ദുബായ് : ഇതുവരെ കിരീടം നേടാൻ കഴിഞ്ഞിട്ടില്ലാത്ത രണ്ട് ടീമുകളുടെ പോരാട്ടമാണ് ഇന്ന് ഐ.പി.എല്ലിൽ അരങ്ങേറുന്നത് ; ഡൽഹി ക്യാപിറ്റൽസിന്റേയും കിംഗ്സ് ഇലവൻ പഞ്ചാബിന്റേയും. ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയമാണ് മത്സരവേദി. കഴിഞ്ഞ സീസണിൽ പ്ളേഒാഫിൽ കളിച്ചവരാണ് ഡൽഹി ക്യാപിറ്റൽസ്.പഞ്ചാബ് ആറാം സ്ഥാനത്താണ് കഴിഞ്ഞ സീസണിൽ ഫിനിഷ് ചെയ്തിരുന്നത്.
മാച്ച് ഫാക്ട്സ്
1. യുവതാരങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കുന്ന ഡൽഹി ക്യാപിറ്റൽസിനെ നയിക്കുന്നത് ശ്രേയസ് അയ്യരാണ്. നായകനെന്ന നിലയിൽ മികച്ച പ്രകടനമാണ് ശ്രേയസ് കഴിഞ്ഞ സീസണിൽ നടത്തിയത്.
2. റിഷഭ് പന്ത്,പൃഥ്വി ഷാ തുടങ്ങിയ യുവതാരങ്ങൾക്കൊപ്പം ശിഖർ ധവാൻ, അജിങ്ക്യ രഹാനെ,ഇശാന്ത് ശർമ്മ, അമിത് മിശ്ര തുടങ്ങിയ പരിചയ സമ്പന്നരുമുണ്ട്.
3. കഴിഞ്ഞ സീസണിൽ കിംഗ്സ് ഇലവനെ നയിച്ച സ്പിന്നർ രവി ചന്ദ്രൻ അശ്വിൻ ഇക്കുറി ഡൽഹി ക്യാപിറ്റൽസിന്റെ ഭാഗമാണ്.
4. ട്വന്റി-20 സ്പെഷ്യലിസ്റ്റുകളായ ഷിമ്രോൺ ഹെട്മേയർ, അലക്സ് കാരേ,മാർക്കസ് സ്റ്റോയ്നിസ് തുടങ്ങിയവരാണ് വിദേശനിരയിലെ പ്രമുഖർ.
5. മുൻ ആസ്ട്രേലിയൻ നായകൻ റിക്കി പോണ്ടിംഗാണ് ക്യാപിറ്റൽസിന്റെ പരിശീലകൻ. കഴിഞ്ഞ സീസണിലും പോണ്ടിംഗ് ഡൽഹിക്കൊപ്പമായിരുന്നു.
6.മുൻ ഇന്ത്യൻ താരം അനിൽ കുംബ്ളെയാണ് ഇക്കുറി കിംഗ്സ് ഇലവനെ പരിശീലിപ്പിക്കുന്നത്. മൈക്ക് ഹെസ്സന് പകരമാണ് കുംബ്ളെ കോച്ചായെത്തുന്നത്.
7. ഒാപ്പണിംഗ് ബാറ്റ്സ്മാൻ കെ.എൽ രാഹുലാണ് കിംഗ്സ് ഇലവനെ നയിക്കുന്നത്. 13 സീസണുകളിലായി കിംഗ്സ് ഇലവന്റെ പതിമൂന്നാമത്തെ ക്യാപ്ടനാണ് രാഹുൽ. ഐ.പി.എല്ലിൽ ഏറ്റവും കൂടുതൽ ക്യാപ്ടന്മാർ മാറിയ ടീം പഞ്ചാബാണ്.
8.ക്രിസ് ഗെയ്ൽ, ഗ്ളെൻ മാക്സ്വെൽ എന്നീ പരിചയ സമ്പന്നരായ താരങ്ങളുടെ സാന്നിദ്ധ്യമാണ് പഞ്ചാബിനെ വ്യത്യസ്തമാക്കുന്നത്. ഗെയ്ൽ കരീബിയൻ ലീഗിൽ കളിച്ചശേഷവും മാക്സ്വെൽ ഇംഗ്ളണ്ടിനെതിരായ പരമ്പരയ്ക്ക് ശേഷവുമാണ് എത്തുന്നത്.
9.ഷെൽഡൻ കോട്ടെറെൽ, നിക്കോളാസ് പുരാൻ,ക്രിസ് യോർദാൻ,മുജീബുർ റഹ്മാൻ തുടങ്ങിയ വിദേശതാരങ്ങളും കുംബ്ളെയുടെ കൂടാരത്തിലുണ്ട്.
10. പരിചയ സമ്പന്നനായ ഇന്ത്യൻ പേസർ മുഹമ്മദ് ഷമി, മറുനാടൻ മലയാളി താരമായ കരുൺ നായർ, മായാങ്ക് അഗർവാൾ,സർഫ്രാസ് ഖാൻ,ആവേഷ് ഖാൻ തുടങ്ങിയവരും കിംഗ്സ് ഇലവന് വേണ്ടി അണിനിരക്കും.
" ചെറുപ്പക്കാരും പരിചയസമ്പന്നരും ചേർന്ന മികച്ച താരനിരയാണ് ഇപ്പോൾ ഞങ്ങൾക്കുള്ളത്. ഇവരിൽ നിന്ന് പ്ളേയിംഗ് ഇലവനെ തിരഞ്ഞെടുക്കുക എന്നതാണ് ആദ്യ വെല്ലുവിളി. അശ്വിനെയും രഹാനെയെയും പോലുള്ള സീനിയേഴ്സിന് ആദ്യ ഇലവനിൽ സ്ഥാനം പിടിക്കാൻ കഴിയുമോ എന്ന് സംശയമാണ്."
- റിക്കി പോണ്ടിംഗ് ,
ഡൽഹി ക്യാപിറ്റൽസ് കോച്ച്
"ആദ്യമായാണ് ക്യാപ്ടനാകുന്നതെങ്കിലും ആത്മവിശ്വാസത്തോടെ നയിക്കാനും വേഗത്തിൽ തീരുമാനങ്ങളെടുക്കാനും കഴിവുള്ളയാളാണ് കെ.എൽ രാഹുൽ. വിക്കറ്റ് കീപ്പറായും രാഹുലിനെത്തന്നെയാണ് പരിഗണിക്കുന്നത്."
- അനിൽ കുംബ്ളെ ,
പഞ്ചാബ് കിംഗ്സ് കോച്ച്