ലണ്ടൻ : ഇംഗ്ളീഷ് പ്രിമിയർ ലീഗ് ഫുട്ബാളിന്റെ പുതിയ സീസണിലെ ആദ്യ സൂപ്പർ സൺഡേ പോരാട്ടത്തിന് ഇന്ന് അരങ്ങൊരുങ്ങുന്നു. നിലവിലെ ചാമ്പ്യന്മാരായ ലിവർപൂളും മുൻ ചാമ്പ്യന്മാരായ ചെൽസിയുമാണ് ഇന്ന് നേർക്കുനേർ വരുന്നത്. ചെൽസിയുടെ തട്ടകമായ സ്റ്റാംഫോഡ് ബ്രിഡ്ജാണ് മത്സരവേദി.
ഇരുടീമുകളുടെയും സീസണിലെ രണ്ടാമത്തെ മത്സരമാണിത്. ആദ്യ മത്സരത്തിൽ ലിവർപൂൾ 4-3ന് ലീഡ്സ് യുണൈറ്റഡിനെയും ചെൽസി 3-1ന് ബ്രൈറ്റൺ ആൻഡ് ഹോവിനെയും തോൽപ്പിച്ചിരുന്നു.
മൂന്ന് പതിറ്റാണ്ടിന് ശേഷമാണ് ലിവർപൂൾ ഇംഗ്ളീഷ് പ്രിമിയർ ലീഗ് ചാമ്പ്യന്മാരായിരിക്കുന്നത്.
റയലിന് ഇന്ന് ആദ്യ മത്സരം
മാഡ്രിഡ് : സ്പാനിഷ് ലാലിഗ ഫുട്ബാൾ പുതിയ സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ റയൽ മാഡ്രിഡ് റയൽ സോസിഡാഡിനെ നേരിടുന്നു. സോസിഡാഡിന്റെ തട്ടകത്തിൽ വച്ചാണ് മത്സരം. ഇന്ത്യൻ സമയം രാത്രി 12.30നാണ് കിക്കോഫ്. അടുത്തയാഴ്ച വിയ്യാറയലുമാണ് ബാഴ്സലോണയുടെ ആദ്യ മത്സരം.
സീസൺ തുടങ്ങാൻ യുവന്റസും
ടൂറിൻ : ഇറ്റാലിയൻ സെരി എ ഫുട്ബാൾ പുതിയ സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തിന് നിലവിലെ ചാമ്പ്യന്മാരായ യുവന്റസ് ഇന്നിറങ്ങുന്നു. സ്വന്തം തട്ടകത്തിൽ സാംപഡോറിയയെയാണ് ക്രിസ്റ്റ്യാനോയും സംഘവും ഇന്ന് നേരിടാനിറങ്ങുന്നത്. ഇന്ത്യൻ സമയം രാത്രി 12.15നാണ് കിക്കോഫ്.