ആലപ്പുഴ: കുട്ടനാടിന്റെ കാർഷിക കലണ്ടർ പ്രഖ്യാപനം കൃഷിമേഖലയ്ക്ക് പുത്തൻ ഉണർവ് നൽകുമെന്ന് മുഖ്യമന്ത്റി പിണറായി വിജയൻ പറഞ്ഞു. പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ് കുട്ടനാട് അന്തർദ്ദേശീയ കായൽ കൃഷി ഗവേഷണ പരിശീലന കേന്ദ്രം വഴി തയ്യാറാക്കിയ 'തണ്ണീർമുക്കം ബണ്ടും കാർഷിക കലണ്ടറും കുട്ടനാടിന്റെ പരിസ്ഥിതി പുനഃസ്ഥാപനവും' പഠന റിപ്പോർട്ട് പ്രകാശനവും കുട്ടനാടിന്റെ കാർഷിക കലണ്ടറിന്റെ പ്രഖ്യാപനവും നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്റി. മൺറോതുരുത്തിൽ നടത്തുന്ന മാതൃകാ കാലാവസ്ഥാ അനുരൂപ കാർഷിക പദ്ധയുടെ പ്രവർത്തനോദ്ഘാടനവും ഓൺലൈനായി അദ്ദേഹം നിർവഹിച്ചു.
സർക്കാരിന്റെ 100 ദിന പരിപാടിയിൽ ഉൾപ്പെട്ട രണ്ടാം കുട്ടനാട് പാക്കേജിന്റെ ഭാഗമായാണ് കുട്ടനാട്ടിലെ കാർഷിക കലണ്ടർ പുറത്തിറക്കുന്നത്. ഇത് കാർഷിക കേരളത്തിന് തന്നെ ഏറെ പ്രതീക്ഷ നൽകുന്നതാണ്. മത്സ്യ,കക്ക മേഖലകളെ കൂടി പരിഗണിച്ചാകും കലണ്ടർ അനുസരിച്ചുള്ള പ്രവർത്തനങ്ങൾ. പുഞ്ചക്കൃഷി കൂടുതൽ വ്യാപിപ്പിക്കുന്ന രീതിയിലാണ് കുട്ടനാടിന്റെ കാർഷിക കലണ്ടർ തയ്യാറാക്കിയിരിക്കുന്നതെന്ന് കൃഷിമന്ത്റി വി.എസ്. സുനിൽ കുമാർ അദ്ധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.