അടിസ്ഥാന സൗകര്യ വികസനത്തിൽ കുതിച്ചുചാട്ടം നടത്തിക്കൊണ്ടിരിക്കുന്ന ഇന്ത്യയ്ക്ക് ഹിമാലയ താഴ്വാരത്തിൽ പൂർത്തിയായ പുതിയൊരു ടണൽപാത വലിയ മുതൽക്കൂട്ടാകാൻ പോവുകയാണ്. പതിനൊന്നായിരം അടി ഉയരത്തിൽ നിർമ്മിച്ച അടൽ ടണൽ എന്നു പേരുനൽകിയിരിക്കുന്ന ഈ തുരങ്കപ്പാത ഈ മാസം തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യാൻ പോവുകയാണ്. ഹിമാചൽ - ലേ ദേശീയ പാതയിൽ റോത്താങ് ചുരത്തിലാണ് പത്തുവർഷം നീണ്ട കഠിനാദ്ധ്വാനത്തിനു ശേഷം തുരങ്കപ്പാത യാഥാർത്ഥ്യമാകുന്നത്. 1600 കോടി രൂപ ചെലവ് കണക്കാക്കി തുടക്കമിട്ട പാത നിർമ്മാണം പ്രതികൂല സാഹചര്യങ്ങളിൽ പലവട്ടം കുടുങ്ങിയതിനാൽ നിർമ്മാണച്ചെലവ് ഇടയ്ക്കിടെ പുതുക്കേണ്ടിവന്നു. 3200 കോടി രൂപയായിട്ടുണ്ടെന്നാണ് ഏറ്റവും ഒടുവിലത്തെ കണക്ക്. ബോർഡർ റോഡ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ നടന്ന നിർമ്മാണ പ്രവർത്തനങ്ങൾ ഇതുപോലുള്ള തുരങ്കപ്പാത നിർമ്മാണത്തിൽ ഇന്ത്യ കൈവരിച്ച പ്രാഗത്ഭ്യം വിളിച്ചറിയിക്കുന്നതാണ്. പർവതമുകളിലെ എൻജിനിയറിംഗ് വിസ്മയമെന്നാണ് അടൽ തുരങ്കപ്പാത വിശേഷിപ്പിക്കപ്പെടുന്നത്. അത്രയേറെ കരവിരുതും സാങ്കേതിക മേന്മയും അത്യാധുനിക സുരക്ഷാ സംവിധാനങ്ങളും ഒത്തിണങ്ങിയതാണ് 9.02 കിലോമീറ്റർ ദൈർഘ്യമുള്ള ഈ തുരങ്കപ്പാത. ലോകത്തെ ഏറ്റവും ഉയരത്തിലുള്ള തുരങ്കപ്പാത എന്ന സവിശേഷതയും ഇതിനുണ്ട്. ഇരുഭാഗത്തേക്കും ഗതാഗതം സാദ്ധ്യമാക്കുന്ന വിധത്തിലാണ് പാതയുടെ നിർമ്മാണം. അയ്യായിരത്തോളം വാഹനങ്ങൾ പ്രതിദിനം തുരങ്കപ്പാതയിലൂടെ കടന്നുപോകുമെന്നാണ് കണക്കാക്കിയിട്ടുള്ളത്.
അടൽ തുരങ്കപ്പാതകൊണ്ട് ഏറ്റവുമധികം പ്രയോജനമുണ്ടാകാൻ പോകുന്നത് അതിർത്തി കാവലിൽ ഏർപ്പെട്ടിരിക്കുന്ന സേനയ്ക്കാണ്. മണാലി - ലേ ദേശീയപാത ശൈത്യകാലത്ത് മാസങ്ങളോളം അടച്ചിടേണ്ടിവരുന്നതിനാൽ സൈനികർക്കാവശ്യമായ സാധന സാമഗ്രികൾ എത്തിക്കുന്നതിൽ നേരിടുന്ന ബുദ്ധിമുട്ട് തുരങ്കപ്പാത തുറക്കുന്നതോടെ നല്ലതോതിൽ ഒഴിവായിക്കിട്ടും. ഈ പ്രദേശത്തുള്ള ജനങ്ങൾക്കും പാത ഏറെ ഉപകാരപ്പെടും. മലയിടിച്ചിലും മഞ്ഞുവീഴ്ചയും കാരണം വർഷത്തിൽ പകുതി സമയത്തും ഗതാഗത തടസം അനുഭവപ്പെടുന്ന മേഖലയാണിത്.
