തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് നടത്തുന്ന സമരങ്ങൾക്ക് നേരെയുള്ള പൊലീസ് അക്രമങ്ങളിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ലാത്തി സമർപ്പണം നടത്തി. പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നും ലാത്തിയുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ പ്രകടനം സെക്രട്ടേറിയറ്റിന് സമീപം പൊലീസ് ബാരിക്കേഡ് കെട്ടി തടഞ്ഞു. തുടർന്ന് പ്രതിഷേധ ലാത്തി ബാരിക്കേഡിൽ കെട്ടി പൊലീസിന് സമർപ്പിച്ചാണ് സമരക്കാർ പിരിഞ്ഞത്. പൊലീസ് അതിക്രമത്തിൽ മാരകമായി പരിക്കേറ്റ പ്രവർത്തകരുടെ ചിത്രങ്ങളും ഉയർത്തി പിടിച്ചായിരുന്നു പ്രകടനം. പ്രതിഷേധം സംസ്ഥാന വൈസ് പ്രസിഡന്റ് റിയാസ് മുക്കോളി ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുധീർഷാ പാലോട് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ ഷജീർ നേമം, വിനോദ് കോട്ടുകാൽ, അരുൺ രാജൻ, ജില്ലാ ഭാരവാഹികൾ പങ്കെടുത്തു.