തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയുടെ രണ്ടാമത്തെ ബി.ടെക് ബാച്ചിന്റെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചപ്പോൾ മികച്ച വിജയം നേടിയത് പെൺകുട്ടികൾ. പരീക്ഷ എഴുതിയ 13694 പേരിൽ 8515 പേരും വിജയിച്ചു. ആകെ വിജയശതമാനം 46.53ആണ്. ആൺകുട്ടികളുടെ വിജയശതമാനം 36.2. സർക്കാർ കോളേജുകളിൽ 62.93, എയ്ഡഡിൽ 65, സർക്കാർ നിയന്ത്രിത സ്വാശ്രയത്തിൽ 50.06, സ്വാശ്രയ കോളേജുകളിൽ 41.60 ശതമാനം പേർ വിജയിച്ചു. ഏറ്റവും വിജയം കമ്പ്യൂട്ടർ സയൻസ് ബ്രാഞ്ചിലാണ് (52.64%). ഏറ്രവുമധികം കുട്ടികൾ വിജയിച്ചത് എറണാകുളം മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ (80.85%). പട്ടിക വിഭാഗത്തിലെ 1225 വിദ്യാർത്ഥികളിൽ 275 പേരും ലാറ്ററൽ എൻട്രി വിഭാഗത്തിലെ 2246ൽ 901 പേരും വിജയിച്ചു.
തിരുവനന്തപുരം ഗവ. എൻജിനീയറിംഗ് കോളേജിലെ മെക്കാനിക്കൽ വിദ്യാർത്ഥി അഖിൽ പി മോഹൻ (9.94), കോതമംഗലം എം.എ. കോളേജ് മെക്കാനിക്കൽ വിദ്യാർത്ഥി അലക്സാണ്ടർ ജോസഫ് വി പോൾ (9.85), കൊല്ലം ടി.കെ.എം. കോളേജിലെ സിവിൽ വിദ്യാർത്ഥിനി ആയിഷ എസ് അഹമ്മദ് (9.84)എന്നിവർക്കാണ് ഉയർന്ന ഗ്രേഡുകൾ ലഭിച്ചത്. വിജയിച്ചവരുടെ പ്രൊവിഷണൽ സർട്ടിഫിക്കറ്റ് വരുന്ന 25 ന് മുൻപ് കോളേജുകളിലെത്തിക്കും. ബിരുദ സർട്ടിഫിക്കറ്റിനുള്ള അപേക്ഷ ഒരുമാസത്തിന് ശേഷം സ്വീകരിക്കും. ഇവ ഡിജിറ്റൽ രൂപത്തിൽ നാഷണൽ അക്കാഡമിക് ഡെപ്പോസിറ്ററിയിൽ ലഭ്യമാക്കും.