തൃശൂർ: പ്ലസ് വൺ ഏകജാലകം വഴിയുള്ള ആദ്യഘട്ട അലോട്ട്മെന്റ് പ്രവേശനം അവസാനിച്ചു. 14നാണ് അലോട്ട്മെന്റ് ആരംഭിച്ചത്. ജില്ലയിൽ 23,595 സീറ്റുകളിൽ 19,353 മെറിറ്റ് സീറ്റുകളിലേക്കാണ് പ്രവേശനം നടന്നത്. 4,242 സീറ്റുകളിൽ ഒഴിവുണ്ട്. നിശ്ചിത എണ്ണം അപേക്ഷാർത്ഥികൾ ഇല്ലാത്ത എൽ.സി/എസ്.ഐ.യു.സി/ ആംഗ്ലോ ഇന്ത്യൻ (232), ലത്തീൻ, ക്രിസ്ത്യൻ ഒ.ബി.സി ( 67), ഹിന്ദു ഒ.ബി.സി (13) പട്ടികജാതി (515), പട്ടികവർഗം (2196), വിഭിന്നശേഷി വിഭാഗം (355), അന്ധർ (28) ധീരവ (82), കുശവൻ (132), കുടുംബി (92), ഇബ്യു എസ് (541) എന്നീ വിഭാഗങ്ങളിലായാണ് 4242 ഒഴിവുകളുള്ളത്.
രണ്ടാം ഘട്ട അലോട്ട്മെന്റ് ഈ മാസം 28ന് ആരംഭിച്ച് ഒക്ടോബർ ആറിന് അവസാനിക്കും. മുഖ്യ അലോട്ട്മെൻറുകൾക്ക് ശേഷം സപ്ലിമെന്ററി അപേക്ഷകൾ ഒക്ടോബർ 9ന് ആരംഭിക്കും. തെറ്റായ വിവരം നൽകി ആദ്യ അലോട്ട്മെന്റിൽ കയറിപ്പറ്റിയവർക്ക് ശരിയായ വിവരം നൽകി സപ്ലിമെന്റ് ഘട്ടത്തിൽ അപേക്ഷിക്കാൻ സാധിക്കും. മതിയായ അപേക്ഷാർത്ഥികൾ ഇല്ലാതെ ഒഴിവ് വരുന്ന സംവരണ സീറ്റുകൾ ജനറൽ സീറ്റായി പരിഗണിച്ച് രണ്ടാം ഘട്ട അലോട്ട്മെന്റിൽ ജനറൽ ക്വാട്ടയിൽ നിന്ന് പ്രവേശനം നൽകും.