ന്യൂഡൽഹി: ഖുറാനെ മറയാക്കി സ്വർണക്കടത്ത് കേസിൽ രക്ഷപ്പെടാൻ സി.പി.എം നടത്തുന്ന പ്രചാരണം ശബരിമലയെക്കാൾ വലിയ തിരിച്ചടിയാകുമെന്ന് യു.ഡി.എഫ് എം.പിമാർ. സ്വർണക്കടത്ത്, മയക്ക് മരുന്ന് കേസുകളിൽ നിന്നും മുഖ്യമന്ത്രിക്കും കോടിയേരിയുടെ കുടുംബത്തിനും രക്ഷപ്പെടാൻ വേണ്ടിയാണ് ഖുറാനെ മറയാക്കുന്നത്. ബി.ജെ.പിക്ക് വളരാനുള്ള അവസരമാണ് സി.പി.എം ഒരുക്കിക്കൊടുക്കുന്നതെന്നും എം.പിമാരായ കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബെഹനാൻ, ഇ.ടി മുഹമ്മദ് ബഷീർ, എൻ.കെ പ്രേമചന്ദ്രൻ, കെ. മുരളീധരൻ എന്നിവർ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ബി.ജെ.പിയെക്കാൾ വർഗീയത നിറഞ്ഞ പ്രസ്താവനകളാണ് സി.പി.എമ്മിന്റേത്. മതമൗലിക വാദികൾ പോലും പറയാത്ത വർഗീയതയാണ് മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ണനും പറയുന്നത്. യു.ഡി.എഫിനെ ദുർബലപ്പെടുത്താൻ തീക്കൊള്ളിക്കൊണ്ട് തലചൊറിയാൻ ശ്രമിച്ചാൽ വലിയ പ്രത്യാഘാതമുണ്ടാകുമെന്നും എം.പിമാർ പറഞ്ഞു.