കൊച്ചി: ലിംഗഭേദമില്ലാതെ തുല്യമൂല്യമുള്ള ജോലികൾക്ക് തുല്യവേതനമെന്ന മുദ്രാവാക്യത്തിന് ഐക്യരാഷ്ട്രസഭയുടെ ഐക്യദാർഢ്യം. സെപ്തംബർ 18 ''അന്താരാഷ്ട്ര തുല്യശമ്പളദിന''മായി ആചരിച്ചുകൊണ്ടാണ് യു.എൻ. പുതിയ പ്രഖ്യാപനം നടത്തിയത്. ഇനി മുതൽ എല്ലാവർഷവും സെപ്തംബർ 18ന് തുല്യശമ്പളദിനമായി ആചരിക്കാനും യു.എൻ.ആഹ്വാനം ചെയ്തു.
മനുഷ്യാവകാശങ്ങളോടുള്ള പ്രതിബദ്ധത വെളിവാക്കുന്നതിനൊപ്പം സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ വിവേചനങ്ങളെ ചെറുക്കുന്നതിനുള്ള ആഹ്വാനവുമായാണ് പുതിയദിനാചരണം കൊണ്ട് ലക്ഷ്യമിടുന്നതെന്ന് യു.എൻ. ഇത് സംബന്ധിച്ച് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.
ആഗോളതലത്തിൽ ലിംഗ - വേതന അന്തരം 23 ശതമാനമാണെന്നാണ് യു.എൻ. വിലയിരുത്തൽ. തുല്യമൂല്യമുള്ള ജോലിയിൽ പുരുഷന്മാർക്ക് ലഭിക്കുന്ന ഓരോഡോളറിന്റെയും സ്ഥാനത്ത് 77 സെന്റ് മാത്രമെ സ്ത്രീകൾക്ക് ലഭിക്കുന്നുള്ളു. ഈ നിരക്ക് തുടർന്നാൽ, ആഗോള ലിംഗവേതന വ്യത്യാസം പരിഹരിക്കാൻ വർഷങ്ങളെടുക്കും. കുറഞ്ഞ ശമ്പളമുള്ള, കുറഞ്ഞ നൈപുണ്യമുള്ള ജോലികളിൽ സ്ത്രീകൾ കൂടുതൽ അരക്ഷിതാവസ്ഥയുള്ളവരും തീരുമാനമെടുക്കുന്ന റോളുകളിൽ പ്രാതിനിധ്യം കുറഞ്ഞവരുമാണ്. പാചകം, വീടും പരിസരവും വൃത്തിയാക്കൽ വെള്ളവും വിറകും ശേഖരിക്കൽ, കുട്ടികളെയും പ്രായമായവരെയും പരിപാലിക്കൽ എന്നിങ്ങനെ ശമ്പളമില്ലാത്ത ഗാർഹിക പരിചരണ ജോലികളിൽ പുരുഷന്മാരേക്കാൾ കുറഞ്ഞത് രണ്ടര ഇരട്ടിയാണ് സ്ത്രീകളുടെ ജോലിഭാരം.
സ്ത്രീകളും പുരുഷന്മാരും തമ്മിലുള്ള ചരിത്രപരവും ഘടനാപരവുമായ അസമത്വം, ദാരിദ്ര്യം, മറ്റ് അസമത്വങ്ങൾ, സ്ത്രീകളുടെയും പെൺകുട്ടികളുടെയും കഴിവുകൾ പരിഭോഷിപ്പിക്കുന്നതിനും പുതിയ അവസരങ്ങളിലേക്കും സാദ്ധ്യതകളിലേക്കും അവരെ നയിക്കുന്നതിലുള്ള പോരായ്മകൾ എന്നിവയൊക്കെയാണ് നിലവിലുള്ള അസമത്വത്തിന് കാരണം. അത് പരിഹരിക്കുന്നതിന് യുണൈറ്റഡ് നേഷൻസ്, യുഎൻ വനിതാ ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ (ഐ.എൽ.ഒ), പൊതുസമൂഹം, ഫെമിനിസ്റ്റ് ഗ്രൂപ്പുകൾ, തൊഴിൽ സംഘടനകൾ എന്നിവർ ഉൾപ്പെടെ മുഴുവൻ ലോകസമൂഹത്തിന്റെയും പരിശ്രമവും അദ്ധ്വാനവും ആവശ്യമാണെന്നും ദിനാചരണം ആഹ്വാനം ചെയ്യുന്നു.
ലിംഗവിവേചനം
# 65 വയസിനുമുകളിൽ പ്രായമുള്ള 220 ദശലക്ഷം സ്ത്രീകൾക്ക് സ്ഥിരവരുമാനമില്ല
#തൊഴിൽ ഇല്ലായ്മ ആഗോളശരാശരി -5.8 ശതമാനം, പുരു.- 5.5. ശതമാനം, സ്ത്രീകൾ- 6.2 ശതമാനം
# യുവാക്കളുടെ തൊഴിലില്ലായ്മ ആഗോളശരാശരി 13.1 ശതമാനം, പുരു. 12.5 ശതമാനം, സ്ത്രീ- 13.9 ശതമാനം.
# സ്ത്രീകളുടെ തൊഴിൽ വിഭജനം: സേവനം -61.5 ശതമാനം, വ്യവസായം- 13.5 ശതമാനം, കൃഷി- 25 ശതമാനം.
# സ്ത്രീകളുടെ നേതൃത്വപദവി: പാർലമെന്റ് 23 ശതമാനം