ലഡാക്കിൽ ഇപ്പോൾ ചൈന നടത്തിക്കൊണ്ടിരിക്കുന്ന സേനാനീക്കങ്ങളുടെ പശ്ചാത്തലത്തിൽ അടൽ തുരങ്കപ്പാത നമ്മുടെ സേനയ്ക്ക് ഏറെ പ്രയോജനപ്പെടും. 479 കിലോമീറ്റർ ദൈർഘ്യമുള്ള മണാലി - ലേ ഹൈവേയിലേ തുരങ്കപ്പാത തുറക്കുന്നതോടെ 46 കിലോമീറ്റർ യാത്രാദൂരം കുറയും. ഏതു കാലാവസ്ഥയിലും പാത തുറന്നിരിക്കുമെന്നതിനാൽ വാഹന നീക്കത്തിന് ഒരു തടസവുമുണ്ടാകില്ല. പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ കാലം തൊട്ടേ തുടങ്ങിയ ആലോചനയാണ് ഇതുപോലൊരു തുരങ്കപ്പാത. തുരങ്കപ്പാത നിർമ്മാണത്തിലെ വെല്ലുവിളികൾക്കു മുന്നിൽ ആലോചന അധികം മുന്നോട്ടുപോയില്ല. പിന്നീട് ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കെ 1983-ലാണ് പദ്ധതിക്കു ജീവൻ വച്ചത്. 1984-ൽ ഇന്ദിരാഗാന്ധിയുടെ ആകസ്മികമായ വേർപാടോടെ പിന്നെയും തുരങ്കപ്പാത കടലാസിൽത്തന്നെ കിടന്നു. വർഷങ്ങൾക്കു ശേഷം വാജ്പേയി സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ വന്നപ്പോൾ പദ്ധതിക്കു വീണ്ടും ജീവൻവച്ചു. എന്നാൽ അതു പ്രവൃത്തിപഥത്തിലെത്തിക്കാനുള്ള യോഗം വാജ്പേയിക്കും ഉണ്ടായില്ല. പിന്നെയും എട്ടുവർഷം കഴിഞ്ഞ് 2010-ൽ ഒന്നാം യു.പി.എ മന്ത്രിസഭയാണ് പദ്ധതി പ്രവൃത്തിപഥത്തിലെത്തിച്ചത്. യു.പി.എ അദ്ധ്യക്ഷയായ സോണിയാഗാന്ധി ശിലാസ്ഥാപനകർമ്മം നിർവഹിച്ച തുരങ്കപ്പാത പത്തുവർഷം കൊണ്ട് പൂർത്തിയായപ്പോൾ അതു നാടിനു സമർപ്പിക്കാനുള്ള നിയോഗം പ്രധാനമന്ത്രി നരേന്ദ്രമോദിയിൽ വന്നുചേർന്നു. വമ്പൻ അടിസ്ഥാന വികസന പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കുന്നതിൽ പ്രത്യേക താത്പര്യം എടുക്കുന്ന മോദി സർക്കാർ രാജ്യത്ത് ഹൈവേ നിർമ്മാണ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിൽ അതീവ നിഷ്കർഷ പുലർത്താറുണ്ട്. പ്രതികൂല കാലാവസ്ഥയിൽ ആഴ്ചകളോ മാസങ്ങളോ ഒറ്റപ്പെട്ട നിലയിൽ കഴിയേണ്ടിവരുന്നവർ ഈ ഭൂഭാഗങ്ങളിൽ ധാരാളമുണ്ട്. മലനിരകളിൽ റോഡുകൾ നിർമ്മിക്കുന്നതിൽ അസാധാരണ പാടവമുള്ള ബോർഡർ റോഡ് ഓർഗനൈസേഷൻ ഇതിനു മുമ്പും പർവത പ്രദേശങ്ങളിൽ റോഡുകളും പാലങ്ങളുമൊക്കെ സമയബന്ധിതമായി നിർമ്മിച്ച് ദേശീയശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. അടൽ തുരങ്കപ്പാത നിർമ്മാണത്തിന് നേതൃത്വം വഹിക്കുന്ന ബി.ആർ.ഒയുടെ ചീഫ് എൻജിനിയർ മലയാളിയും കണ്ണൂർ സ്വദേശിയുമായ പുരുഷോത്തമനാണെന്നത് കേരളത്തിനും അഭിമാനിക്കാനുള്ള വക നൽകുന്നു. അവസാന ഘട്ടത്തിൽ ഏറെ പ്രതിബന്ധങ്ങൾ നേരിട്ടുകൊണ്ടുതന്നെ പാത നിർമ്മാണം പൂർത്തിയാക്കുന്നതിൽ അദ്ദേഹത്തിന്റെ കീഴിലുള്ള ജീവനക്കാർ സ്തുത്യർഹമായ മികവു കാണിച്ചു.
