കണ്ണൂർ : ഗുരുദേവന്റെ ശില്പം പൂർത്തിയായതോടെ ഒരായുസിന്റെ സന്തോഷത്തിലാണ് ഉണ്ണി കാനായി. രണ്ടര വർഷത്തെ കഠിന പ്രയത്നം. തന്റെ ശില്പകലാ ജീവിതത്തിലെ ഏറ്റവും ഉദാത്തമായ പ്രതിമ അവസാന മിനുക്ക് പണികളും കഴിഞ്ഞ് തിരുവനന്തപുരത്ത് എത്തിച്ചു.
'നമുക്ക് ജാതിയില്ല' വിളംബരത്തിന്റെ നൂറാം വാർഷിക സ്മരണയ്ക്കായി സാംസ്കാരിക വകുപ്പ് തിരുവനന്തപുരം മ്യൂസിയത്തിന് എതിർവശത്തുള്ള ഒബ്സർവേറ്ററി ഹിൽസിൽ സ്ഥാപിക്കുന്ന പ്രതിമ മഹാസമാധി ദിനമായ നാളെ രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയൻ അനാവരണം ചെയ്യും.
കണ്ണൂർ പയ്യന്നൂർ കാനായി സ്വദേശിയായ ഉണ്ണിക്ക് ഗുരുവിന്റെ അനുഗ്രഹം പോലെ വന്ന ഒരു ദൗത്യമായിരുന്നു അത്. ഗുരുവിന്റെ പ്രതിമ ചെയ്യണമെന്ന് ആഗ്രഹിച്ചിരിക്കുമ്പോഴാണ് സർക്കാർ ഈ നിയോഗം ഉണ്ണിക്ക് നൽകുന്നത്. കേരളത്തിലെ നിരവധി ഗുരുദേവ പ്രതിമകൾ പോയി കണ്ടു. ഛായാചിത്രങ്ങൾ പരിശോധിച്ചു. ആ തേജോരൂപം മനസിൽ വാർത്തുവച്ചു.
കളിമണ്ണിൽ തീർത്ത ആദ്യ മാതൃക സാംസ്കാരിക വകുപ്പ് ഡയറക്ടർ ടി. ആർ.സദാശിവൻ നായരും സംഘവും ഉണ്ണിയുടെ പണിപ്പുരയിലെത്തി കണ്ടു. പിന്നീട് സാംസ്കാരിക മന്ത്രി എ.കെ. ബാലനും സ്വാമി ശുഭാംഗാനന്ദയും അംഗീകാരം നൽകി. വെങ്കല പ്രതിമയുടെ നിർമ്മാണ പുരോഗതി ഇരുവരും വീഡിയോ കാൾ വഴി വിലയിരുത്തുന്നുണ്ടായിരുന്നു. എട്ട് അടി ഉയരമുള്ള ശില്പത്തിന് എട്ടര ക്വിന്റലാണ് തൂക്കം.
പ്രതിമ സ്ഥാപിക്കുന്ന ശ്രീനാരായണ ഗുരു പാർക്കും ഉണ്ണിയാണ് രൂപകല്പന ചെയ്തത്. ഇതിന്റെ ചുറ്റുമതിലിൽ ഗുരുദേവന്റെ ജീവിതമുഹൂർത്തങ്ങൾ 700 ചതുരശ്ര അടിയിൽ ചുമർ ശില്പങ്ങളാക്കും.
പരേതനായ ചെത്ത് തൊഴിലാളി ഇ. പത്മനാഭന്റെയും അക്കാളത്ത് ജാനകിയുടെയും മകനാണ് ഉണ്ണി. ശില്പനിർമ്മാണം ഒരു ഇൻസ്റ്റിറ്റ്യൂട്ടിലും പഠിച്ചിട്ടില്ല. പലയിടത്തും കണ്ടുപഠിച്ചതാണ്. പിന്നെ നൈസർഗികമായ കഴിവും. സർക്കാരിന്റെ സ്വാമി വിവേകാനന്ദൻ യുവ പ്രതിഭാ പുരസ്കാരവും ക്ഷേത്രകലാ അക്കാഡമി പുരസ്കാരവും ലഭിച്ചിട്ടുണ്ട്. ജസ്നയാണ് ഭാര്യ. അർജുൻ, ഉത്തര എന്നിവർ മക്കൾ.
' ' ഗുരുദേവ പ്രതിമ ചെയ്യണമെന്നത് കുട്ടിക്കാലം മുതലുള്ള സ്വപ്നമാണ്. ഇപ്പോഴെങ്കിലും അതു പൂർത്തിയാക്കാൻ കഴിഞ്ഞല്ലോ. ഗുരുദേവന്റെ അനുഗ്രഹമാണ്.''
--ഉണ്ണി കാനായി