കൊല്ലം: പ്രതിശ്രുത വരൻ വിവാഹത്തിൽ നിന്ന് പിന്മാറിയതിൽ മനംനൊന്ത് കൊട്ടിയത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചതിലും അട്ടിമറിയെന്ന് സംശയം. സിറ്റി പൊലീസ് കമ്മിഷണറുടെ കീഴിൽ കൊട്ടിയം, കണ്ണനല്ലൂർ സി.ഐമാരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണം തൃപ്തികരമല്ലെന്നും അന്വേഷണം സംസ്ഥാന ക്രൈം ബ്രാഞ്ചിന് കൈമാറണമെന്നും ആവശ്യപ്പെട്ട് യുവതിയുടെ ബന്ധുക്കൾ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും നിവേദനം നൽകിയിരുന്നു.അന്വേഷണം കൊല്ലം കമ്മിഷണറുടെ കീഴിലുള്ള ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയതാണ് യുവതിയുടെ കുടുംബത്തെ ആശങ്കയിലാക്കുന്നത്. അഭിഭാഷകനുമായി ആലോചിച്ച് തുടർനടപടി സ്വീകരിക്കുമെന്ന് യുവതിയുടെ പിതാവ് വ്യക്തമാക്കി.
കഴിഞ്ഞമാസം മൂന്നിനാണ് യുവതിയെ വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. പള്ളിമുക്ക് ഇക്ബാൽ നഗർ 155ൽ ഹാരിസ് മൻസിലിൽ ഹാരിസുമായി എട്ട് വർഷമായി യുവതി പ്രണയത്തിലായിരുന്നു. ഹാരിസിന് ജോലി ലഭിക്കുമ്പോൾ വിവാഹം നടത്താമെന്ന ധാരണയിലായിരുന്നു ഇരുകുടുംബവും. ഒന്നര വർഷം മുമ്പ് വളയിടൽ ചടങ്ങ് നടത്തി. ഹാരിസിന്റെ ബിസിനസ് ആവശ്യത്തിന് ആഭരണവും പണവും നൽകി യുവതിയുടെ വീട്ടുകാർ സഹായിച്ചിരുന്നു.
ഇതിനിടെ യുവതിയുടെ ഇളയ സഹോദരിയുടെ വിവാഹവും നടന്നു. ഹാരിസിന് മറ്റൊരു വിവാഹാലോചന വന്നതോടെ മകളെ തഴഞ്ഞെന്നാണ് മാതാപിതാക്കളുടെ ആരോപണം. ഹാരിസിനെയല്ലാതെ മറ്റൊരാളെ വിവാഹം കഴിക്കില്ലെന്ന നിലപാടിലായിരുന്നു യുവതി. യുവതിയും ഹാരിസും തമ്മിലുള്ള ഫോൺ സംഭാഷണത്തിന്റെ രേഖകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.
ആത്മഹത്യാപ്രേരണയ്ക്കും പീഡനത്തിനും അറസ്റ്റിലായ ഹാരിസിനെ രണ്ട് ദിവസത്തെ കസ്റ്റഡിയിൽ വാങ്ങിയിരുന്നു. എന്നാൽ പൊലീസ് സംഘത്തിലെ രണ്ടുപേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാലാണ് നിരീക്ഷണത്തിലായ ഹാരിസിനെ ചോദ്യം ചെയ്യാനാകാത്തത്. കസ്റ്റഡി കാലാവധി അവസാനിച്ചതോടെ ഇയാളെ ഇന്നലെ വീണ്ടും കോടതിയിൽ ഹാജരാക്കി.
സീരിയൽ നടി യുവതിയെ കൊണ്ടുപോയതെന്തിന്
ഹാരിസിന്റെ ജ്യേഷ്ഠന്റെ ഭാര്യയായ സീരിയൽ നടി ഷൂട്ടിംഗ് ലൊക്കേഷനുകളിൽ യുവതിയെ ഒപ്പം കൊണ്ടുപോയതിൽ ദുരൂഹതയുണ്ടെന്നാണ് വീട്ടുകാരുടെ ആരോപണം. സീരിയൽ നടിയെ ഒരുതവണ ചോദ്യം ചെയ്തിരുന്നു. ലൊക്കേഷനുകളിൽ തന്റെ കുഞ്ഞിനെ നോക്കാനാണ് യുവതിയെ കൊണ്ടുപോയതെന്നാണ് നടിയുടെ മൊഴി.
ഹാരിസിൽ നിന്ന് ഗർഭിണിയായെന്ന് യുവതി വെളിപ്പെടുത്തിയിരുന്നു. ഗർഭച്ഛിദ്രവുമായി തനിക്ക് ബന്ധമില്ലെന്നും ഇരുവരും പരസ്പരസമ്മതത്തോടെ നടത്തിയതാകാമെന്നുമാണ് നടി പറഞ്ഞത്. ബംഗളൂരുവിലെ ഒരു ആശുപത്രിയിലാണ് ഗർഭച്ഛിദ്രം നടത്തിയത്. ഷൂട്ടിംഗിന്റെ പേരിൽ ദിവസങ്ങളോളം യുവതിയെ ലൊക്കേഷനുകളിലേക്കെന്ന പേരിൽ കൂട്ടിക്കൊണ്ടുപോയത് എവിടേക്കായിരുന്നുവെന്ന് കണ്ടെത്തേണ്ടതുണ്ട്. യുവതിയുടെയും നടിയുടെയും മൊബൈൽ കോൾ വിശദാംശങ്ങളും അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്.
ഗർഭച്ഛിദ്രത്തിന് വ്യാജ വിവാഹ സർട്ടിഫിക്കറ്റ്
ഗർഭച്ഛിദ്രം നടത്താൻ ഹാരിസ് വ്യാജ വിവാഹസർട്ടിഫിക്കറ്റുണ്ടാക്കിയെന്നാണ് വിവരം. യുവതിയുടെ പിതാവ് പാസ്പോർട്ട് എടുക്കുന്നതിനായി 2010ൽ കൊല്ലൂർവിള ജുമാമസ്ജിദിൽ നിന്ന് വിവാഹ സർട്ടിഫിക്കറ്റ് വാങ്ങിയിരുന്നു. യുവതിയുടെ വീട്ടിൽ വന്നുപോകാറുണ്ടായിരുന്ന ഹാരിസ് ഈ സർട്ടിഫിക്കറ്റ് കൈക്കലാക്കി അതുപയോഗിച്ച് വ്യാജ സർട്ടിഫിക്കറ്റ് ചമയ്ക്കുകയായിരുന്നു. ഈ സർട്ടിഫിക്കറ്റാണ് ഹാരിസ് ആശുപത്രിയിൽ ഹാജരാക്കിയതെന്ന് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. വ്യാജരേഖ ചമയ്ക്കലിനും ഹാരിസിനെതിരെ കേസെടുത്തു.