പോൾ പാഴ്സലായാണ് മദ്യം വിൽക്കുന്നത്.