തിരുവനന്തപുരം: ഇന്നലെ പ്രഖ്യാപിച്ച ഇരുപത്തിയെട്ടാമത് സംസ്ഥാന ടെലിവിഷൻ പുരസ്കാരങ്ങളിൽ ഏഴെണ്ണം കൗമുദി ടി.വി സ്വന്തമാക്കി. ശ്രീനാരായണഗുരുവിന്റെ ഇതിഹാസോജ്ജ്വലമായ ജീവിതം പ്രമേയമാക്കി മഞ്ചു വെള്ളായണി തിരക്കഥയെഴുതി ഡോ.എസ് മഹേഷ് സംവിധാനം ചെയ്ത് കൗമുദി ടിവി നിർമ്മിച്ച 'മഹാഗുരു' പരമ്പരയ്ക്ക് അഞ്ച് പുരസ്കാരങ്ങൾ ലഭിച്ചു.
കഥേതര വിഭാഗത്തിൽ മികച്ച അവതാരകനുള്ള പുരസ്കാരത്തിന് (വിദ്യാഭ്യാസ പരിപാടി) കേരളകൗമുദി ഡെപ്യൂട്ടി എഡിറ്റർ വി.എസ് രാജേഷ് അർഹനായി. സ്ട്രെയിറ്റ് ലൈൻ എന്ന അഭിമുഖ പരിപാടിയിൽ വി.എസ്.എസ്.സി ഡയറക്ടർ എസ്.സോമനാഥ് ,ശ്രീചിത്ര മെഡിക്കൽ സെന്റർ സ്ട്രോക്ക് കെയർ വിഭാഗം മേധാവി ഡോ.പി.എൻ.ശൈലജ എന്നിവരുമായി നടത്തിയ അഭിമുഖത്തിനാണ് അവാർഡ് .വിവിധ മേഖലകളിലെ വിദഗ്ദ്ധരുമായുള്ള സംഭാഷണങ്ങളിലൂടെ വിജ്ഞാനം പകരുന്നതിൽ അഭിമുഖകാരൻ മികവ് പുലർത്തിയെന്ന് ജൂറി വിലയിരുത്തി.കഴിഞ്ഞ വർഷത്തെ മികച്ച ടി.വി അവതാരകനുള്ള സംസ്ഥാന മാദ്ധ്യമ പുരസ്കാരവും രാജേഷിന് ലഭിച്ചിരുന്നു.
വാർത്താ ഇതര പരിപാടിയുടെ അവതാരകനായി പ്രശസ്തമായ സ്നേക്ക് മാസ്റ്റർ പരിപാടിയുടെ അവതാരകൻ വാവ സുരേഷ് തിരഞ്ഞെടുക്കപ്പെട്ടു.10,000 രൂപയും പ്രശസ്തിപത്രവും ശില്പവുമാണ് അവാർഡ്.കിഷോർ കരമനയാണ് സ്നേക്ക് മാസ്റ്ററുടെ പ്രൊഡ്യൂസർ.
മികച്ച ഡബിംഗ് ആർട്ടിസ്റ്റ് (മെയിൽ) ശങ്കർ ലാൽ ( മഹാഗുരു), ഡബിംഗ് ആർട്ടിസ്റ്റ് (ഫീമെയിൽ) രോഹിണി എ.പിളള (മഹാഗുരു), എന്നിവരും അർഹരായി.(10,000 രൂപയും പ്രശസ്തിപത്രവും ശില്പവും)മികച്ച ഛായാഗ്രാഹകൻ (ലോവൽ.എസ്, മഹാഗുരു)(15,000രൂപയും പ്രശസ്തിപത്രവും ശില്പവും) മികച്ച ബാലതാരം (ലെസ്വിൻ ഉല്ലാസ്, മഹാഗുരു), (10,000 രൂപയും പ്രശസ്തിപത്രവും ശില്പവും). മികച്ച കലാസംവിധായകൻ (ഷിബുകുമാർ, മഹാഗുരു) (15,000രൂപയും പ്രശസ്തിപത്രവും ശില്പവും)എന്നിവയാണ് മറ്റ് അവാർഡുകൾ.
സാംസ്കാരിക മന്ത്രി എ.കെ ബാലൻ ആണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.