തിരുവനന്തപുരം: അൽ ക്വ ഇദ ഭീകരവാദികളുടെ സാന്നിദ്ധ്യമുണ്ടായിട്ടും കേരള ഇന്റലിജൻസ് സംവിധാനവും പൊലീസും അറിയാതിരുന്നത് ഗുരുതരവീഴ്ചയെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു. ആഭ്യന്തരവകുപ്പ് പൂർണമായും പരാജയപ്പെട്ടു. സി.പി.എം ഭരണം കേരളത്തെ ഭീകരവാദികൾക്ക് വളക്കൂറുള്ള മണ്ണാക്കി മാറ്റി.എല്ലാ രാജ്യദ്രോഹ ശക്തികൾക്കും എപ്പോൾ വേണമെങ്കിലും കേരളത്തിൽ വന്ന് പോകാമെന്ന സ്ഥിതിയാണ്. മുഖ്യമന്ത്രിക്ക് രാജി വയ്ക്കാനുള്ള സുവർണാവസരമാണിത്. വിശുദ്ധ മതഗ്രന്ഥങ്ങളെ മതവികാരമിളക്കി വിടാൻ ഉപയോഗിക്കുന്നത് അത്യന്തം അപകടകരമാണ്. സ്വർണക്കള്ളക്കടത്ത്, മയക്കുമരുന്നു കേസുകളിൽ സി.പി.എം നേതാക്കളും അവരുടെ മക്കളും ഉൾപ്പെടുമെന്നുറപ്പായപ്പോൾ മതസ്പർദ്ധ വളർത്തി കലാപം സൃഷ്ടിക്കാനാണ് പാർട്ടി സെക്രട്ടറിയുടെ ശ്രമം. സി.പി.എം നേതാക്കളുടെയും ബി.ജെ.പി നേതാക്കളുടെയും സ്വർണക്കള്ളക്കടത്ത് കേസിലെ പങ്ക് അന്വേഷിക്കണം. ജലീലിനെ സംരക്ഷിക്കുന്ന നിലപാടിനോട് പ്രതികരിക്കാൻ പോളിറ്റ് ബ്യൂറോയും കേന്ദ്രകമ്മിറ്റിയും തയ്യാറാകണമെന്നും മുല്ലപ്പള്ളി പറഞ്ഞു.