മലയോര മേഖലയിൽ ഗതാഗത നിയന്ത്രണം
കണ്ണൂർ/കാസർകോട്: ന്യൂനമർദ്ദം രൂപപ്പെട്ടതിന് പിന്നാലെ കണ്ണൂർ,കാസർകോട് ജില്ലകളിൽ കനത്ത മഴ.രണ്ടിടത്തും റെഡ് അലർട്ട് പ്രഖ്യാപിച്ച് അതിജാഗ്രത പുലർത്താൻ ജനങ്ങൾക്ക് രണ്ടിടത്തേയും ജില്ലാകളക്ടർമാർ നിർദ്ദേശം നൽകി. ഇന്നലെയും ഇന്നുമാണ് ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചത്. ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കുന്നത് ഉൾപ്പെടെയുള്ള ക്രമീകരണങ്ങൾ നടത്താൻ തഹസിൽദാർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
പൊതുജനങ്ങളോടും സർക്കാർ സംവിധാനങ്ങളോടും ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, താഴ്ന്ന പ്രദേശങ്ങളിലെ വെള്ളപ്പൊക്കം എന്നിവ മുന്നിൽ കണ്ടുകൊണ്ടുള്ള തയ്യാറെടുപ്പുകൾ നടത്താനും അതീവ ജാഗ്രത പാലിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീഴാനും മഴയിൽ മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാൽ ഇന്നും വൈകിട്ട് ഏഴ് മുതൽ രാവിലെ ഏഴ് വരെ മലയോര മേഖലയിലേക്കുള്ള ഗതാഗതം നിരോധിച്ചു.
മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്.കേരളകർണ്ണാടക തീരദേശം, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിമീ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാദ്ധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
ക്യാമ്പുകൾ നാലുതരം
ക്വാറന്റൈനിൽ കഴിയുന്നവർ, രോഗലക്ഷണമുള്ളവർ, കൊവിഡ് ബാധിക്കുന്നത് മൂലം കൂടുതൽ അപകട സാധ്യതയുള്ളവർ, സാധാരണ ജനങ്ങൾ എന്നിങ്ങനെ നാലുതരത്തിൽ ക്യാമ്പുകൾ സംഘടിപ്പിക്കും. ദുരന്ത നിവാരണ അതോറിറ്റിയാണ് ഈ നിർദേശം നൽകിയിട്ടുള്ളത്.
പ്രത്യേക നിർദേശമുണ്ട്
മാറിത്താമസിക്കാൻ പറഞ്ഞാൽ സഹകരിക്കണം
ക്യാമ്പുകളിലെത്തിയാൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ തയ്യാറാവണം
ദുരന്ത സാധ്യതാ മേഖലയിലുള്ളവർ ഒരു എമർജൻസി കിറ്റ് അടിയന്തരമായി തയ്യാറാക്കി വെക്കണം.
ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങരുത്
ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെൽഫിയെടുക്കയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യാൻ പാടില്ല.
പുഴയോരങ്ങളിൽ താമസിക്കുന്നവരും ശക്തമായ കടലാക്രമണ സാധ്യതയുള്ള തീരദേശ വാസികളും ജാഗ്രത പാലിക്കണം.
മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങൾ ശ്രദ്ധിക്കണം.
കാസർകോട്ട് 24മണിക്കൂറിനുള്ളിൽ 83.22 മില്ലിമീറ്റർ
കാസർകോട്: കനത്ത മഴയിൽ കാസർകോട്ടെ പുഴകളും തോടുകളും കരകവിഞ്ഞു. ബേഡകം പഞ്ചായത്തിലെ കുട്ട്യാനത്ത് ഇന്നലെ പുലർച്ചെ മണ്ണിടിച്ചിലുണ്ടായി. കുട്ട്യാനത്തെ സർവയർ കുഞ്ഞിരാമന്റെ ഒരേക്കറോളം സ്ഥലം മണ്ണിനടിയിലായി.കാർഷികവിളകളും മറ്റും നശിച്ചു.
ചന്ദ്രഗിരി, കാര്യങ്കോട് പുഴ എന്നിവ കരകവിഞ്ഞുതുടങ്ങിയിട്ടുണ്ട്.മലയോരത്ത് അതിജാഗ്രതാനിർദ്ദേശം നൽകിയിട്ടുണ്ട്.ഇന്നും കനത്ത മഴയുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്. കഴിഞ്ഞ 24 മണിക്കൂറിൽ 83.22 മില്ലിമീറ്റർ മഴ ജില്ലയിൽ ലഭിച്ചു. മഴയിൽ രണ്ട് വീട് ഭാഗികമായി തകർന്നിട്ടുണ്ട്.കാലവർഷം ആരംഭിച്ചതുമുതൽ ജില്ലയിൽ ഇതുവരെയായി 3286.38 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്.