തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പുതിയ അഞ്ചംഗ ഭരണ സമിതിയിലേക്ക് സംസ്ഥാന സർക്കാർ പ്രതിനിധിയായി പ്രൊഫ.പി.കെ.മാധവൻ നായരെ സർക്കാർ നിയമിച്ചു. മണക്കാട് സ്വദേശിയായ മാധവൻ നായർ മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷൻ ഡയറക്ടർ കൂടിയാണ്. സുപ്രീംകോടതി വിധി പ്രകാരം ജില്ലാ ജഡ്ജ് ചെയർമാനായ അഞ്ചംഗ ഭരണ സമിതിയാണ് ക്ഷേത്രത്തിനുണ്ടാവുക. ഇതുകൂടാതെ കൊട്ടാരം പ്രതിനിധി, തന്ത്രി, കേന്ദ്ര സർക്കാർ പ്രതിനിധി എന്നിവരും കമ്മിറ്റിയിലുണ്ടാവും. കേന്ദ്ര സർക്കാർ പ്രതിനിധിയെ ഇതുവരെ നിയമിച്ചിട്ടില്ല. ആദിത്യ വർമ്മകൊട്ടാരം പ്രതിനിധിയാകുമെന്നാണ് സൂചന. ക്ഷേത്ര ഉപദേശ സമിതിയിലേക്ക് റിട്ട ഹൈക്കോടതി ജഡ്ജി എൻ.കൃഷ്ണൻനായരെ നിയോഗിച്ചിട്ടുണ്ട്. ഉപദേശ സമിതിയിൽ കൊട്ടാരം പ്രതിനിധിയായി മുൻ ടൂറിസം സെക്രട്ടറി ടി.ബാലകൃഷ്ണൻ വരുമെന്നാണ് സൂചന. ഇവർ രണ്ടുപേരും ചേർന്ന് ഒരു ചാർട്ടേഡ് അക്കൗണ്ടന്റിനെ കൂടി നോമിനേറ്ര് ചെയ്യും. കോടതി നിർദ്ദേശ പ്രകാരം ഈ മാസം 23 നുള്ളിൽ കമ്മിറ്രികൾ നിലവിൽ വരണം.