കൊല്ലം: കെ.എം.എം.എല്ലിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ പൊലീസ് കസ്റ്റഡിയിൽ കഴിയുന്ന ഗീതാറാണിയെയും സദാനന്ദനെയും ചോദ്യം ചെയ്തപ്പോൾ കൂടുതൽ വിവരങ്ങൾ പുറത്തായി. നിയമന ഉത്തരവുകളും വ്യാജ ലെറ്റർ പാഡുകളും സീലുകളും നിർമ്മിച്ചത് മംഗലാപുരം സ്വദേശി സന്തോഷാണെന്ന് ഗീതാറാണി വെളിപ്പെടുത്തി.
ഒരു ലക്ഷം രൂപ പ്രതിഫലമായി നൽകിയാണ് കെ.എം.എം.എൽ, റെയിൽവേ, മിലിട്ടറി എന്നിവയുടെ പേരിൽ നിയമന ഉത്തരവുകൾ തയ്യാറാക്കിയത്. ഒറ്റപ്പാലം സ്വദേശിയും ഇപ്പോൾ ചെന്നൈയിൽ താമസക്കാരനുമായ രാജേഷാണ് റെയിൽവേ റിക്രൂട്ട്മെന്റ് തട്ടിപ്പുകളുടെ മുഖ്യസൂത്രധാരനെന്ന് ഗീതാറാണി പൊലീസിനോട് സമ്മതിച്ചു.
ഇയാളുടെ നിർദേശപ്രകരമാണ് റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് പലസ്ഥലങ്ങളിൽ തട്ടിപ്പ് നടത്തിയതെന്നാണ് ഗീതാറാണിയുടെ മൊഴി. രാജേഷിനെ പിടികൂടിയാൽ മാത്രമേ മൊഴി ശരിയാണോയെന്ന് ഉറപ്പാക്കാനാകൂ. കേരളത്തിലെ വിവിധ ജില്ലകളിൽ തട്ടിപ്പ് കേസുകളിൽ പ്രതിയായ ഗീതാറാണിക്കെതിരായ കേസുകൾ പലതും കോടതിയുടെ പരിഗണനയിലാണ്. ശിക്ഷിക്കപ്പെടുമെന്ന് ഉറപ്പുള്ള കേസുകളിൽ പരാതിക്കാരുമായി ഒത്തുതീർപ്പിലെത്തുന്നതാണ് രീതി.
കെ.എം.എം.എല്ലിലും റെയിൽവേയിലും മിലിട്ടറിയിലും ജോലി വാഗ്ദാനം ചെയ്ത് അടുത്തിടെ തട്ടിയെടുത്ത പണം മുമ്പ് കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ തട്ടിപ്പിന് വിധേയരായവർക്ക് തിരിച്ചുകൊടുത്തെന്നാണ് പറയുന്നത്. കൂട്ടുപ്രതിയായ സദാനന്ദനെ കമ്മിഷൻ വാഗ്ദാനം ചെയ്താണ് കൂടെക്കൂട്ടിയതെന്ന് ഗീതാറാണി പറഞ്ഞു.
സദാനന്ദൻ വാടകയ്ക്കെടുത്ത കരുനാഗപ്പള്ളി മരുതൂർകുളങ്ങര ക്ഷേത്രത്തിന് സമീപത്തെ വീട്ടിൽ ഇയാളെ എത്തിച്ച് പൊലീസ് തെളിവെടുത്തു. ഇന്നും നാളെയുമായി ചോദ്യം ചെയ്യലും തെളിവ് ശേഖരണവും പൂർത്തിയാക്കി ഇവരെ കോടതിയിൽ തിരികെ നൽകുമെന്ന് പൊലീസ് പറഞ്ഞു. ഇതിനുശേഷം ഐ.എസ്.ആർ.ഒ തട്ടിപ്പ് കേസിൽ ഗീതാറാണിയെ കൊട്ടാരക്കര പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെടും. ചെങ്ങന്നൂർ മുളക്കുഴ സ്വദേശികളായ ഏഴുപേരിൽ നിന്ന് 35 ലക്ഷം രൂപ തട്ടിയെടുത്തതായാണ് കൊട്ടാരക്കരയിലെ കേസ്.