റോത്തങ്ങ് ചുരത്തിൽ നിർമ്മിച്ച ഒൻപതു കിലോമീറ്ററിലധികം ദൈർഘ്യമുള്ള തുരങ്കപ്പാത എൻജിനിയറിംഗ് വിസ്മയമായി നിൽക്കുമ്പോൾ വർഷങ്ങളായി നമ്മുടെ നാട്ടിൽ നടന്നുകൊണ്ടിരിക്കുന്ന തൃശൂരിലെ കുതിരാൻ തുരങ്കപ്പാതയുടെ കാര്യം ഓർക്കേണ്ടിവരുന്നു. ഒരു ദശാബ്ദത്തിലധികമായി വാഹനയാത്രക്കാരെ ഇളിച്ചുകാട്ടി നിൽക്കുന്ന കുതിരാൻ തുരങ്കപ്പാത ഇന്നു തീരും നാളെ തീരും എന്ന മട്ടിൽ നിൽക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. ഏറ്റവും ഒടുവിൽ കേട്ടത് ഇക്കഴിഞ്ഞ ജൂലായ് 15-ന് പാത തുറക്കുമെന്നാണ്. അതു നടന്നില്ല. വടക്കാഞ്ചേരിയിൽ കുതിരാനിൽ നിർമ്മിച്ചുകൊണ്ടിരിക്കുന്ന തുരങ്കപ്പാതയ്ക്കു ഒരു കിലോമീറ്റർ പോലും ദൈർഘ്യമില്ല. കേരളത്തിലെ ആദ്യ തുരങ്കപ്പാത എന്ന പെരുമയുമായി നിൽക്കുന്ന ഇതിന്റെ നിർമ്മാണം എത്രയോ തവണ പല കാരണങ്ങളാൽ മുടങ്ങി. തൃശൂർ - പാലക്കാട് ദേശീയപാതയിലെ ഗതാഗതക്കുരുക്കും അപകടങ്ങളും കുറയ്ക്കാൻ വേണ്ടിയാണ് തുരങ്കപ്പാത എന്ന ആശയം ഉടലെടുത്തത്. സമയബന്ധിതമായി പണി പൂർത്തിയായിരുന്നുവെങ്കിൽ എത്രമാത്രം അനുഗ്രഹമാകുമായിരുന്നു എന്ന് ഓർത്തുപോകുന്നു. ഒരു ചെറിയ പാലം കെട്ടാൻ പോലും നാലും അഞ്ചും വർഷമെടുക്കുന്ന നാട്ടിൽ ഇതൊക്കെ സാധാരണ സംഭവമെന്ന നിലയിലാണ് സമൂഹത്തിന്റെയും പ്രതികരണം. ആലപ്പുഴയിൽ അഞ്ചുകിലോമീറ്ററിൽ താഴെ മാത്രം ദൈർഘ്യം വരുന്ന ഒരു ബൈപാസ് നിർമ്മാണം മുപ്പതുവർഷത്തിലധികമായി നടന്നുകൊണ്ടിരിക്കുകയാണ്. ഇപ്പ ശര്യാക്കിത്തരാമെന്ന് വാഗ്ദാനം നൽകി പാർലമെന്റിൽ പോയവരുണ്ട്. രണ്ടുവട്ടം അതിനുശേഷം തിരഞ്ഞെടുപ്പ് നടന്നിട്ടും ബൈപാസ് പൂർത്തിയായില്ല. ഈ വരുന്ന മാർച്ചിനു മുമ്പ് പൂർത്തിയാകുമെന്നാണു ഏറ്റവും ഒടുവിൽ കേട്ടത്. എല്ലാ വർഷവും മാർച്ചും ഏപ്രിലുമൊക്കെ ഉള്ളതിനാൽ പറഞ്ഞു നിൽക്കാവുന്നതേയുള്ളൂ.