കണ്ണൂർ: വിവാഹവസ്ത്രത്തിനും ആഭരണത്തിനും പാടുപെടേണ്ടിവരുന്ന നിർദ്ധന പെൺകുട്ടികളുടെ കണ്ണീരൊപ്പുകയാണ് പാപ്പിനിശ്ശേരി അഞ്ചാം പീടിക സ്വദേശി എ.കെ.സബിത.വെറും മണിക്കൂറുകൾ മാത്രം ഉപയോഗിക്കുന്ന വിവാഹ വസ്ത്രം താൽപ്പര്യമുള്ളവരിൽ നിന്നും ശേഖരിച്ച് പാവപ്പെട്ട പെൺകുട്ടികൾക്ക് കൈമാറുകയാണിവർ.കഴിഞ്ഞ ഒരു മാസം മാത്രം 90 പെൺകുട്ടികൾക്കാണ് സബിതയുടെ സഹായം ലഭിച്ചത്.
അതിനായ് താൻ എട്ട് വർഷമായി വീടിനോട് ചേർന്ന് നടത്തി വരുന്ന റെയിൻ ബോ ദി വുമൺ ഒൗട്ട് ഫിറ്റ് എന്ന ബുട്ടിക്കിൽ റെയിൻബോ ഫ്രീ ബ്രൈഡൽ ഒൗട്ട് ഫിറ്റ് എന്ന പേരിൽ മറ്റൊരു മുറി തയ്യാറാക്കിയിരിക്കുകയാണിവർ.
സബിതയുടെ ഷോപ്പിലെത്തിയാൽ ഇവർക്ക് എത്ര വസ്ത്രങ്ങൾ വേണമെങ്കിലും സൗജന്യമായി കിട്ടും.ഒപ്പം അനുയോജ്യമായ ഫാൻസി ആഭരണങ്ങൾ,ചെരുപ്പ്,ബെഡ് ഷീറ്റ് എന്നിവയും. വിവാഹം കഴിഞ്ഞ് വിരുന്ന് പോകാൻ അണിയേണ്ട വസ്ത്രം വരെ സ്വയം തിരഞ്ഞെടുക്കാം.ഷോപ്പിലെത്തുന്നവർ ആരെന്നോ എവിടെയെന്നോ ആരോടും പറയില്ല.
ലോക്ക് ഡൗൺ സമയത്താണ് ഇത്തരത്തിൽ ഒരു ആശയം ഉദിച്ചതെന്ന് സബിത പറയുന്നു.കടകളെല്ലാം പൂർണ്ണമായി അടഞ്ഞു കിടന്നിരുന്ന സമയത്ത് ഒരു പെൺകുട്ടി വിവാഹ വസ്ത്രം ആവശ്യപ്പെട്ട് വിളിക്കുകയായിരുന്നു. ഇക്കാര്യം വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ പങ്ക് വച്ചതോടെ നിരവധി പേർ പൂത്തൻ വസ്ത്രങ്ങൾ നൽകാൻ വരെ തയ്യാറായി.ലഭിച്ച വസ്ത്രങ്ങളെല്ലാം തന്നെ പുതുമയുടെ കാര്യത്തിലും വിലയുടെ കാര്യത്തിലുടെ ഉയർന്നവയായിരുന്നു.ഒരു ലക്ഷം രൂപയുടെ വിവാഹ വസ്ത്രം വരെ ഇത്തരത്തിൽ ലഭിച്ചു.ഈ വസ്ത്രങ്ങൾ വച്ച് എന്തു കൊണ്ട് ഒരു ബുട്ടീക്ക് തുടങ്ങീക്കൂടായെന്ന ചിന്തയാണ് ഇന്ന് ഒട്ടനവധി പാവപ്പെട്ട പെൺകുട്ടികളുടെ വിവാഹ സങ്കൽപ്പങ്ങൾക്ക് നിറം നൽകിയത്.കണ്ണൂരിൽ ആരംഭിച്ച ഈ സംരംഭം നിരവധി പേരുടെ ആവശ്യ പ്രകാരം ഇപ്പോൾ കോഴിക്കോട്,പയ്യന്നൂർ ,കാസർകോട്,കൊല്ലം,കൊച്ചി എന്നിവിടങ്ങളിലും പ്രവർത്തിക്കുകയാണ്. .ആലപ്പുഴ ,തൃശ്ശൂർ എന്നിവിടങ്ങളിൽ അടുത്ത മാസം തുടങ്ങുമെന്നും സബിത പറഞ്ഞു..
'വസ്ത്രം കൊണ്ട് പോയ പലരും സന്തോഷം കൊണ്ട് വിളിച്ച് കരയാറുണ്ട്.അഗോറ എന്ന വനിതാ ഗ്രൂപ്പ് വഴി നേരത്തെ പാവപ്പെട്ട പെൺകുട്ടികൾക്ക് വിവാഹ വസ്ത്രം എത്തിക്കാറുണ്ട്.എന്നാൽ അത് പലപ്പോളും അവരെ തൃപ്തിപ്പെടുത്താറില്ല.
അപ്പോഴാണ് ഈ ആശയം തോന്നിയത്. ഇപ്പോൾ രണ്ട് ബ്യൂട്ടിഷൻമാർ സൗജന്യമായി മേക്കപ്പ് ചെയ്യാൻ തയ്യാറായി വന്നിട്ടുണ്ട്.ഫാൻസി ആഭരണങ്ങൾ നൽകാനും ഒരാൾ തയ്യാറായിട്ടുണ്ട് "
എ.കെ.സബിത